‘‘ഈ പേന കൊണ്ട് ഒപ്പിടുന്ന പദവിയിലെത്താനുള്ള രീതിയിൽ മക്കളെ വളർത്തണം...’’ മുൻരാഷ്ട്രപതി പ്രതിഭ പാട്ടീൽ സമ്മാനിച്ച ആ പേന ബിന്ദു നിധി പോലെ സൂക്ഷിക്കുന്നു.

‘‘ഈ പേന കൊണ്ട് ഒപ്പിടുന്ന പദവിയിലെത്താനുള്ള രീതിയിൽ മക്കളെ വളർത്തണം...’’ മുൻരാഷ്ട്രപതി പ്രതിഭ പാട്ടീൽ സമ്മാനിച്ച ആ പേന ബിന്ദു നിധി പോലെ സൂക്ഷിക്കുന്നു.

‘‘ഈ പേന കൊണ്ട് ഒപ്പിടുന്ന പദവിയിലെത്താനുള്ള രീതിയിൽ മക്കളെ വളർത്തണം...’’ മുൻരാഷ്ട്രപതി പ്രതിഭ പാട്ടീൽ സമ്മാനിച്ച ആ പേന ബിന്ദു നിധി പോലെ സൂക്ഷിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനം. കോട്ടയം പാലാ സെന്റ് തോമസ് കോളജിലെ ചടങ്ങിനെത്തിയ രാഷ്ട്രപതിയും ഉ ദ്യോഗസ്ഥരും മുൻനിരയിലിരുന്ന അമ്മയെയും മകളെയും സൗഹൃദത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ ഒറ്റനിമിഷം കൊണ്ടു ബിന്ദു ഷാജി എന്ന കോട്ടയംകാരി വാർത്തകളിലെ താരമായി. രാഷ്ട്രപതി ഭവനിലെ സീനിയർ നഴ്സിങ് ഓഫിസറായ ബിന്ദു ഷാജി മകളുടെ കോളജിൽ രക്ഷിതാവിന്റെ റോളിൽ എത്തിയതാണന്ന്.

ഏറ്റുമാനൂരിലെ വീട്ടിലിരുന്ന് ആ നിമിഷമോർക്കുമ്പോൾ ബിന്ദു ഇപ്പോഴും ത്രില്ലിലാണ്. ‘‘രാഷ്ട്രപതി ഭവനിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത് 1999ലാണ്. അ ന്നു കോട്ടയംകാരനായ കെ.ആർ. നാരായണൻ സാറായിരുന്നു പ്രസിഡന്റ്. 25 വർഷത്തിനിടെ ആറു രാഷ്ട്രപതിമാർക്കൊപ്പം ജോലി ചെയ്തു.’’ പ്രഥമപൗരന്റെ ഓഫിസിൽ സുപ്രധാന പദവിയിൽ ജോലി ചെയ്യുന്ന ബിന്ദു ഷാജിയുടെ  കൂടുതൽ വിശേഷങ്ങൾ അറിയാം.

ADVERTISEMENT

തൊടുപുഴ ടു ഡൽഹി

തൊടുപുഴയാണു ബിന്ദുവിന്റെ സ്വന്തം നാട്. അച്ഛൻ കെ. യു. ജോർജ് (കുരുട്ടുപറമ്പിൽ കോര) മലങ്കര ടീ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്നു. അമ്മച്ചി മേരിയും ഒന്‍പതു മക്കളും മ്രാലയിലെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു. ‘‘തൊടുപുഴ ഗേൾസ് ഹൈസ്കൂളിൽ നിന്നു പ്ലസ്ടു പാസ്സായ പിറകേ ചിറ്റൂർ ശ്രീ വെങ്കിടേശ്വര കോളജിൽ ജനറൽ നഴ്സിങ്ങിനു ചേർന്നു. ആ സമയത്തു ചേട്ടന്മാർ ഡൽഹിയിൽ ജോലി ചെയ്യുകയാണ്. പഠനം കഴിഞ്ഞു ഞാനും ഡൽഹിക്കു വണ്ടി കയറി.

