മാംസം ചുട്ടുകരിച്ചു കഴിക്കുന്ന ഏർപ്പാട്, പകുതി വേവിച്ചു വച്ച ന്യൂജൻ ഭക്ഷണങ്ങൾ: കാൻസർ നമ്മളെ തൊടാതിരിക്കട്ടെ Understanding Cancer: Prevention, Detection, and Treatment
കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ #ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും. മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു
കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ #ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും. മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു
കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ #ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും. മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു
കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ #ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും.
മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു വേണ്ട രീതിയിൽ ചികിത്സിച്ചാൽ മാറു ന്നതാണു കാൻസർ എന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതീക്ഷയേകുകയാണ് ഏറ്റവും പുതിയ കാൻസർ ഗവേഷണങ്ങൾ.
കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം വേണ്ടുവോളം മലയാളികൾക്കുണ്ട്. ഈ അസുഖം വന്നാലുള്ള ഗുരുതരാവസ്ഥയെക്കുറിച്ചും സാമ്പത്തിക ബാധ്യതയെ കുറിച്ചും ബോധ്യവുമുണ്ട്.
എന്നിട്ടും കേരളത്തിൽ രോഗവ്യാപനം വർധിച്ചു കൊണ്ടിരിക്കുന്നു. ഒരു ലക്ഷം പേരിൽ 180 പേർ കാൻസർ രോഗത്തിന് അടിപ്പെടുന്നു. കേരളത്തിലെ ഏറ്റവും പുതിയതും ആധികാരികവുമായ കണക്കാണ് ഇത്. ചില കാൻസർ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റു ചില കാൻസർ കൂടി വരുന്നുമുണ്ട്.
കാൻസർ വ്യാപനത്തിന്റെ കാര്യത്തിൽ കേരളത്തിനു രണ്ടാം സ്ഥാനമാണ്. മുന്നിലുള്ളതു കിഴക്കൻ സംസ്ഥാനമായ മിസോറാം മാത്രം. കേരളത്തിൽ എന്തുകൊണ്ടു കാൻസർ രോഗം വർധിക്കുന്നു എന്നതിനു വ്യക്തമായ മറുപടി വൈദ്യശാസ്ത്രത്തിനും ഇല്ല.
ദാരിദ്ര്യമുള്ള സമൂഹത്തിൽ പൊതുവെ കാൻസർ ബാധിതരുടെ എണ്ണം കുറവാണെന്നു ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറയുന്നു. സാമൂഹ്യദാരിദ്ര്യത്തിൽ നിന്നു കരകയറുന്ന സ്ഥലങ്ങളിലാണു കാൻസറിന്റെ വ്യാപനം വർധിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തെ കേരളത്തിൽ ശരാശരി ആഹാര ഉപഭോഗത്തിലുള്ള വർധനവ് കാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്.
ഒരാൾക്ക് എത്ര കലോറി ആഹാരമാണ് ആവശ്യം? ചെയ്യുന്ന ജോലിയും കഴിക്കുന്ന ആഹാരവും തമ്മിലുള്ള അനുപാതം എത്ര? ദിവസം എത്രനേരം ആഹാരം കഴിക്കണം? ക ഴിക്കുന്ന ആഹാരത്തിനനുസരിച്ചു വ്യായാമം ചെയ്യുന്നുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതുണ്ട്.
കഴിക്കുന്ന ആഹാരത്തിന്റെ അളവ്, അതി ൽ അടങ്ങിയിരിക്കുന്ന പോഷകം, ഉപ്പ്, പഞ്ചസാര, കൊഴുപ്പു തുടങ്ങിയവയുടെ അളവ്, ഉ പയോഗിക്കുന്ന എണ്ണ തുടങ്ങിയവയൊക്കെ കാൻസറിനു കാരണമാകുന്നുണ്ട്.
മാംസം ചുട്ടുകരിച്ചു കഴിക്കുന്ന ഏർപ്പാട് ഇന്നു വ്യാപകമായിക്കൊണ്ടിരിക്കുന്നു. മാംസവും കരിയും ചേരുമ്പോൾ ഉണ്ടാകുന്ന രാ സമാറ്റം പലപ്പോഴും വളരെ അപകടം നിറഞ്ഞതാണ്. കാൻസറിനെ കുറിച്ചു സാധാരണക്കാർ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇവിടെ.
