പ്രണയത്തിൽ ശരിതെറ്റുകൾ ഇല്ലാതായി; പുരുഷമേധാവിത്വം ഇനിയും മാറാനുണ്ട്: ഡോ. വർഗീസ് പുന്നൂസ് പറയുന്നു The Evolving Psychology of Love
വിവാഹത്തിലേക്കു കടക്കാനായോ വിവാഹത്തിനുള്ളിൽ മാത്രമായോ മാത്രമുള്ള പ്രണയം എന്ന ചിന്ത പുതുതലമുറയ്ക്കില്ല. ബന്ധങ്ങൾ നന്നായി അവസാനിപ്പിക്കുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്ന മാറ്റവും സ്വാഗതാർഹമാണ്.
വിവാഹത്തിലേക്കു കടക്കാനായോ വിവാഹത്തിനുള്ളിൽ മാത്രമായോ മാത്രമുള്ള പ്രണയം എന്ന ചിന്ത പുതുതലമുറയ്ക്കില്ല. ബന്ധങ്ങൾ നന്നായി അവസാനിപ്പിക്കുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്ന മാറ്റവും സ്വാഗതാർഹമാണ്.
വിവാഹത്തിലേക്കു കടക്കാനായോ വിവാഹത്തിനുള്ളിൽ മാത്രമായോ മാത്രമുള്ള പ്രണയം എന്ന ചിന്ത പുതുതലമുറയ്ക്കില്ല. ബന്ധങ്ങൾ നന്നായി അവസാനിപ്പിക്കുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്ന മാറ്റവും സ്വാഗതാർഹമാണ്.
കാലം മാറുമ്പോഴും പ്രണയം മാറുന്നില്ല എന്നാണ് എയ്റ്റീസ് കിഡ്സും ജെൻ സീയും ഒരുപോലെ പറയുന്നത്. ഫാൻസി ഡ്രസ് പോലെ ഇടയ്ക്കൊന്നു രൂപവും ഭാവവും മാറുന്നുണ്ടെങ്കിലും, ഉള്ളിലിരുന്നു പുഞ്ചിരിക്കുന്ന ഓർമയായും നനുത്ത നോവായുമൊക്കെ പ്രണയത്തിന്റെ മധുരം മാറാതെ നിൽക്കുന്നു. എന്നാൽ കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലും മനശാസ്ത്ര വിഭാഗം പ്രഫസറുമായ ഡോ. വർഗീസ് പുന്നൂസ് പറയുന്നത് കാലം മാരുന്നതിനൊപ്പം പ്രണയത്തിന്റെ മനശാസ്ത്രവും മാറുന്നു എന്നാണ്.
‘‘ആദം ഹവ്വയെ ആദ്യമായി കണ്ടപ്പോൾ പ്രണയപ്രഖ്യാപനം പോ ലെ പറഞ്ഞതിങ്ങനെ, You are the bone of my bones, you are the flesh of my flesh... മനുഷ്യന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത ഏറ്റവും അടിസ്ഥാനവികാരം തന്നെയാണു പ്രണയം.
ഇണ ചേരാനുള്ള ബയോളജിക്കൽ തോന്നലിലേക്കു നയിക്കുന്ന പരസ്പര സ്നേഹമാണ് അതെന്നും പറയാം.
കാലവും ദേശവും സാംസ്കാരികമാറ്റവുമൊക്കെ പ്രണയത്തെയും സ്വാധീനിച്ചിട്ടുണ്ട്. ദാമ്പത്യത്തിലെ പ്രണയത്തിനപ്പുറമുള്ള ഒന്നും പണ്ട് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഒന്നിച്ചുപഠിക്കുന്നവരും അയൽക്കാരുമൊക്കെ പ്രണയത്തിലാകുന്നതു തെറ്റായി കണ്ടിരുന്നു. പ്രകടിപ്പിക്കാനാകാത്ത വികാരമായി പ്രണയം അടക്കിപ്പിടിച്ചു.
പൊസസീവ്നസ് ഇന്നും കുറഞ്ഞിട്ടില്ല
ആശയവിനിമയത്തിലും വിഭ്യാഭ്യാസത്തിലും വന്ന പുരോഗതിയോടെ പ്രണയത്തിൽ ശരിതെറ്റുകൾ ഇല്ലാതായി. വിവാഹത്തിലേക്കു കടക്കാനായോ വിവാഹത്തിനുള്ളിൽ മാത്രമായോ മാത്രമുള്ള പ്രണയം എന്ന ചിന്ത പുതുതലമുറയ്ക്കില്ല. ബന്ധങ്ങൾ നന്നായി അവസാനിപ്പിക്കുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്ന മാറ്റവും സ്വാഗതാർഹമാണ്. അതിജീവനം ന്യൂജനറേഷന് മിക്കപ്പോഴും എളുപ്പം സാധ്യമാകുന്നുമുണ്ട്.