ADVERTISEMENT

ഹിന്ദി അറിയാത്തതു കൊണ്ടു നിരാശയായിരുന്നു ഫലം. പിന്നെ ചെറിയൊരു ക്ലിനിക്കിൽ ജോലി കിട്ടി. അപ്പോളോ ആശുപത്രിയിൽ ഓപ്പൺ ഇന്റർവ്യൂ നടക്കുന്ന സമയമാണ്. കൂട്ടുകാർക്കൊപ്പം ഞാ നും പോയി. ഇന്റർവ്യൂ കഴിഞ്ഞ് അവർ അപേക്ഷയിൽ ഹിന്ദിയിൽ എന്തോ എഴുതിവിട്ടു. സെലക്‌ഷനാകാത്ത നിരാശയിൽ കുറച്ചു ദിവസം നടന്നു.

അടുത്ത മാസം വീണ്ടും ഇന്റർവ്യൂവിനു ചെന്നു. അന്നാണ് അറിഞ്ഞതു സെലക്‌ഷനായെന്നും ഒരു മാസത്തിനുള്ളിൽ ജോലിക്കു ജോയ്ൻ ചെയ്യണമെന്നാണ് അവർ അപേക്ഷയിൽ എഴുതിയതെന്ന്. അത്രയായിരുന്നു അന്നത്തെ ഹിന്ദി പരിജ്ഞാനം.

ADVERTISEMENT

ബെസ്റ്റ് നഴ്സ് അവാർഡ്

1996ലാണ് അപ്പോളോയിൽ ജോലിക്കു കയറിയത്. അവിടെ ഹിന്ദിയേക്കാൾ ആവശ്യം ഇംഗ്ലിഷ് ആയതു കൊണ്ടു രക്ഷപ്പെട്ടു. എല്ലാം ഭംഗിയായി പോകുന്നതിനിടെ സെറിബ്രോ വാസ്കുലർ ആക്സിഡന്റ് സംഭവിച്ച ഒരു രോഗിയെ ഐസിയുവിൽ കൊണ്ടുവന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച അവ്സഥയിലായിരുന്ന അയാൾക്കു മരുന്നു കൊടുത്തിട്ടും ഉറങ്ങുന്നില്ല.

അയാളുടെ ശരീരം വൃത്തിയാക്കുന്നതിനിടെ പെ രിനിയൽ ഭാഗത്തു തടിപ്പു കണ്ടു. അതിന്റെ കട്ടിയും വീക്കവും ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തി. ആ മുഴയ്ക്കുള്ളിൽ നിന്ന് അര ലീറ്ററോളം പഴുപ്പാണു സർജറിയിലൂടെ നീക്കിയത്. ആ ഇടപെടലിനുള്ള അംഗീകാരമായി 1998ലെ ബെസ്റ്റ് നഴ്സ് അവാർഡ് കിട്ടി.  
ആ സമയത്തു സഹോദരൻ ജോർജ് സിഐഎസ്എഫിലാണു ജോലി ചെയ്യുന്നത്. രാഷ്ട്രപതി ഭവനിലെ ഒരു നഴ്സ് വേക്കൻസിയിൽ അപേക്ഷ ക്ഷണിച്ച് ഇംഗ്ലിഷ് പത്രത്തിൽ വന്ന അറിയിപ്പ് ചേട്ടനാണു തന്നത്. 200 പേരോളം പങ്കെടുത്ത അഭിമുഖത്തിലൂടെ എനിക്കു സെലക്‌ഷൻ കിട്ടി. 1999 ഡിസംബർ 15നു രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് നഴ്സായി ജോലിക്കു ചേർന്നു. അന്നു കെ.ആർ. നാരായണൻ സാറാണു രാഷ്ട്രപതി.

രാഷ്ട്രപതി ഭവനിലെ ക്ലിനിക്കിൽ ഒരു ഡോക്ടറും ന ഴ്സുമുണ്ട്. രാഷ്ട്രപതിയുടെയും സ്റ്റാഫിന്റെയും ആരോഗ്യ പരിശോധനകളാണു ഡ്യൂട്ടി. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം പോലുള്ള അവസരങ്ങളിൽ ഇന്ത്യൻ മെഡിക്കൽ ടീമിന്റെ ഭാഗമായി ഡ്യൂട്ടി ചെയ്യണം. രാഷ്ട്രപതി പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും മെഡിക്കൽ ടീം ഒപ്പം വേണം. വിദേശ പര്യടനത്തിലും മൈനർ ഓപ്പറേഷൻ സജ്ജീകരണങ്ങളോടെ ടീം അനുഗമിക്കും.’’

