‘അച്ഛനെക്കുറിച്ച് ഓർക്കാതെ, അച്ഛന്റെ മരണത്തെക്കുറിച്ച് ഓർക്കാതെ, ദുഃഖമില്ലാത്തവളെപ്പോലെ ഞാൻ നടന്നു...’: അല്ലി പറയുന്നു The Journey of Alli: From 'Ninnilekulla Vazhikal' to 'Muriyil Thaniyaypoya Penkutti'
മലയാളത്തിലെ ശ്രദ്ധേയയായ യുവകവിയത്രിയും ചിത്രകാരിയുമാണ് അല്ലി. പത്ത് വർഷം മുമ്പാണ് അല്ലിയുടെ ആദ്യ കവിതാസമാഹാരം ‘നിന്നിലേക്കുള്ള വഴികൾ’ പ്രിസിദ്ധീകരിച്ചത്. കാവ്യവായനക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ആ കൃതിക്കു ശേഷം അല്ലി ഏറെക്കുറെ അദൃശ്യയായി. പതിറ്റാണ്ടോളം നീണ്ട മൗനം. ആ പിൻവലിയൽ അവസാനിച്ചത് കഴിഞ്ഞ മാസം
മലയാളത്തിലെ ശ്രദ്ധേയയായ യുവകവിയത്രിയും ചിത്രകാരിയുമാണ് അല്ലി. പത്ത് വർഷം മുമ്പാണ് അല്ലിയുടെ ആദ്യ കവിതാസമാഹാരം ‘നിന്നിലേക്കുള്ള വഴികൾ’ പ്രിസിദ്ധീകരിച്ചത്. കാവ്യവായനക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ആ കൃതിക്കു ശേഷം അല്ലി ഏറെക്കുറെ അദൃശ്യയായി. പതിറ്റാണ്ടോളം നീണ്ട മൗനം. ആ പിൻവലിയൽ അവസാനിച്ചത് കഴിഞ്ഞ മാസം
മലയാളത്തിലെ ശ്രദ്ധേയയായ യുവകവിയത്രിയും ചിത്രകാരിയുമാണ് അല്ലി. പത്ത് വർഷം മുമ്പാണ് അല്ലിയുടെ ആദ്യ കവിതാസമാഹാരം ‘നിന്നിലേക്കുള്ള വഴികൾ’ പ്രിസിദ്ധീകരിച്ചത്. കാവ്യവായനക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ആ കൃതിക്കു ശേഷം അല്ലി ഏറെക്കുറെ അദൃശ്യയായി. പതിറ്റാണ്ടോളം നീണ്ട മൗനം. ആ പിൻവലിയൽ അവസാനിച്ചത് കഴിഞ്ഞ മാസം
മലയാളത്തിലെ ശ്രദ്ധേയയായ യുവകവിയത്രിയും ചിത്രകാരിയുമാണ് അല്ലി. പത്ത് വർഷം മുമ്പാണ് അല്ലിയുടെ ആദ്യ കവിതാസമാഹാരം ‘നിന്നിലേക്കുള്ള വഴികൾ’ പ്രിസിദ്ധീകരിച്ചത്. കാവ്യവായനക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ആ കൃതിക്കു ശേഷം അല്ലി ഏറെക്കുറെ അദൃശ്യയായി. പതിറ്റാണ്ടോളം നീണ്ട മൗനം. ആ പിൻവലിയൽ അവസാനിച്ചത് കഴിഞ്ഞ മാസം വായനക്കാരിലേക്കെത്തിയ ‘മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി’ എന്ന പുസ്കത്തിലൂടെയാണ്. മനോഹരമായ 38 കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരം. ഇത്രകാലം എന്തേ എഴുത്തിൽ നിന്നു മാറി നിന്നു ? ഈ ചോദ്യത്തിനുള്ള ഉത്തരം അല്ലി പറയുകയാണ് ‘വനിത ഓൺലൈനിലൂടെ’...