എന്തുകൊണ്ട് ആഹാരം പ്രതിയാകുന്നു ?
ഒരു ശരീരകോശത്തിനു വരുന്ന ഭ്രാന്താണു കാൻസർ എ ന്നു കവികളും കലാകാരുമൊക്കെ പറയാറുണ്ട്. ശാസ്ത്രീയമായി ഇതു ശരിയാണു താനും. എന്നാൽ എന്തുകൊണ്ടാകും ആ കോശത്തിനു ഭ്രാന്തെടുക്കുന്നത് ?
ഇതിനു കൃത്യമായ മറുപടി കിട്ടിയിട്ടില്ല. എന്നാൽ വൈദ്യശാസ്ത്രം കണ്ടുപിടിച്ച ചില യാഥാർഥ്യങ്ങളുണ്ട്. ഓരോരുത്തരുടെയും ശരീരത്തിൽ കാൻസർ കോശങ്ങൾ എല്ലാദിവസവും ഉണ്ടാകുകയും ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അവ നശിക്കുകയും ചെയ്യുന്നു എന്നതാണ് ആ കണ്ടുപിടിത്തങ്ങളിൽ പ്രധാനം.
ഇങ്ങനെ ഉണ്ടാകുന്ന കോശങ്ങളിൽ ഏതെങ്കിലും ഒരു കോശം നശിക്കാതെ വന്നാൽ അതു ശരീരത്തിൽ തന്നെ നിലനിൽക്കുകയും ക്രമേണ കാൻസറായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ഈ ഒരു കാൻസർ കോശം നശിക്കാത്തതു നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ സമനില തെറ്റുമ്പോഴാണ്.
പുകവലി, മദ്യപാനം,അമിതമായ ആഹാരം, കീടനാശിനികൾ, ഹെയർ ഡൈ, മറ്റു രാസവസ്തുക്കളുടെ ഉപയോഗം, സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം തുടങ്ങി ധാരാളം കാര്യങ്ങൾ കാൻസർ കോശം നശിക്കാത്തതിനു കാരണമാകുന്നു. ഇതിൽ നിന്നുതന്നെ അമിതമായ ആഹാരം കാൻസർ രോഗം ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നാണെന്നു വ്യക്തമാകുന്നുണ്ട്.
എന്താണു കാരണങ്ങൾ ?
കാൻസറിനു കാരണങ്ങൾ രണ്ടാണ്. വൈദ്യശാസ്ത്രം വിശകലനം ചെയ്തു കണ്ടെത്തിയിട്ടുള്ള കാരണങ്ങളാണു പ്രധാനപ്പെട്ട ഒന്ന്. ഉദാഹരണത്തിനു സ്ഥിരമായി പുകയില ചവയ്ക്കുന്ന ഒരാളിനു വായിൽ കാൻസർ ഉണ്ടാകുന്നു. രണ്ടാമത്തേതു ൈവദ്യശാസ്ത്രത്തിനു വിശകലനം ചെയ്യാൻ കഴിയാത്ത കാരണമാണ്. നൂറു വയസ്സുവരെ പുകയില ചവയ്ക്കുന്ന ഒരാളിനു കാൻസർ വരുന്നില്ല. അതേസമയം പുകയില ഉപയോഗിക്കാത്ത ആളിനു നാൽപതാം വയസ്സിൽ വായിൽ കാൻസർ വരുന്നു. ഇതെന്തുകൊണ്ട് എന്നതാണു വൈദ്യശാസ്ത്രത്തിനും ഉത്തരം കിട്ടാത്ത ചോദ്യം.
ഏത് അർബുദമാണു കൂടുതൽ കണ്ടുവരുന്നത് ?
സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ അർബുദവുമാണു കൂടുതലായി കണ്ടുവരുന്നത്. സ്തനാർബുദം കൂടുതൽ കാണുന്നതു കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകജനസംഖ്യയിലും സ്ത്രീകൾക്കിടയിൽ ഒന്നാം സ്ഥാനം സ്തനാർബുദത്തിനാണ്.
