‘ഉറക്കത്തിനിടെ അമിതമായ കൂർക്കംവലിയും ശ്വാസംമുട്ടലും’; ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്... ശ്വാസകോശ ബോധവൽക്കരണ സെമിനാർ
സുഖമായി കൂർക്കം വലിച്ചുറങ്ങി എന്നു ചിലർ പറയാറുണ്ട്. ഉറക്കത്തിനിടെ അമിതമായ കൂർക്കം വലിയും ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ഞെട്ടി ഉണരുന്നതും ‘കൂർക്കംവലി നിദ്രാസ്തംഭനം’ (ഒബ്സ്ട്രക്ടിവ് സ്‌ലീപ് അപ്നിയ) എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ രോഗാവസ്ഥ ‘സ്‌ലീപ് സ്റ്റഡി’യിലൂടെ തിരിച്ചറിയാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്കു ഹൃദയാഘാതവും പക്ഷാഘാതവും സംഭവിക്കാറുണ്ട്. അമിതവണ്ണവും ജീവിത ശൈലീരോഗങ്ങളും ഉള്ളവരാണെങ്കിൽ ആരോഗ്യം കൂടുതൽ വഷളാകും.’ - സ്‌ലീപ് സ്റ്റഡി നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഡോ. വിനായക് നന്ദനൻ വിശദീകരിക്കുന്നത്.
ശ്വാസകോശ രോഗങ്ങളെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിന് തൊടുപുഴ സ്മിത ആശുപത്രിയിൽ നടത്തിയ സെമിനാറിൽ ചർച്ച ചെയ്തത് ഗൗരവമുള്ള വിഷയങ്ങളായിരുന്നു. സ്മിത ഹോസ്പിറ്റലിലെ ശ്വാസകോശ വിഭാഗത്തിലെ ഡോ. വിനായക് നന്ദനൻ, ഡോ. ആരതി ആർ. നായർ എന്നിവർ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങളും ചികിത്സയും വിശദീകരിച്ചു. എല്ലാ ചുമയും ആസ്ത്‍മയല്ല. രോഗലക്ഷണം മാത്രമാണു ചുമ. ചുമയുണ്ടാകാനുള്ള മൂലകാരണത്തെ കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പ്രധാനം. തണുപ്പും പൊടിയും പുകയും കടുത്ത ഗന്ധവും തട്ടുമ്പോൾ ഉണ്ടാകുന്ന ചുമ ആസ്ത്‌മയുടെ ലക്ഷണമാകാം. എങ്കിൽപ്പോലും എല്ലാ ചുമയും ആസ്ത്‌മയല്ലെന്നു തിരിച്ചറിയണം.
ജന്മനാ ഉണ്ടാകാവുന്ന ശ്വാസകോശരോഗങ്ങൾ, അലർജിമൂലം ഉണ്ടാകുന്ന ചുമ, പുക കാരണം ശ്വാസകോശത്തിൽ സംഭവിക്കാനിടയുള്ള ക്രോണിക് ഒബ്സ്ട്രക്ടിവ് പൾമണറി ഡിസീസ് എന്നിവ കൃത്യമായ ചികിത്സയിലൂടെ പരിഹരിക്കാവുന്ന രോഗങ്ങളാണ്. സ്മിത ആശുപത്രിയിൽ ശ്വാസകോശസംബന്ധിയായ രോഗ നിർണയത്തിനുള്ള നൂതന സംവിധാനങ്ങളും ലെവൽ വൺ സ്‌ലീപ്പ് ലാബും പ്രവർത്തിക്കുന്നുണ്ട്.
ശ്വാസകോശത്തിൽ സംഭവിക്കുന്ന അണുബാധയാണു ന്യുമോണിയ. ബാക്ടീരിയൽ ന്യുമോണിയയാണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന രോഗമെങ്കിലും വൈറസും ഫംഗസും ന്യുമോണിയ രോഗത്തിനു കാരണമാകാം. ചികിത്സയോടു പ്രതികരിക്കാത്ത മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയുള്ള ന്യുമോണിയയാണ് ഇപ്പോൾ ഡോക്ടർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഡോ. വിനായക് നന്ദനൻ പ്രതിപാദിച്ചു. അതുപോലെ തന്നെ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു ന്യുമോണിയയാണു ക്ഷയരോഗം. കഫം പരിശോധിക്കുന്നതിലൂടെ നേരത്തേ തന്നെ രോഗം തിരിച്ചറിയാം. എന്നാൽ, മരുന്നുകളോടു പ്രതികരിക്കാത്ത ബാക്ടീരിയകൾ മൂലമുള്ള ക്ഷയം വെല്ലുവിളിയായി തുടരുന്നു. അതുപോലെ തന്നെ, വിട്ടുമാറാത്ത വരണ്ട ചുമ ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് (ഐഎൽഡി) എന്ന രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാണ്. പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ വരുന്ന ഇഡിയോപതിക് പൾമണറി ഫൈബ്രോസിസ് ആണ് ഇതിൽ പ്രധാനം.
വീടിനുള്ളിൽ നിന്നു ബാധിക്കാൻ സാധ്യതയുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ചാണ് ഡോ. ആരതി ആർ. നായർക്കു മുന്നറിയിപ്പു നൽകാനുള്ളത്. ‘അടുപ്പിനരികെ ഏറെക്കാലം നിൽക്കുന്നവർ പുകയും കരിയും അകത്തു ചെന്ന് ശ്വാസകോശ രോഗികളായി മാറുന്നു’ – ഡോ. ആരതി സ്ത്രീകളിലെ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങൾ പറഞ്ഞു തുടങ്ങി.
കോവിഡ് വ്യാപനത്തിനു ശേഷം വ്യാപകമായി വീടുകളിൽ ഡിസ്ഇൻഫക്ടന്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ദ്രാവകങ്ങൾ ഉപയോഗിക്കുമ്പോൾ വാതിലും ജനലും തുറന്നിടണം. വീടിനുള്ളിൽ വളർത്തു മൃഗങ്ങളുടെ സാന്നിധ്യം ശ്വാസകോശ രോഗങ്ങൾ പകരാനിടയുണ്ട്. പക്ഷികളുടേയും വളർത്തു നായ്ക്കളുടേയും രോമങ്ങൾ ചിലരിൽ അലർജി രോഗങ്ങൾക്കു കാരണമാകുന്നതു പോലെ ശ്വാസകോശ രോഗങ്ങൾക്കും വഴിയൊരുക്കാറുണ്ട്.
പണ്ട് പുരുഷന്മാർ മാത്രമാണു പുകവലിച്ചിരുന്നത്. ഇപ്പോൾ സ്ത്രീകളിൽ ചിലരും പുകവലിക്കുന്നുണ്ട്. മാരകമായ രോഗങ്ങൾക്ക് ഇടയാക്കുന്ന ദുശ്ശീലമാണു പുകവലി. ശ്വാസകോശ രോഗങ്ങൾ പ്രാഥമിക ഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ മരുന്നുകളിലൂടെ ഭേദമാക്കാവുന്നതാണ്. രോഗ നിർണയമാണു പ്രധാനം. രോഗം ബാധിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാൾ, രോഗം വരാതിരിക്കാൻ ശ്രദ്ധ പുലർത്തുക. രോഗത്തിനാണു ചികിത്സ, രോഗ ലക്ഷണത്തിനല്ല.