എക്കാലത്തെയും സ്വപ്നം
എഴുത്തുകാരിയാവണം എന്നത് എക്കാലത്തെയും സ്വപ്നമായിരുന്നു. 2017 ലാണ് എന്റെ ആദ്യ പുസ്തകം ‘നിന്നിലേക്കുള്ള വഴികൾ’ പ്രസിദ്ധീകരിക്കുന്നത്. അത് അവിചാരിതവും അത്ഭുതകരവുമായിരുന്നു. നീണ്ട പത്ത് വർഷങ്ങൾക്കുശേഷം ഇപ്പോൾ രണ്ടാമത്തെ പുസ്തകം ‘മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി’ പുറത്തിറക്കിയിരിക്കുകയാണ്. എന്റെ ജീവിതമൊരു സിനിമയായിരുന്നെങ്കിൽ, അതിനെ ഞാൻ ‘നിന്നിലേക്കുള്ള വഴികൾ’ എന്ന പുസ്തകമിറങ്ങിയത് വരെയുള്ള കാലമെന്നും ‘മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി’ എന്ന പുസ്തകമിറങ്ങിയതു വരെയുള്ള കാലമെന്നും അതിനുശേഷമുള്ള കാലമെന്നും വേർതിരിക്കും. ആദ്യ പുസ്തകമിറങ്ങുമ്പോൾ ഞാൻ എന്റെ ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് ആർക്കിടെക്ട് ആയി ജോലി ചെയ്യുകയായിരുന്നു. എന്നാൽ മനസ്സുകൊണ്ട് ഞാൻ ഒരു കുട്ടിയായിരുന്നു അതുവരെയുള്ള കവിതകളെ ‘പാകമാവാത്ത ഞാൻ’ എഴുതിയ കവിതകളായാണ് സ്വയം വിലയിരുത്തുന്നത്. പുസ്തക പ്രകാശത്തിന് ശേഷം ഇനിയും ഒരുപാട് എഴുതണമെന്നും, എഴുത്തിന്റെയും വായനയുടെയും ലോകത്ത് നിറഞ്ഞുനിൽക്കണമെന്നും കരുതി. പക്ഷേ ജീവിതം നമ്മളെ കൊണ്ടുപോകുക - തീരെ പ്രതീക്ഷിക്കാത്ത ധ്രുവങ്ങളിലേക്കാണല്ലോ. എന്റെ ജീവിതത്തിലെ സംഭവബഹുലമായ വർഷങ്ങളുടെ തുടക്കമായിരുന്നു അത്.
പറിച്ചു നട്ട ജീവിതം
പുസ്തക പ്രകാശനത്തിനുശേഷം നാല് മാസത്തിനകം എന്റെ വിവാഹം കഴിഞ്ഞു. ആറുമാസത്തിനകം എന്റെ അച്ഛൻ രോഗാതുരമായ - ഒരു വർഷത്തോളം നീണ്ടുനിന്ന - ദുഃസ്സഹ ജീവിതത്തിൽ നിന്നും വിട പറഞ്ഞു. ഞങ്ങളെ വിട്ടു പോയി. ആറുമാസം ആവുന്നതിനു മുൻപുതന്നെ എനിക്ക് പിജി അഡ്മിഷൻ ലഭിക്കുകയും, തിരുവനന്തപുരത്തേക്ക് ജീവിതം പറിച്ചു നടപ്പെടുകയും ചെയ്തു. അതുവരേക്കും ജീവിച്ചുകൊണ്ടിരുന്ന ജീവിത സാഹചര്യങ്ങളേയല്ല. ചുറ്റുപാടുകളും, ആളുകളും, രീതികളും, എല്ലാം മാറിപ്പോയി. എല്ലാം തലകീഴായി മറിഞ്ഞു. ഒരു പുസ്തകം മാത്രമെഴുതി, എഴുത്തു നിർത്തിയ ഒരുപാട് പേരെക്കുറിച്ച് പറഞ്ഞുതന്ന, എഴുത്തു തുടർന്നുകൊണ്ടേയിരിക്കണം എന്ന് ഓർമ്മിപ്പിച്ചവരെയോർത്തു. പക്ഷേ ഞാനും, പതിയെ അതേ പാതയിലേക്ക് തന്നെ പോവുകയായിരുന്നു. എന്തിനും ഓടിയെത്താവുന്ന വീട്. അച്ഛനില്ലാതെ അമ്മ തനിച്ചായി പോയ വീട്. അച്ഛന്റെ രോഗത്തിന്റെ ദുഃഖം പേറി, കനം വെച്ചു പോയ വീട്...വല്ലാതെ ഹോംസിക്ക് ആയിരുന്ന എന്നെ വീഴാതെ നേരെ നിർത്തുവാൻ ഞാൻ ഒരുപാട് പണിപ്പെട്ടു...