സ്തനാർബുദം വർധിക്കാൻ കാരണം ?
മാറിയ ജീവിതശൈലി, അമിതമായ ശരീരഭാരം, വ്യായാമക്കുറവു തുടങ്ങിയവ ഒരുപരിധി വരെ രോഗകാരണമാകുന്നു. ആഗോളതലത്തിൽ ശ്വാസകോശാർബുദമാണു പുരുഷന്മാർക്കിടയിൽ കൂടുതൽ.
എന്നാൽ ഇന്ത്യയിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്തമാണ്. വായിലെ അർബുദമാണു മറ്റു സംസ്ഥാനങ്ങളിൽ കൂടുതൽ. കേരളത്തിൽ മാത്രം അതു ശ്വാസകോശാർബുദമാണ്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ചു മലബാർ മേഖലയിൽ സ്ത്രീകൾക്കിടയിലും ശ്വാസകോശാർബുദം കൂടി വരുന്നതായാണു കണക്കുകൾ.
കേരളത്തിൽ ശ്വാസകോശാർബുദം കൂടുന്നോ ?
കേരളത്തിൽ പുകവലി കുറഞ്ഞുവരുന്നു. മാത്രമല്ല ശ്വാസകോശാർബുദം ബാധിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും പുകവലിക്കുന്നവരുമല്ല. അതിനർഥം റാഡോൺ വാതകം, അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് കത്തിക്കൽ തുടങ്ങി മറ്റെന്തോ കാരണങ്ങൾ കൂടി ഉണ്ടാകാം എന്നാണ്.
കാൻസർ കൂടുതലായി കാണപ്പെടുന്നത് ആർക്ക് ?
സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാർക്കാണു കാൻസർബാധ കൂടുതലായി കാണുന്നത് എന്നാണു കണക്കുകൾ. എന്നാൽ അടുത്ത കാലത്തു പുറത്തുവന്ന ചില ക്ലിനിക്ക ൽ പഠനങ്ങൾ പറയുന്നതു സ്ത്രീകൾക്കിടയിൽ കാൻസർ തോതു പുരുഷന്മാരെക്കാൾ വർധിക്കുന്നു എന്നാണ്.
ഏതൊക്കെ ലക്ഷണങ്ങൾ തുടക്കമാകും ?
പല അർബുദവും നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുന്നവയാണ്. ചില ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും വേണ്ട പരിശോധനകൾക്കു വിധേയമാകുകയും ചെയ്യുന്നതു രോഗം നേരത്തെ നിർണയിക്കാൻ സഹായകമാകും. ഉണങ്ങാത്ത എല്ലാത്തരം വ്രണങ്ങളും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. അതുപോലെ ശരീരത്തിൽ കാണപ്പെടുന്ന മുഴകൾ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്തനങ്ങളിലോ കക്ഷത്തിലോ കാണപ്പെടുന്നവ പ്രത്യേകം ശ്രദ്ധിക്കണം.
ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, മൂത്രത്തിൽ കൂടിയോ മലത്തിൽ കൂടിയോ രക്തമോ രക്തം കലർന്ന സ്രവങ്ങളോ പോകുന്നത് ഇവ പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. മദ്യപിക്കുകയും പുകവലിക്കുകയും െചയ്യുന്നവരിൽ വിട്ടുമാറാതെയുള്ള ചുമ, ശബ്ദവ്യതിയാനം തുടങ്ങിയ ശ്രദ്ധിക്കണം. മറുക്, കാക്കപ്പുള്ളി, അരിമ്പാറ തുടങ്ങിയവയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം പ്രധാനമാണ്. പെട്ടെന്നു വലുതാകുക, വ്രണം ആകുക തുടങ്ങിവ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ ചികിത്സ തേടണം.
എന്തെല്ലാം മുൻകരുതലുകളെടുക്കാം ?