പക്ഷേ, പ്രണയത്തിലെ ഉടമസ്ഥതാ ഭാവം (പൊസസീവ്നസ്) ഇന്നും കുറഞ്ഞിട്ടില്ല. പൊസസീവ്നസ് കൂടുമ്പോൾ ടോക്സിക് ആകുകയും അതു സംശയമായി മാറി അമിതനിയന്ത്രണം വയ്ക്കുന്നതും സ്വാഭാവികം.
മൊബൈൽ ഫോൺ മുതൽ ബാങ്ക് അക്കൗണ്ട് വരെ ഇടയ്ക്കിടെ പരിശോധിക്കുന്ന ഇത്തരക്കാർ ആത്മഹത്യാഭീഷണി പോലുള്ള ഇമോഷനൽ ബ്ലാക്മെയ്‌ലിങ് നടത്തി പങ്കാളിയെ സമ്മർദത്തിലാക്കും. പ്രണയത്തിൽ ടോക്സിക് ആയ സ്ത്രീകളുമുണ്ട്. പക്ഷേ, പുരുഷന്മാരുടെ ടോക്സിസിറ്റിക്കാണു രൂക്ഷത കൂടുതൽ.
സംശയവും അസൂയയും രോഗമാകാം
ഇങ്ങനെ ‘പെട്ടി’രിക്കുന്നവർ അതിൽ നിന്നു രക്ഷ നേടാനുള്ള ധൈര്യം കാണിക്കണം. വേണ്ടി വന്നാൽ നിയമസഹായമോ മനഃശാസ്ത്ര സഹായമോ തേടാം. ബന്ധത്തിന്റെ ട്രോമ പരിഹരിക്കുന്നതിനു ഫോക്കസ്ഡ് സൈക്കോതെറപി പോലുള്ളവ ഇന്നുണ്ട്.
സംശയവും അസൂയയും രോഗമായി മാറുന്ന അവസ്ഥയാണു ഡെലൂഷനൽ സിൻഡ്രം (ഒഥല്ലോ സിൻഡ്രം). ഇതിനു മരുന്നുകളോ സൈക്കോതെറപിയോ ആവശ്യമായി വന്നേക്കാം. പക തീർക്കാനായി ഉപദ്രവിക്കുന്നതു മുതൽ സൈബർ ആക്രമണം വരെയായി മാറുന്ന ഈ രോഗാവസ്ഥ തിരിച്ചറിയുന്നതും കൗൺസലിങ്ങിനു തയാറാകുന്നതും പ്രധാനമാണ്. മനസ്സിന്റെ മുറിവുണക്കാനായി സ്വയം മുറിവേൽപ്പിക്കുന്നതു പോലുള്ള രീതികൾ പുതിയ തലമുറയ്ക്കുണ്ട്.
വിരഹത്തെ കൈകാര്യം ചെയ്യാനും സപ്പോർടിങ് സൈക്കോതെറപിയും മരുന്നുകളും വേണ്ടിവരും.
പകയും വാശിയും അപകടകരം
പ്രണയത്തിലായിരിക്കുമ്പോൾ ഏറ്റവും നല്ല വ്യക്തിയായിരുന്നയാൾ പ്രണയം ഇല്ലാതാകുമ്പോൾ എന്നെ തകർത്തത് അവളാണ്/ അവനാണ് എന്നു ചിന്തിച്ചുതുടങ്ങും. ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോർഡർ പോലെയുള്ളവരിൽ ഈ പകയും വാശിയും അപകടകരമായി മാറാം. ഇന്റിമേറ്റ് ആയി നടന്ന കാര്യങ്ങൾ പോലും അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനും ഇത്തരക്കാർ ഉപയോഗിക്കാം.
ഡയലക്ടിക്കൽ ബിഹേവിയറൽ തെറപി പോലുള്ളവയാണ് ഇവർക്കു വേണ്ടിവരുക.
പ്രണയത്തിന്റെ ഭാഗമായി ഫിസിക്കൽ റിലേഷൻഷിപ് സ്വാഭാവികമായി. ബന്ധങ്ങളിൽ ആരോഗ്യകരമായ മാറ്റം വന്നെങ്കിലും അതു കൂടുതൽ കാണുന്നതു സ്ത്രീകളിലാണ്. മാറാനുള്ള മനസ്സു മിക്കവർക്കുമുണ്ടെങ്കിലും പുരുഷമേധാവിത്വം പോലുള്ളവയിൽ ഇനിയും മാറ്റം വരേണ്ടതുണ്ട്.’’ ഡോ. വർഗീസ് പുന്നൂസ് പറയുന്നു.