സന്തോഷത്തിന്റെ മുഖംമൂടി
കോളേജിൽ അർബൻ ഡിസൈനിങ്ങിൽ ആയിരുന്നു അഡ്മിഷൻ ആർക്കിടെക്ച്ചറിന്റെ പിജി കോഴ്സ്. ഒരുപാട് ആഗ്രഹിച്ചു കിട്ടിയ സീറ്റാണ്. രാത്രിയിൽ ഉറക്കമില്ലാതെ ചെയ്തുതീർക്കേണ്ട വർക്കുകൾ, ഗ്രൂപ്പ് പ്രോജക്ടുകൾ- കോളേജ് വേറെ തന്നെയൊരു ലോകമായിരുന്നു. അച്ഛന്റെ മരണം മനസ്സിൽ വല്ലാത്ത ശൂന്യത സൃഷ്ടിച്ചിരുന്നു. പക്ഷേ ഞാനത് ഭാവിച്ചതേയില്ല. അച്ഛനെക്കുറിച്ച് ഓർക്കാതെ, അച്ഛന്റെ മരണത്തെക്കുറിച്ച് ഓർക്കാതെ, ദുഃഖമില്ലാത്തവളെപ്പോലെ ഞാൻ നടന്നു... സന്തോഷത്തിന്റെ ഒരു മുഖം മൂടിയെടുത്തണിഞ്ഞു. എഴുതാൻ മറന്നുപോയ ദിവസങ്ങൾ. എഴുത്തിനെ വിട്ടു കളയരുതെന്നുറച്ച് എഴുതാനിരുന്ന ദിവസങ്ങൾ. ദിവസങ്ങൾ അതിവേഗം ഓടി. ഒന്നും എഴുതുവാനാവാതെ ഞാനും നിസ്സഹായയായി, ദിവസങ്ങളുടെ കൂടെയോടി. ആറുമാസം കൂടുമ്പോൾ മാത്രം വീട്ടിലെത്തുന്ന, ജോലിത്തിരക്കുകൾ ഉള്ള ഭർത്താവ്, അച്ഛന്റെ മരണത്തോടെ എന്നെപ്പോലെ ഒറ്റയ്ക്കായി പോയ അമ്മ, അനിയത്തി. വല്ലപ്പോഴും മാത്രം ലഭിക്കുന്ന കോളേജവധി ദിനങ്ങൾ, ഞാൻ രണ്ടു വീടുകൾക്കുമായി പങ്കുവെച്ചു. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് ബസ് കയറി, പുലർച്ചെ കോഴിക്കോട് വന്നിറങ്ങി. ഞായറാഴ്ച വൈകുന്നേരം ട്രെയിനിലോ ബസ്സിലോ തന്നെ തിരിച്ചുപോയി. ശരിക്കുമൊന്ന് ശ്വസിക്കുവാൻ പോലുമാവാതെ ഞാൻ ജീവിതത്തിന്റെ തീരത്തിരുന്നു പോയി.. അച്ഛൻ പോയതിന്റെ ദുഃഖം... അമ്മയെ വിട്ട് വിവാഹശേഷം വീട് മാറിയതിന്റെ ദുഃഖം.. വിവാഹം കഴിഞ്ഞ ഉടനെ ഭർത്താവിനെ പിരിഞ്ഞുനിൽക്കുന്നതിന്റെ ദുഃഖം...ദുഃഖം വലിയൊരു കാർമേഘമായി നിറഞ്ഞു. പക്ഷേ വീണ്ടും കാർമേഘത്തെ ഞാൻ മനസ്സിലൊളിപ്പിച്ചു. മുഖത്ത് ചിരിയെടുത്തണിഞ്ഞു. ഏകാന്തത ജീവിതത്തെ കാർന്നു തിന്നു. കോളേജിലെ പ്രോജക്ടുകളിൽ, ഒരിക്കലും തീരാത്ത അസൈൻമെന്റുകളിൽ, ഹോസ്റ്റൽ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളിൽ, മുഖം പൂഴ്ത്തി ഞാൻ ഒരുവിധം പിടിച്ചുനിന്നു.