ഇതിനിടയിലാണു ബിന്ദുവിന്റെ വിവാഹം. ചേച്ചി സെലിനെ കല്യാണം കഴിച്ചിരിക്കുന്നത് ഏറ്റുമാനൂരിലാണ്. ചേച്ചിയുടെ ഭർത്താവ് സണ്ണിയുടെ അനിയൻ ഷാജി ചാക്കോ വിവാഹാലോചനയുമായി എത്തി. 2000ലായിരുന്നു വിവാഹം. രാഷ്ട്രപതി ഭവനിലെ നഴ്സ് ജോലിയിൽ സ്ഥലംമാറ്റമില്ല.

ബിസിനസ്സുകാരനായ ഷാജിക്കു നാടുവിട്ടു വരാനുമാകില്ല. വർഷത്തിലെ 30 ദിവസത്തെ ലീവിൽ ബിന്ദു നാട്ടിലേക്കും ഇടയ്ക്കു കിട്ടുന്ന അവധികളിൽ ഷാജി ഡൽഹിയിലേക്കും ട്രെയിൻ കയറും.
ഒന്നിച്ചു ജീവിക്കണം, പക്ഷേ...

ബിന്ദു ഷാജി, ബിന്ദുവും സ്നേഹയും സാന്ദ്രയും മാക്സിയും മിയയും

2003ലാണു ബിന്ദുവിന്റെ മൂത്ത മകൾ സ്നേഹ ജനിച്ചത്. സിസേറിയനു ശേഷം ലീവിലായിരിക്കുന്ന സമയത്തു ബിന്ദുവും ഷാജിയും ഒരു തീരുമാനമെടുത്തു, അധികകാലം പിരിഞ്ഞിരിക്കാനാകില്ല. പക്ഷേ, 32ാം വയസ്സിൽ ദൈവം തനിക്കായി കരുതി വച്ചതു മറ്റൊന്നായിരുന്നു എന്നു ബിന്ദു പറയുന്നു. ‘‘അമേരിക്കൻ വീസയ്ക്കായുള്ള കമ്മിഷൻ ഓഫ് ഗ്രാജ്വേറ്റ് നഴ്സസ് എക്സാം പാസ്സായിരുന്നു. വിദേശത്തു പോയി കുറച്ചു സമ്പാദ്യമായാൽ ജോലി രാജി വച്ചു തിരിച്ചുവന്നു നാട്ടിൽ ജീവിക്കണമെന്നായിരുന്നു പ്ലാൻ.

2006ലാണു രണ്ടാമത്തെ മോൾ സാന്ദ്ര ജനിച്ചത്. അതിനു പിന്നാലെ സൗദിയിലേക്കു വീസ കിട്ടി. 2007 ജൂൺ പകുതിയോടെ അവിടേക്കു പോയി. ജൂലൈ 15 ഞങ്ങളുടെ വിവാഹവാർഷികമാണ്. ഒന്നിച്ചില്ലാത്ത വിഷമത്തിൽ ആ ദിവസം കടന്നു പോയി. പിറ്റേന്നു നാട്ടിൽ നിന്നു ഫോൺ, ‘ചേട്ടന് അപകടം പറ്റി, വേഗം നാട്ടിലേക്കു വരണം.’ അതിരമ്പുഴ ചന്തയിൽ പോയി തിരികെ വരുന്ന വഴി ചേട്ടന്റെ ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുൻപ് എല്ലാം കഴിഞ്ഞു.

നാട്ടിലെത്തി കാര്യമറിഞ്ഞ ഞാൻ തളർന്നുവീണു. അ ന്ന് എ.പി.ജെ. അബ്ദുൽ കലാം സാറാണു രാഷ്ട്രപതി. അദ്ദേഹം ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞു തിരികെ സൗദിയിലേക്കു പോയില്ല. മക്കളുമായി ഡൽഹിയിലേക്കു ചെല്ലുമ്പോഴേക്കും പ്രതിഭ പാട്ടീൽ മാഡം രാഷ്ട്രപതിയായി ചുമതല ഏറ്റെടുത്തിരുന്നു.