കാൻസറിന്റെ കാരണങ്ങളെ പൊതുവെ രണ്ടായി തിരിക്കാം. നമുക്കു നിയന്ത്രിക്കാൻ പറ്റുന്ന കാരണങ്ങളെന്നും നിയന്ത്രിക്കാൻ പറ്റാത്തവ എന്നും. കൂടി വരുന്ന പ്രായം, ജീനുകൾ, മറ്റു പാരമ്പര്യഘടകങ്ങൾ, ലിംഗവംശ പ്രത്യേകതകൾ ഇവ നിയന്ത്രിക്കാൻ പറ്റാത്ത കാരണങ്ങളാണ്.
നിയന്ത്രിക്കാൻ പറ്റുന്ന കാരണങ്ങളിൽ പ്രധാനം ജീവിതശൈലിയാണ്. ആകെ അർബുദങ്ങളുടെ മുപ്പതു ശതമാനം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം ഒട്ടും ഇല്ലാത്ത ജീവിതസാഹചര്യം തുടങ്ങിയവ മാറ്റിയെടുത്താൽ അർബുദ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
എല്ലാ ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യുന്നത് ഉചിതമാണ്. ഭക്ഷണത്തിൽ മധുരത്തിന്റെയും കൊഴുപ്പിന്റെയും എണ്ണയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കുക. ശരിയായ ശരീരഭാരം നിലനിൽത്തുക എന്നതും പ്രധാനമാണ്. എല്ലാത്തരം പുകയില ഉപയോഗവും ഹാൻസ്, പാൻപരാഗ്, വെറ്റില മുറുക്ക് മുതലായവയും അർബുദത്തിനു കാരണമാകുന്നു. നിഷ്ക്രിയ പുകവലിയും നേരിട്ടുള്ള പുകവലി പോലെ അപകടകരമാണ്.
സ്ത്രീകളിൽ കാണുന്ന ഗർഭാശയഗള കാൻസർ നിയന്ത്രിക്കാൻ കഴിയും. രോഗം തടയാനുള്ള വാക്സീൻ ഇന്നു ലഭ്യമാണ്. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് വാക്സീൻ എടുക്കുന്നതു ഭാവിയിൽ ഈ അർബുദം വരുന്നതു തടയും. ലളിതമായ പരിശോധനയിലൂെട ഗർഭാശയഗള കാൻസറിനു മുന്നോടിയായുള്ള മാറ്റങ്ങൾ കണ്ടെത്താൻ കഴിയും. ഈ പരിശോധനയ്ക്കുള്ള സൗകര്യം ഒട്ടുമിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ നേരിട്ടു തൊലിപ്പുറത്ത് ഏൽക്കാതെ സൂക്ഷിക്കുന്നതു ത്വക്കിൽ ഉണ്ടാകുന്ന കാൻസർ സാധ്യത കുറയ്ക്കും. പൊതു ഇടങ്ങളിലെ മലിനമായ വായു, ജലം തുടങ്ങിയവ വ്യാപകമായി കാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
കാൻസർ പാരമ്പര്യരോഗമാണോ ?
കുടുംബത്തിൽ ആർക്കെങ്കിലും കാൻസർ രോഗം വന്നതുകൊണ്ട് എനിക്കും കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ശരീരത്തിൽ എന്തെങ്കിലും ലക്ഷണം ഉണ്ടെങ്കിൽ അ തു കാൻസർ ആയിരിക്കുമെന്നും ഉറപ്പിച്ച് ആത്മഹത്യ ചെയ്തവർ വരെയുണ്ടു നമ്മുടെ നാട്ടിൽ. എന്നാൽ എന്താണു വാസ്തവം? ഇന്നോളമുള്ള പഠനങ്ങൾ പറയുന്നതു വെറും അഞ്ചു ശതമാനത്തിൽ താഴെയാണു കാൻസർ പാരമ്പര്യമായി കണ്ടിട്ടുള്ളത് എന്നാണ്. ഒരു കുടുംബത്തിലെ രണ്ടുപേർക്കു കാൻസർ വരുകയാണെങ്കിൽ അതു പാരമ്പര്യം ആയിരിക്കണം എന്നില്ല.
മുൻകൂട്ടി അറിയാൻ കഴിയുന്നവ ഏതൊക്കെ ?