കരയാതെയും നമുക്ക് കരയാം
അച്ഛൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞിരുന്നില്ല. ഞാൻ മാത്രമല്ല. അമ്മയും, അനിയത്തിയും. ദുഃഖം ഇല്ലാഞ്ഞിട്ടാണ് കരയാഞ്ഞതെന്ന് ഒരുപാട് പഴികേട്ടു...കരയാതെയും നമുക്ക് കരയാനാവുമെന്ന്- ചിരിക്കാതെയും ചിരിക്കാനാവുമെന്ന് - ജീവിക്കാതെയും ജീവിക്കാനാവുമെന്ന് - അറിയാവുന്നവർ ചുരുക്കമാണ്. ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഏതോ ഒരു നിമിഷം വീണ്ടും, മനസ്സിൽ അടക്കിവെച്ചതെല്ലാം അക്ഷരങ്ങളായി പുറത്തുവന്നു.. ഒരുപാട് കാലത്തിനുശേഷം എന്റെ കടലാസിൽ മഷി പുരണ്ടു. എഴുതുന്നതിന്റെ ആനന്ദം ഞാൻ വീണ്ടുമറിഞ്ഞു. എഴുത്തിനെ എന്റെ സകല വേദനകൾക്കുമുള്ള മരുന്നായി കരുതി. അച്ഛനെ കുറിച്ചാണ് ആദ്യം എഴുതുന്നത്. മരണത്തെക്കുറിച്ച് ഞാൻ ആദ്യ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പക്ഷേ മരിച്ചിട്ടും മരിക്കാത്ത- എന്റെ കൂടെ ഇപ്പോഴുമുള്ള എന്റെ അച്ഛനെപ്പറ്റി ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ വീണ്ടും കവിത എഴുതി. ഹോസ്റ്റല്‍ മുറിയില്‍ കൂട്ടുകാരിയില്ലാതെ തനിച്ചായി പോയൊരു വൈകുന്നേരം, തികട്ടി വന്ന ഓർമ്മകളെ കൂട്ടിത്തുന്നി - ‘മുറിയിൽ തനിച്ചായി പോയ പെൺകുട്ടി’ എന്ന കവിത എഴുതി. പിന്നൊരുനാൾ, തുറന്നിട്ട ജനലിലൂടെ എന്നെ ഉറ്റുനോക്കിയ തവള - ചെറുപ്പത്തിൽ രാജകുമാരി എന്ന് സങ്കൽപ്പിച്ച് തവളകളോട് സംസാരിക്കാറുണ്ടായിരുന്ന, കുട്ടിയായ എന്നെത്തന്നെ ഓർമ്മിപ്പിച്ചു. അങ്ങനെയാണ് ‘തവള’ എന്ന കവിത എഴുതുന്നത്. ഇങ്ങനെ പലതും എനിക്ക് പിന്നെയും കവിത തന്നു. എഴുതാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് എഴുത്തുകൾ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. എഴുതാതിരിക്കുന്നത് മരണമാണെന്നും, എഴുത്താണ് ജീവിതമെന്നും പതിയെയറിഞ്ഞു. കോവിഡ് കാലത്താണ് ഇങ്ങനെ കവിത എഴുതിവെച്ച രണ്ടുമൂന്ന് ഡയറികൾ, ഹോസ്റ്റൽ ഷിഫ്റ്റിംഗ് സമയത്ത് നഷ്ടപ്പെടുന്നത്. അന്ന് ഞാൻ പൂർണ്ണ ഗർഭിണിയായിരുന്നു. നേരാംവണ്ണം നടക്കുവാനോ കിടക്കുവാനോ പോലും കഴിയാത്തത്ര വലിപ്പമുള്ള വയറും വെച്ച്, ട്രെയിൻ കയറുവാൻ കഴിയുമായിരുന്നെങ്കിൽ എന്റെ ഡയറികൾ തേടി ഞാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയേനെ..! ആ പുസ്തകങ്ങളും കവിതകളും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഞാൻ എന്നെത്തന്നെ പഴിച്ചു. നിരാശയും, സങ്കടവും, ദേഷ്യവും, എന്നെ കീഴടക്കി. ഇനിയൊരിക്കലും എഴുതുകയില്ലെന്ന് മനസ്സിലുറപ്പിച്ചു. പക്ഷേ കവിതകളനുസരിക്കുമോ..! മഴയത്ത് കൂണുകൾ മുളക്കും പോലെ, മരത്തിൽ നിന്ന് ഇലപൊഴിയും പോലെ, കടലിലെ തിരമാലകൾ പോലെ, പുതുമഴ പെയ്യുംപോലെ, അവ എനിക്ക് പിന്നാലെ വന്നു. കുറേ കവിതകളെ ഞാൻ വാശിയോടെ തലയിൽ തന്നെ കുഴിച്ചിട്ടു. പക്ഷേ അവ വീണ്ടും മുളച്ചു. എന്നെ പറ്റിച്ച് പുസ്തകത്തിലേക്കെടുത്തുചാടി. ‘എഴുതാത്തവ’ എന്ന കവിതയിലിരുന്ന്‍ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു... എഴുതാതിരിക്കാനെനിക്കാവില്ല എന്ന്, വീണ്ടും ഓർമിപ്പിച്ചു....ഈ പുസ്തകത്തിലെ ഓരോ കവിതകളും, എന്നെ തേടി വന്നവയാണ്. ഞാൻ പിന്നാലെ പോയി കൈക്കലാക്കിയവയല്ല..!