അമ്മയെപ്പോലെ ഒരാൾ

ലീവ് കാൻസൽ ചെയ്തു ജോലിക്കു കയറിയെങ്കിലും ഒന്നുമായും പൊരുത്തപ്പെടാനാകുന്നില്ല. ആകെ തളർന്നിരുന്ന എന്റെ അവസ്ഥ ഡോക്ടറാണ് പ്രതിഭ പാട്ടീൽ മാഡത്തിനോടു പറഞ്ഞത്. മാഡം വിളിപ്പിച്ചു.
കണ്ട പാടേ എന്താണു പ്രയാസമെന്നു ചോദിച്ചു. ‘നാ ലും ഒന്നും വയസ്സുള്ള രണ്ടു പെൺകുഞ്ഞുങ്ങളുമായാണ് തിരികെ വന്നിരിക്കുന്നത്. അവരുടെ കാര്യം നോക്കാൻ ഞാൻ മാത്രമേയുള്ളൂ. ജോലി ചെയ്യാൻ പോലും കരുത്തില്ലാതെ മനസ്സു പിടിവിട്ടു പോകുകയാണ്...’ എന്നു പറഞ്ഞയുടനേ മാഡം സമാധാനിപ്പിച്ചു.

‘രണ്ടാം വയസ്സിലാണ് എനിക്ക് അമ്മയെ നഷ്ടപ്പെട്ടത്. മൂന്നു ചേട്ടന്മാരുടെ അനിയത്തിയാണു ഞാൻ. അഭിഭാഷകനായ അച്ഛനും ചേട്ടന്മാരുമാണ് എന്നെ വളർത്തിയത്. ഈ ലോകത്തേക്കു വരുന്ന എല്ലാവർക്കും ദൈവം ഒരു വിധി കുറിച്ചിട്ടുണ്ട്. അതിനിടെ നമ്മുടെ നിയോഗം മറക്കരുത്. മക്കളെ നന്നായി വളർത്തുക എന്നതാണ് ബിന്ദുവിനു ദൈവം നൽകിയ നിയോഗം. മനസ്സു തളർന്നാൽ എങ്ങനെ അതു സാധിക്കും ?’

ആ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലായിരുന്നു. ‘വേഗം ക്വാർട്ടേഴ്സിൽ പോയി തയാറായി വരൂ, ഇന്നത്തെ നൈറ്റ് ഡ്യൂട്ടി ബിന്ദുവിനാണ്...’ ആ നിർദേശത്തോടു നോ പറയാനായില്ല. ആ മുറിയിൽ നിന്നിറങ്ങിയത് ഉറച്ച മനസ്സോടെയാണ്. ഇനി ഒരു കാര്യത്തിലും തളരില്ല എന്നും തീരുമാനിച്ചു.

അമ്മയെ പോലെ സ്നേഹത്തോടെ ചേർത്തുനിർത്തിയ മാഡത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞ സന്ദർഭങ്ങൾ പിന്നെയുമുണ്ടായി. 2012ൽ ഗർഭപാത്രം നീക്കൽ സർജറിക്കായി തൊടുപുഴയിലെ ആശുപത്രിയിൽ ഞാൻ അഡ്മിറ്റായി. അന്നു മാഡം ഡോക്ടറെ വിളിച്ചു, ‘എന്റെ സ്വന്തം കുട്ടിയാണ്. എല്ലാ കരുതലും നൽകണം...’ എന്നാവശ്യപ്പെട്ടു.

കരുതലോടെ കരം പിടിച്ചവർ

പ്രതിഭാ പാട്ടീൽ മാഡത്തിന്റെ കേരള സന്ദർശനത്തിൽ മെഡിക്കൽ ടീമിൽ ഞാനുമുണ്ടായിരുന്നു. കൊല്ലത്തെ പരിപാടിക്കു ശേഷം കോട്ടയത്തേക്കു വരാനായി ഞങ്ങൾ പുറപ്പെട്ടു. വാഹനവ്യൂഹത്തിന് എന്തോ തടസ്സം വന്നതു കൊണ്ടു ഞാൻ ഗ്രൗണ്ടിലെത്തുമ്പോഴേക്കും രണ്ടു ഹെലികോപ്റ്ററുകളും പറന്നു പൊങ്ങിയിരുന്നു.