മൂന്ന് അർബുദങ്ങൾ മുൻകൂട്ടി കണ്ടെത്താവുന്നതും നിയന്ത്രിക്കാവുന്നതുമാണ്. സ്തനാർബുദം, വായിലെ അർബുദം, ഗർഭാശയഗള അർബുദം എന്നിവയാണ് അവ. നാൽപതു വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ സ്തനാർബുദം മുൻകൂട്ടി കണ്ടെത്താനുള്ള മാമോഗ്രാം പരിശോധന നടത്തേണ്ടതാണ്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ നിർദേശം അനുസരിച്ചു നാൽപത്തിയഞ്ചിനും അമ്പത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാഫി പരിശോധന നടത്തേണ്ടതാണ്.
അമ്പത്തിയഞ്ചിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ ഒന്നിടവിട്ട വർഷങ്ങളിൽ മാമോഗ്രാഫി പരിശോധനയ്ക്കു വിധേയരാവണം. മുപ്പത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്സ്മിയർ ടെസ്റ്റ് ഓരോ മൂന്നു വർഷം കൂടുമ്പോഴും ചെയ്യേണ്ടതാണ്. തുടർച്ചയായി മൂന്നു പരിശോധനകളിൽ കോശമാറ്റം കാണുന്നില്ല എങ്കിൽ പിന്നീടു രോഗം വരാനുള്ള സാധ്യത കുറവാണെന്ന് ഉറപ്പിക്കാം. ജീവിതശൈലി മാറ്റിയും പുകയില, മദ്യം മുറുക്ക് തുടങ്ങിയ ലഹരിപദാർഥങ്ങൾ ഒഴിവാക്കിയും അർബുദ സാധ്യത കുറയ്ക്കാം.
ഫലങ്ങൾ അർബുദം തടയാൻ സാധ്യതയുണ്ടോ?
വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കു നോൺവെജിറ്റേറിയൻ കഴിക്കുന്നവരെക്കാൾ കാൻസർ വരാനുള്ള സാധ്യത കുറവാണെന്നാണു ശാസ്ത്രീയപഠനം പറയുന്നതു. അതായത്, നോൺവെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന പത്തു പേർക്കു കാൻസർ രോഗം വരുമ്പോൾ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരിൽ ഒരാൾക്കു മാത്രമേ രോഗം വരുന്നുള്ളു. ‘പത്തിന് ഒന്ന്’ എന്നാണ് അനുപാതം.
പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവ (ഇ വയിൽ ഉപയോഗിച്ച കീടനാശിനിയുടെ അളവു വളരെ ശ്രദ്ധിക്കണം) കഴിക്കുന്നതും ചുവന്ന മാംസവും സംസ്കരിച്ച മാംസവും കുറയ്ക്കുന്നതും സ്ഥിരമായി വ്യായാമം ചെയ്യുന്നതും കാൻസർ സാധ്യത കുറയ്ക്കും.
കാൻസർ ബാധ എത്ര ദിവസം കൊണ്ട്?
കാൻസർ കണ്ടുപിടിച്ചിട്ട് ആറുമാസമേ ജീവിച്ചിരുന്നുള്ളു എന്നു ചിലർ പറയുന്നതു കേൾക്കാം. എന്നാൽ യഥാർഥത്തിൽ അസുഖം തുടങ്ങിയിട്ടു വർഷങ്ങളായിട്ടുണ്ടാകും. നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു കോശത്തിനു സമനില തെറ്റിയതിനു ശേഷം അഞ്ചു മുതൽ പത്തു വർഷം കഴിഞ്ഞതിനു ശേഷമാണു ശരീരം എന്തെങ്കിലും ലക്ഷണം പുറത്തു കാണിക്കുന്നത്. മുഴയായോ തടിപ്പായോ മറ്റോ. അതായതു പത്തു വർഷത്തോളമായി കാൻസർ ശരീരത്തിൽ ഉണ്ടായിരുന്നു എന്നു സാരം.