എന്നിലേക്ക് വന്നുവീണ അത്ഭുതങ്ങള്‍
ഉത്തരം കിട്ടാതെ പരന്നുകിടക്കുന്ന പ്രപഞ്ചം ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു.. പാരലല്‍ യൂണിവേഴ്സും, പ്രപഞ്ചനിഗൂഢതകളും കവിതകളിൽ നിറഞ്ഞു. ജീവിതത്തിൽ ഇല്ലാത്ത മാജിക് കവിതയിലെഴുതി വെച്ചു. സറിയലിസം- മാജിക്കല്‍ റിയലിസം ശൈലിയില്‍ ചിത്രങ്ങൾ വരച്ചിരുന്ന, ചിത്രകാരനായ അച്ഛന്റെ മകൾ- കവിതകളിൽ അതേ പാത തുടർന്നു. ‘മാജിക്കല്‍ റിയലിസം’ എന്നൊരു കവിതയും പുസ്തകത്തിലുണ്ട്. ‘മുറിയിൽ തനിച്ചായി പോയ പെൺകുട്ടി’ എന്ന പുസ്തകത്തിലെ 38 കവിതകളിൽ ഓരോ കവിതയും, ഇനിയൊരിക്കലും എഴുതുവാനാവില്ല എന്ന് കരുതി, എഴുത്തിൽ നിന്നും വേദനയോടെ തിരിഞ്ഞു നടന്ന എന്നിലേക്ക് വന്നുവീണ അത്ഭുതങ്ങളാണ്. ജീവിതം നമുക്കിഷ്ടമുള്ളത് പോലെയൊന്നുമാകില്ല... ജീവിതം ചെറുപ്പത്തിൽ കേട്ട് വളർന്ന സിൻഡ്രല്ല കഥയുമല്ല. പക്ഷേ മനസ്സിൽ കൊത്തിവെച്ച, മായാത്ത ആഗ്രഹങ്ങളൊക്കെയും പുറത്തേക്ക് പ്രതിഫലിക്കുകതന്നെ ചെയ്യും. എഴുത്തുകാരിയാവണമെന്ന അതിയായ ആഗ്രഹമാണ്, ഇത്രയും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പിന്നെയും എഴുതാനും, അവയെല്ലാം അടുക്കിവെച്ച്, വരികൾ വീണ്ടും വീണ്ടും മാറ്റിയെഴുതി, ആദ്യ പുസ്തകത്തിലെപ്പോലെ തന്നെ കവിതയ്ക്ക് സ്വയം ചിത്രങ്ങൾ വരച്ച്, രണ്ടാമത്തെ പുസ്തകം ഇറക്കാനും, എന്നെ പ്രേരിപ്പിച്ചത്..
തനിച്ചായി പോയ പെണ്‍ ജന്മങ്ങള്‍ക്ക്
ജീവിതത്തിന്റെ മുറിയിൽ തനിച്ചായി പോയ പെണ്‍ ജന്മങ്ങള്‍ക്ക് ഞാൻ ഈ പുസ്തകം സമർപ്പിക്കുകയാണ്. ദുഃഖങ്ങളിൽ നിന്ന് ഉയർന്നു വരാനുള്ള എന്റെ അതിയായ ആഗ്രഹമാണ് ഈ പുസ്തകം. രണ്ട് കവിതാപുസ്തകങ്ങൾ ഇതുവരെയിറങ്ങി. ഇനി കഥയെഴുത്തിലേക്ക് പതിയെ കടക്കണമെന്നുണ്ട്. അതും നടക്കും. ഇനിയും ഒരുപാട് പുസ്തകങ്ങൾ പിറക്കും. ജീവിതം നമ്മളെ എവിടെക്കൊണ്ടിട്ടാലും, സ്വപ്നങ്ങളെ മുറുക്കെ പിടിച്ചു തന്നെ മുന്നോട്ടു പോകണം. എല്ലാവരും അവരവരുടെ സ്വപ്നങ്ങളെ സ്വന്തമാക്കട്ടെ...