മുന്നിലെ ഹെലികോപ്റ്ററിലിരുന്ന മാഡം ഗ്രൗണ്ടിൽ നിൽക്കുന്ന എന്നെ കണ്ടു. പിന്നെ കണ്ടത് ആ ഹെലികോപ്റ്ററിന്റെ വാതിൽ തുറക്കുന്നതാണ്. ഉള്ളിൽ ഗവർണറും, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും. പിന്നിലിരുന്ന എന്നെ ഹെലികോപ്റ്ററിനുള്ളിൽ വച്ച് ഉമ്മൻ ചാണ്ടി സാറിനു പരിചയപ്പെടുത്തി. അടുത്ത പരിപാടി കോട്ടയത്താണ്. ബിസിഎം കോളജിലെ പ്രസംഗത്തിനൊടുവിൽ പാടാനായി ‘ആലാഹാ നായ നും അൻപൻ മിശിഹായും കൂടെ തുണയ്ക്കായ് ഇവർക്ക്...’ എന്ന പാട്ട് രാഷ്ട്രപതിക്കു പഠിപ്പിച്ചു കൊടുത്തതു ഞാനാണ്.

മാഡം പ്രസിഡന്റ് പദവിയിൽ നിന്നു റിലീവ് ചെയ്യുന്ന ഔദ്യോഗികരേഖയിൽ ഒപ്പുവച്ചത് 2012 ജൂലൈ 23നാണ്. അതിനു ശേഷം ആ പച്ച മഷിപ്പേന എനിക്കു സമ്മാനിച്ചു.‘‘ഈ പേന കൊണ്ട് ഒപ്പിടുന്ന പദവിയിലെത്താനുള്ള രീതിയിൽ മക്കളെ വളർത്തണം...’’ ആ പേന ബിന്ദു നിധി പോലെ സൂക്ഷിക്കുന്നു.

അതിജീവിച്ച സങ്കടങ്ങൾ

മക്കളുടെ ജനനത്തിൽ കരുണയോടെ കൈപിടിച്ച ദൈവമാണ് ശക്തിയെന്നു ബിന്ദു പറയുന്നു. ‘‘മൂത്തയാളെ ഒന്നര മാസം ഗർഭിണിയായിരുന്നപ്പോൾ ടൈഫോയ്ഡ് വന്നു 18 ദിവസം ആശുപത്രിയിലായി. കുറേ മരുന്നുകൾ കഴിച്ചതു കൊണ്ടു കുഞ്ഞിനെ വേണ്ടെന്നു വയ്ക്കുന്നതാണു നല്ലതെന്നു ഡോക്ടർ പറഞ്ഞു. അന്നു വേളാങ്കണ്ണി മാതാവിനോടു കരഞ്ഞു പ്രാർഥിച്ചു, ജനിക്കുന്നതു പെൺകുഞ്ഞാണെങ്കിൽ അമ്മയുടെ പേരു വയ്ക്കാം... ആ പ്രാർഥന കേട്ടു. സ്നേഹ മേരി എന്നു മൂത്തയാൾക്കു പേരിട്ടത് അമ്മയോടുള്ള പ്രാർഥനയായാണ്.