ഇവിടെയാണു പുതിയ രോഗനിർണയ സമ്പ്രദായങ്ങളുടെ പ്രസക്തി. രോഗനിർണയ രംഗത്ത് അദ്ഭുതാവഹമായ കണ്ടുപിടുത്തമാണു ലിക്വിഡ് ബയോപ്സി. അധികം വൈകാതെ തന്നെ കേരളത്തിലും ഈ രോഗനിർണയസമ്പ്രദായം വ്യാപകമാവും. പ്രമേഹം കണ്ടുപിടിക്കുന്നതുപോലെ രക്തം പരിശോധിച്ചു സർക്കുലേറ്റിങ് ഡിഎൻഎ വഴി കാൻസർ കോശങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതാണ് ഈ രീതി.
ചൂടുള്ള ഭക്ഷണം ശുദ്ധമല്ലേ?
ആവി പറക്കുന്ന ചൂടുള്ള ഭക്ഷണം മേശപ്പുറത്തു കൊണ്ടുവച്ചാൽ അതു ശുദ്ധമാണെന്നും എത്ര വേണമെങ്കിലും കഴിക്കാം എന്നുമാണു മലയാളികളുടെ ധാരണ. എന്നാൽ ഭക്ഷണശാലകളിലും മറ്റും നേരത്തെ പകുതി വേവിച്ചു വച്ചതും, പുളി, എരിവ്, കയ്പ്പ്, മധുരം തുടങ്ങിയ രസങ്ങൾക്കു വേണ്ടി മറ്റു കെമിക്കൽസ് ഉപയോഗിക്കുന്നതും രുചി കൂട്ടാൻ വേണ്ടി രാസവസ്തുക്കൾ ചേർക്കുന്നതുമായ ഭക്ഷണമാണു മുന്നിലിരുന്ന് ആവി പറത്തുന്നത് എന്ന യാഥാർഥ്യം മനസ്സിലാക്കണം. ഇതു കാൻസറിനു കാരണമാകും എന്നുപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഹെയർ ഡൈ കാൻസറിനു കാരണമാകുമോ ?
ലോകാരോഗ്യ സംഘടനയുടെ കീഴിൽ കാൻസർ ഗവേഷണത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ. ഈ സംഘടനയുടെ പഠനപ്രകാരം കാൻസറിനു കാരണമാകുന്നവയെ പല വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്.
കാൻസറിനു കാരണമാകും എന്ന് ഉറപ്പുള്ളവയാണ് ഒന്നാം കാറ്റഗറിയിൽ വരുന്നത്. പുകയില, പാൻ പരാഗ്, ഹാൻസ് എന്നിവയിൽ തുടങ്ങി പാചകത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ വരെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
കാൻസറിനു കാരണമാകും എന്നു സംശയിക്കപ്പെടുന്ന സാധനങ്ങളാണു രണ്ടാം കാറ്റഗറിയിൽ വരുന്നത്. നിത്യോപയോഗ സാധനങ്ങളിൽ ചിലത് ഈ ലിസ്റ്റിൽ വരുന്നവയാണ്. ഉണക്കമീൻ ആണ് ഒരു ഉദാഹരണം. ഈ ലിസ്റ്റിൽ ഉള്ള ഒന്നായിരുന്നു ഹെയർ ഡൈ. എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം െഹയർ ഡൈയുടെ സ്ഥാനം ഇപ്പോൾ കാറ്റഗറി ഒന്നിലാണ്. അതായതു കാൻസറിനു കാരണമാകും എന്നു നിസ്സംശയം തെളിയിക്കപ്പെട്ട ഒന്നാണു നാം ഉപയോഗിക്കുന്ന െഹയർ ൈഡ. കരൾ, കിഡ്നി, ത്വക്ക് തുടങ്ങിയവയെയൊക്കെ ബാധിക്കുന്ന കാൻസറിനു ഹെയർ ഡൈ കാരണമാകുന്നു.
സ്ത്രീകൾ കാൻസറിനെ കൂടുതൽ പേടിക്കണോ ?
ഗർഭാശയാർബുദത്തേക്കാൾ വ്യാപനതോത് കൂടുകയാണു സ്തനാർബുദത്തിന്. വിദ്യാഭ്യാസം, വ്യക്തിശുചിത്വം, കാൻസർ അവബോധം, ഒൻപതു വയസ്സിനും ഇരുപത്തിയെട്ടു വയസ്സിനും ഇടയ്ക്കു പ്രായമുള്ള സ്്ത്രീകൾക്ക് എടുക്കാവുന്ന പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ ഘടകങ്ങൾ സ്ത്രീകൾക്കിടയിലെ ഗർഭാശയ കാൻസർ ഒരുപരിധി വരെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാൽ സ്തനാർബുദം ഇപ്പോഴും വെല്ലുവിളി തന്നെയാണ്.
