കുഞ്ഞുടുപ്പ് കണ്ടു മനസ്സിൽ കത്തിയ ഐഡിയ: വൺ ഹാൻഡ് എംബ്രോയ്ഡറിയുടെ ഓരോ വർക്കും വ്യത്യസ്തമാകുന്നത് ഇങ്ങനെ The Inspiring Story Behind 'One Hand Embroidery'
ടീ ഷർട്ടിൽ ബോക്സുകൾ പോലെ വരുന്ന വർക്കിനാണ് ഇപ്പോൾ ഡിമാൻഡ്. കപ്പിൾ സ്പെഷലാണത്. ആദ്യം കണ്ട ഡേറ്റ്, ഒന്നിച്ചു കണ്ട സിനിമ എന്നിങ്ങനെ നിറമുള്ള നിമിഷങ്ങൾ എംബ്രോയ്ഡറിയാക്കും.
ടീ ഷർട്ടിൽ ബോക്സുകൾ പോലെ വരുന്ന വർക്കിനാണ് ഇപ്പോൾ ഡിമാൻഡ്. കപ്പിൾ സ്പെഷലാണത്. ആദ്യം കണ്ട ഡേറ്റ്, ഒന്നിച്ചു കണ്ട സിനിമ എന്നിങ്ങനെ നിറമുള്ള നിമിഷങ്ങൾ എംബ്രോയ്ഡറിയാക്കും.
ടീ ഷർട്ടിൽ ബോക്സുകൾ പോലെ വരുന്ന വർക്കിനാണ് ഇപ്പോൾ ഡിമാൻഡ്. കപ്പിൾ സ്പെഷലാണത്. ആദ്യം കണ്ട ഡേറ്റ്, ഒന്നിച്ചു കണ്ട സിനിമ എന്നിങ്ങനെ നിറമുള്ള നിമിഷങ്ങൾ എംബ്രോയ്ഡറിയാക്കും.
കൊച്ചി നേവി മാരത്തൺ വേദി. ആയിരക്കണക്കിനു പേർ ഓടിയും നടന്നും മാരത്തൺ പൂർത്തിയാക്കുമ്പോൾ അവർക്കിടയിലൂടെ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് കൈവീശിയോടുകയാണ് അഞ്ജന ഷാജി.
ഒരു കൈ ഇല്ലാത്തതിന്റെ പേരിൽ സ്വയം ഒതുങ്ങാൻ തീരുമാനിച്ച അഞ്ജനയെ ഇന്നു ലോകം അറിയുന്നത് ഒറ്റക്കൈ കൊണ്ട് എംബ്രോയ്ഡറി ചെയ്തു ലോകത്തിന്റെ ഏതു കോണിലേക്കും എത്തിച്ചുനൽകുന്ന വൺ ഹാൻഡ് എംബ്രോയ്ഡറി എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ്. മുട്ടുവരെ മാത്രമുള്ള വലംകയ്യിലെ ചെറുവിരലുകളിൽ സൂചി പിടിച്ച്, ഇടംകൈ കൊണ്ട് അനായാസം നൂൽ കോർക്കുന്നതിനിടെ അഞ്ജന ചിരിയോടെ വൺ ഹാൻഡ് എംബ്രോയ്ഡറി പിറന്ന കഥ പറഞ്ഞു.
‘‘വീട്ടിൽ വെറുതേ ഇരിക്കുന്ന സമയത്താണ് ആ സംഭവം. ഭർത്താവ് ആൽവിന്റെ ബന്ധുവിന്റെ കുഞ്ഞിനെ കാണാൻ പോയി. കുഞ്ഞുടുപ്പിലെ പൂവു കണ്ടപ്പോഴാണ് ഐഡിയ മിന്നിയത്. അന്നു വൈകിട്ട് ഒരു പഴയ തുണിയിൽ എംബ്രോയ്ഡറി ചെയ്തു നോക്കി. കൊള്ളാം എന്നു മനസ്സു പറഞ്ഞതോടെ ധൈര്യമായി.
പഴയ ഡ്രസ്സുകളിലായി അടുത്ത പരീക്ഷണം. ആൽവിന്റെ ടീ ഷർട്ടിൽ ചെയ്ത വർക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതോടെ ആത്മവിശ്വാസം കൂടി.
പഴയ ടീഷർട്ടിലും ഉടുപ്പിലുമൊക്കെ ചെയ്ത വർക്കുകളുടെ ഫോട്ടോ കണ്ടപ്പോൾ ആൽവിനാണ് ആ ചോദ്യം ചോദിച്ചത്, സോഷ്യൽ മീഡിയ പേജിൽ ഇതൊക്കെ പോസ്റ്റ് ചെയ്താലോ? വൺ ഹാൻഡ് എംബ്രോയ്ഡറി എന്ന പേര് സജസ്റ്റ് ചെയ്തതും ആൽവിനാണ്.
വൺ ഹാൻഡ് എംബ്രോയ്ഡറി
പേജിലേക്കുള്ള ആദ്യ വിഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തു തന്നത് ആൽവിനും അനിയനും കൂടിയാണ്. ജീവിതത്തിൽ ദൈവം ഇടപെടുമെന്നു പറയാറില്ലേ. എന്റെ ജീവിതത്തിൽ ദൈവം ഇടപെട്ട ആ നിമിഷത്തിൽ വിഡിയോക്കു വലിയ സപ്പോർട് കിട്ടി.