സ്നേഹ യുകെജിയിൽ പഠിക്കുന്ന സമയം. അച്ഛന്റെ മരണത്തിന്റെ ഷോക്കിൽ നിന്ന് അവൾ മുക്തയായിട്ടില്ല. പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും സ്കൂൾ മാറ്റണമെന്നും ടീച്ചർ നിർദേശിച്ചു. മോളെ കൗൺസലിങ് ചെയ്ത ഡോക്ടറാണു ഡാൻസോ ബാഡ്മിന്റനോ പോലെ ശ്രദ്ധ കൂട്ടുന്ന എന്തെങ്കിലും പഠിപ്പിക്കാൻ ഉപദേശിച്ചത്. ഡാൻസ് ക്ലാസ്സിൽ ചേർന്ന മോൾക്കു പ്രശ്നങ്ങൾ പതിയെ കുറഞ്ഞു. അതേ സ്കൂളിൽ നിന്നു മോൾ പ്ലസ്ടു പാസ്സായത് പൊളിറ്റിക്കൽ സയൻസിൽ 99 മാർക്കു വാങ്ങിയാണ്. സ്കൂളിന്റെ മുന്നിൽ റെക്കോർഡ് മാർക്കു വാങ്ങിയ അവളുടെ ഫോട്ടോ വച്ചിട്ടുണ്ട്.’’ ബിന്ദുവിന്റെ വാക്കുകളിൽ അഭിമാനം.

മക്കളാണു ധൈര്യം

കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ്, ദ്രൗപദി മുർമു എന്നീ രാഷ്ട്രപതിമാർക്കൊപ്പം ബിന്ദു ചുമതലകൾ നിർവഹിച്ചു. വിവിധ രാഷ്ട്രപതിമാരെ അനുഗമിച്ച് 28 വിദേശ രാജ്യങ്ങളിലും ബിന്ദു ഷാജി പോയി. ‘‘എലിസബത്ത് രാജ്ഞിയുടെ മരണസമയത്ത്ു രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം ഇംഗ്ലണ്ടിലേക്കു പോയിരുന്നു. മാഡത്തിന്റെ ആദ്യ വിദേശ പര്യടനമായിരുന്നു അത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിന്റെ സമയത്തു വത്തിക്കാനിലും പോയി.

ഡൽഹിയിലെ പഠനത്തിനിടയിലും മക്കളെ ബിന്ദു നന്നായി മലയാളം പഠിപ്പിച്ചു. അച്ഛനില്ലാത്തതിന്റെ വിഷമം അമ്മ അറിയിച്ചിട്ടേയില്ല എന്നു സ്നേഹ പറയുന്നു. ‘‘സ്കൂളിലെ പിടിഎ മീറ്റിങ്ങിനു കൂട്ടുകാരെ അവരുടെ പപ്പ എടുത്താണു വരുന്നതെന്ന് ഒരിക്കൽ അമ്മയോടു സങ്കടം പറഞ്ഞു. അടുത്ത പിടിഎ മീറ്റിങ്ങിന് അമ്മ എന്നെ തോളിലെടുത്താണു കൊണ്ടുപോയത്.

പാലാ സെന്റ് തോമസ് കോളജിൽ പിജി രണ്ടാം വർഷ വിദ്യാർഥിയാണു സ്നേഹയിപ്പോൾ. സിവിൽ സർവീസാണു സ്നേഹയുടെ ലക്ഷ്യം. പ്ലസ്ടു കഴിഞ്ഞു നഴ്സിങ് പഠനത്തിനു തയാറെടുക്കുകയാണു സാന്ദ്ര. ഇരുവരെയും ഡാൻസു മുതൽ നീന്തൽ വരെ പഠിപ്പിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സ്നേഹയും സാന്ദ്രയും ഒന്നിച്ചു ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.

‘‘മക്കൾ വളർന്നപ്പോഴാണു ധൈര്യം കൂടിയത്. ആരുമില്ലാത്തപ്പോള്‍ താങ്ങിനിർത്തിയതു ദൈവമാണ്. അതുകൊണ്ട് അമ്പലത്തിലും പള്ളിയിലും പോകും.’’ ബിന്ദു ചിരിയോടെ പറയുന്നു.

ഇവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന രണ്ടുപേർ കൂടിയുണ്ട്, മാക്സി എന്നും മിയ എന്നും പേരുകളുള്ള ലാബ്രഡോർ നായകൾ. ലീവു കഴിഞ്ഞു ബിന്ദു ഡൽഹിയിലെ ക്വാർട്ടേഴ്സിൽ തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണവർ.

English Summary:

President Draupadi Murmu's Kerala visit brought Kottayam native Bindu Shaji into the spotlight. Bindu, a nurse at Rashtrapati Bhavan, shared her experiences working with multiple presidents and her journey from Thodupuzha to Delhi.

ADVERTISEMENT