സ്തനാർബുദം വർധിക്കാൻ എന്താകും കാരണം ?
പ്രത്യക്ഷത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നു ഹോർമോൺ വ്യതിയാനമാണ്. മുൻപു പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന പ്രായം 15 വയസ്സു മുതൽ മുകളിലോട്ടായിരുന്നു. ആർത്തവവിരാമം നാൽപത്തിയഞ്ചിനും അമ്പതിനും ഇടയ്ക്കും.
എന്നാലിപ്പോൾ എട്ടു വയസ്സു മുതൽ പെൺകുട്ടികൾ ആർത്തവാരംഭത്തിനുള്ള പ്രവണതകൾ കാണിക്കുന്നു. ആർത്തവവിരാമം നടക്കുന്നത് ഏകദേശം അമ്പത്തിയഞ്ചു വയസ്സു മുതൽ മുകളിലും. അതായതു സ്ത്രീകളുടെ ആർത്തവസമയത്തിന് ഏകദേശം പതിനഞ്ചു മുതൽ ഇരുപതു വർഷം വരെ വ്യത്യാസം ഉണ്ടായിരിക്കുന്നു. ഇതു സ്ത്രീശരീരത്തിൽ ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനം വളരെ കൂടുതൽ ആണ്. ആർത്തവകാലം നീണ്ടുനിൽക്കുന്നതു ചില രോഗങ്ങളുടെ പ്രതിരോധത്തിനു നല്ലതാണെങ്കിലും ഹോർമോൺ വ്യതിയാനം കാൻസറിനു കാരണമാകാം.
കാൻസർ ചികിത്സാചെലവു വർധിക്കും എന്ന ചില മെഡിക്കൽ വാർത്തകളിൽ സത്യമുണ്ടോ ?
മറ്റു ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവു കുറഞ്ഞ ചികിത്സാരീതിയാണ് ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും നടപ്പിലാക്കി വന്നിരുന്നത്. എന്നാലിപ്പോൾ ഏറ്റവും നൂനതമായ ചികിത്സാരീതികൾ പിന്തുടരാൻ തുടങ്ങിയതോടെ കാൻസർ ചികിത്സ കൂടുതൽ ചെലവേറിയതായി.
അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പാത പിന്തുടർന്നാണു കേരളത്തിലേയും നൂതന ചികിത്സാരീതികൾ മുന്നോട്ടു പോകുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ മലാശയ കാൻസറിന് ഇമ്യൂണോ തെറപ്പിയാണ് അമേരിക്കൻ അസോസിയേഷൻ ഓഫ് മെഡിക്കൽ ഓങ്കോളജി ശുപാർശ ചെയ്യുന്നത്. മൂന്നാഴ്ചത്തേക്കുള്ള മരുന്നിന് 20 ലക്ഷം രൂപയാണു ചെലവ്. ഈ മരുന്ന് ഒരു വർഷത്തോളം ഉപയോഗിക്കണം. ഏകദേശം നാലു കോടിയോളം രൂപയാണ് ഒരു വർഷത്തേക്കുള്ള ചികിത്സാചെലവ്.
ആ 180ൽ ഒരാളാകാതിരിക്കാൻ എന്തു ചെയ്യാം?
ഒരു ലക്ഷം മലയാളികളിൽ 180 പേർക്ക് എന്നതാണ് ഇന്നത്തെ കാൻസർ വ്യാപനതോത്. ആ നൂറ്റിഎൺപതു േപരിൽ ഒരാളാകാതിരിക്കാൻ ഇന്നു മുതൽ തയാറെടുപ്പുകൾ തുടങ്ങാം. ആഹാരം നിയന്ത്രിക്കുക, വ്യായാമം െചയ്യുക, സംശയങ്ങളുണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയമാകുക, രോഗം നേരത്തെ കണ്ടുപിടിക്കുക, ചികിത്സിക്കുക. തീർച്ചയായും രോഗത്തെ കീഴ്പ്പെടുത്താൻ കഴിയും.