കുഞ്ഞുടുപ്പുകളിൽ എംബ്രോയ്ഡറി ചെയ്യാനുള്ള അന്വേഷണമാണ് ആദ്യം വന്നത്. ഉടുപ്പുകൾ തുന്നിയതും എംബ്രോയ്ഡറി ചെയ്തതും തനിച്ചാണ്. പിന്നെ ഓർഡറുകൾ കൂടി.
വരുന്ന റിക്വസ്റ്റുകളിൽ നിന്നു റഫറൻസ് വാങ്ങി ആ നിർദേശങ്ങൾ അനുസരിച്ചു പടം വരച്ചു ഫൈനലാക്കും. എംബ്രോയ്ഡറി ചെയ്ത വർക്കുകൾ കൊറിയർ അയയ്ക്കും. ഓർഡറുകൾ കൂടിയപ്പോൾ തയ്ക്കുന്ന ജോലി കുറച്ചു ചേച്ചിമാരെ ഏൽപ്പിച്ചു.
ഫോണിലൂടെ നിർദേശം ലഭിക്കുന്ന സമയത്ത് എന്താകും അവസാനരൂപമെന്ന ധാരണയുണ്ടാകില്ല. ആ എക്സൈറ്റ്മെന്റ് ഓരോ വർക്കിനുമുണ്ട്.
സാരിയുടെ ബോർഡർ ചെയ്യാനായി മൂന്നു മാസം മുതൽ സമയമെടുക്കും. ടീഷർട്ടിലെയും ഫ്രോക്കുകളിലെയും വർക്കുകൾക്കു ദിവസങ്ങൾ മതി.
ടീ ഷർട്ടിൽ ബോക്സുകൾ പോലെ വരുന്ന വർക്കിനാണ് ഇപ്പോൾ ഡിമാൻഡ്. കപ്പിൾ സ്പെഷലാണത്. ആദ്യം കണ്ട ഡേറ്റ്, ഒന്നിച്ചു കണ്ട സിനിമ, യാത്ര ചെയ്ത ടൂറിസ്റ്റ് സ്പോട് എന്നിങ്ങനെ നിറമുള്ള കുറേ നിമിഷങ്ങളാകും അവർ പറയുക.
അതു കേട്ട് ഇവയെ ചിത്രങ്ങളാക്കും. അതിൽ നിന്നു സെലക്ട് ചെയ്യുന്നവ എംബ്രോയ്ഡറിയാക്കും.
ഓരോരുത്തരുടെയും സ്റ്റോറി ഓരോന്നായതു കൊണ്ടുതന്നെ വളരെ സമയമെടുത്താണു പൂർത്തിയാക്കുന്നത്. വർക്കുകൾ വൈറലായതോടെ പല പ്രോഗ്രാമുകളിലും അതിഥിയായി പങ്കെടുക്കാൻ ക്ഷണം കിട്ടാറുണ്ട്.
സ്വയം കുറവുണ്ടെന്നു വിശ്വസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെ വരെയെത്തിയ എന്റെ കഥ ആവേശത്തോടെ അവിടെയെല്ലാം പറയും.
ചെറുപ്പത്തിൽ കരാട്ടെയും കളരിയും പഠിക്കണമെന്ന മോഹമുണ്ടായിരുന്നിട്ടും കൈ ഇല്ലെന്ന കാരണത്താൽ ആ മോഹം പോലും ആരോടും പറയാതിരുന്നയാളാണു ഞാൻ. ഇപ്പോൾ കരാട്ടെയിൽ ബ്ലൂ ബെൽറ്റുണ്ട്, ബ്ലാക് ബെൽറ്റാണു ലക്ഷ്യം. നന്നായി സൈക്കിൾ ചവിട്ടുകയും നീന്തുകയും ചെയ്യും.
കാറോടിക്കാനും അറിയാം. പക്ഷേ, ലൈസൻസ് നൂലാമാലകൾ അഴിഞ്ഞുകിട്ടിയിട്ടില്ല.
പലയിടത്തിരുന്നു തയ്ക്കുന്നവരെ യൂണിറ്റാക്കി ബിസിനസ് വിപുലമാക്കണമെന്നാണു സ്വപ്നം. ബിസിനസ് എന്നതിലുപരി കുറച്ചു പേർക്കെങ്കിലും തണലാകണം. എന്നെപ്പോലെയുള്ള കുറച്ചു േപർക്കു ജോലി നൽകണം.
അതിലും വലിയൊരു സ്വപ്നമുണ്ട്, വൺ ഹാൻഡ് എംബ്രോയ്ഡറിയെ ലോകമറിയുന്ന ബ്രാൻഡാക്കണം...’’ ദൈവം ചിറകായി കൂടെയുള്ളപ്പോൾ ആ സ്വപ്നം നടക്കുമെന്ന ആത്മവിശ്വാസം അഞ്ജനയുടെ വാക്കുകളിലുണ്ട്.