അർബുദം കേരളത്തിൽ
കേരളത്തിന്റെ രണ്ട് അറ്റങ്ങളിലും കാണുന്ന കാൻസറിന്റെ സ്വഭാവം വ്യത്യാസപ്പെട്ടിരിക്കുന്നു. 2018 കാൻസർ രജിസ്ട്രറി പ്രകാരം കാസർഗോഡ് ജില്ലയിൽ കാണുന്ന കാൻസർ തോതും തിരുവനന്തപുരം ജില്ലയിലെ കാൻസർ തോതും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാരിൽ കാണുന്ന കാൻസർ. ആദ്യത്തെ അഞ്ച് എണ്ണം ക്രമപ്രകാരം
കാസർഗോഡ് ജില്ലയിൽ 1. ശ്വാസകോശം, 2. വായ 3. ആമാശയം, 4. നാക്ക്, 5. മലാശയം എന്നാണു ക്രമം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ ആദ്യത്തെ അഞ്ച് അർബുദങ്ങളിൽ ആമാശയം ഇല്ല. അതേസമയം കരൾ കാൻസർ, ലിംഫോമ എന്നിവ ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്നാൽ കണ്ണൂർ ജില്ലയിൽ ക്രമം ഇങ്ങനെ, 1. ശ്വാസകോശം, 2. ആമാശയം, 3. പ്രോേസ്റ്ററ്റ് ഗ്രന്ഥി, 4. കരൾ, 5. മലാശയം.
ത്രീകളിൽ എല്ലാ ജില്ലകളിലും സ്തനാർബുദം തന്നെയാണു ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. വടക്കൻ ജില്ലകളിൽ ശ്വാസകോശാർബുദം കൂടുതലായി കാണുമ്പോൾ തെക്കൻ ജില്ലകളിൽ തൈറോയ്ഡ് കാൻസർ ആണ് കൂടുതലും. ഗർഭാശയ കാൻസർ രണ്ടിടങ്ങളിലും കൂടുതലായി കാണുന്നു.
പുത്തൻ ചികിത്സകൾ
കേരളത്തിൽ സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും നൂതനമായ ചികിത്സാരീതികൾ പിന്തുടരാൻ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആർസിസിയിലും കണ്ണൂർ മലബാർ കാൻസർ സെന്ററിലും റോബോർട്ടിക് സർജറി സംവിധാനം പൂർണസജ്ജമായി.
രോഗനിർണയ രംഗത്തു വൻ കുതിച്ചുചാട്ടത്തിനു വഴിയൊഴുക്കിക്കൊണ്ട് ആർസിസിയെയും എംസിസിയെയും ഡിജിറ്റൽ പത്തോളജി സെന്റർ ഓഫ് എക്സലൻസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പേഴ്സണലൈസ്ഡ് ലൈസൻസ് മെഡിസിൻ സെന്റർ ഓഫ് എ ക്സലൻസ് ആയി എംസിസി മാറാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഇതൊക്കെ കാൻസർ ചികിത്സയിൽ വരാനിരിക്കുന്ന കാലത്ത് വലിയ മാറ്റങ്ങൾക്ക് വഴിെതളിക്കും.
വിവരങ്ങൾക്ക് കടപ്പാട്:
1. ഡോ. നാരായണൻകുട്ടി വാര്യർ
െമഡിക്കൽ ഡയറക്ടർ,
എംവിആർ കാൻസർ
സെന്റർ ആൻഡ്
റിസർച് ഇൻസ്റ്റിറ്റ്യൂട്ട്,
കോഴിക്കോട്
2. ഡോ. സതീശൻ
ബാലസുബ്രഹ്മണ്യൻ
ഡയറക്ടർ,
മലബാർ കാൻസർ സെന്റർ
തലശ്ശേരി, കണ്ണൂർ
3. ഡോ. ലിജേഷ് എ.എൽ
െമഡിക്കൽ സൂപ്രണ്ട്,
റീജനൽ കാൻസർ സെന്റർ,
തിരുവനന്തപുരം