വനിത കടന്നു വന്ന 50 രുചി വർഷങ്ങളിലെമാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ. എന്തൊരു താളമായിരുന്നു ആ അടുക്കളയ്ക്ക്. ഉരലിന്റെ ദുന്ദുഭി മേളം, അമ്മിക്കല്ലിൽ തേങ്ങയരയുന്ന ചകചക നാദം. കിണറിൽ നിന്നു വെള്ളം കോരുമ്പോഴുള്ള കരകര ശബ്ദം. ൈതരു കടയുമ്പോഴുള്ള കടകട ഗുളുഗുളു ഇരട്ടത്താളം... പിന്നണിക്കൊപ്പം

വനിത കടന്നു വന്ന 50 രുചി വർഷങ്ങളിലെമാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ. എന്തൊരു താളമായിരുന്നു ആ അടുക്കളയ്ക്ക്. ഉരലിന്റെ ദുന്ദുഭി മേളം, അമ്മിക്കല്ലിൽ തേങ്ങയരയുന്ന ചകചക നാദം. കിണറിൽ നിന്നു വെള്ളം കോരുമ്പോഴുള്ള കരകര ശബ്ദം. ൈതരു കടയുമ്പോഴുള്ള കടകട ഗുളുഗുളു ഇരട്ടത്താളം... പിന്നണിക്കൊപ്പം

വനിത കടന്നു വന്ന 50 രുചി വർഷങ്ങളിലെമാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ. എന്തൊരു താളമായിരുന്നു ആ അടുക്കളയ്ക്ക്. ഉരലിന്റെ ദുന്ദുഭി മേളം, അമ്മിക്കല്ലിൽ തേങ്ങയരയുന്ന ചകചക നാദം. കിണറിൽ നിന്നു വെള്ളം കോരുമ്പോഴുള്ള കരകര ശബ്ദം. ൈതരു കടയുമ്പോഴുള്ള കടകട ഗുളുഗുളു ഇരട്ടത്താളം... പിന്നണിക്കൊപ്പം

വനിത കടന്നു വന്ന 50 രുചി വർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ.

എന്തൊരു താളമായിരുന്നു ആ അടുക്കളയ്ക്ക്.  ഉരലിന്റെ ദുന്ദുഭി മേളം, അമ്മിക്കല്ലിൽ തേങ്ങയരയുന്ന ചകചക നാദം. കിണറിൽ നിന്നു വെള്ളം കോരുമ്പോഴുള്ള കരകര ശബ്ദം. ൈതരു കടയുമ്പോഴുള്ള കടകട ഗുളുഗുളു ഇരട്ടത്താളം... പിന്നണിക്കൊപ്പം വിറകടുപ്പിലെ ഉരുളിയില്‍ കിടന്നു ചുവന്നുള്ളി മൊരിയുന്ന കൊതിപ്പിക്കുന്ന ഗന്ധവും. ശബ്ദവും ഗന്ധവും ചേരുമ്പോൾ കേട്ടിരുന്നു പോകുന്ന പാട്ടു പോലെ സുന്ദരം. അതായിരുന്നു അന്നു മുത്തശ്ശിയുടെ അടുക്കള. തിരുവനന്തപുരം പട്ടണത്തിൽ നിന്ന് അച്ഛന്റെ ഗ്രാമമായ കോലിയക്കോട്ടെ വീട്ടിലേക്കുള്ള യാത്ര ഈ ശബ്ദങ്ങളും ഗന്ധങ്ങളും ആവാഹിച്ചെടുക്കാനുള്ളതു കൂടിയായിരുന്നു. പാചകത്തോടുള്ള എന്റെ ഇഷ്ടത്തിനു തിരി കൊളുത്തിയതും ഈ അടുക്കളയാകും.

ADVERTISEMENT

അന്നത്തെ അടുക്കളകൾ ഏറെ മാറി. സ്ത്രീകൾ ജോലിക്കു പോയിത്തുടങ്ങിയതാകാം ഈ മാറ്റത്തിന്റെ തുടക്കം. പുതുതാളവും ഭാവവും വന്നു. വേഗം കൂടി. ബ്ലാക്ക് ഓക്സൈഡ് തറകളുടെ തനിമയിൽ നിന്നു ഗ്രാനൈറ്റിന്റെ തിളക്കത്തിലേക്കുള്ള അടുക്കളയുടെ യാത്രയിൽ മാഞ്ഞുപോയവരിൽ ഏറ്റവും പ്രധാനി വിറകടുപ്പാണ്. കൊതുമ്പും ചൂട്ടും തൊണ്ടും മുതൽ അടുപ്പിനു തീ പകരാൻ വേണ്ടുന്ന സകലതും പറമ്പിൽ നിന്നു  കിട്ടിയിരുന്നു.

വിറകടുപ്പിന്റെ ‘ധനികനായ’ കൂട്ടുകാരനായിരുന്നു അറക്കപ്പൊടി അടുപ്പ്. അറക്കപ്പൊടി തടിമില്ലിൽ നിന്നു വാങ്ങണം. തലേന്നു രാത്രി കിടക്കുന്നതിനു മുൻപ് അടുപ്പിൽ അറക്കപ്പൊടി അമർത്തി നിറച്ചു സെറ്റ് ചെയ്തു വയ്ക്കും. രാവിലെ താഴെയുള്ള ദ്വാരത്തിൽ ഒന്നോ രണ്ടോ ചൂട്ടിൻ‌ കഷണം വച്ചു തീ കൊടുത്താൽ അടുപ്പു പുകഞ്ഞു തുടങ്ങും.

ADVERTISEMENT

കുറച്ചു കഴിഞ്ഞപ്പോൾ വിറകടുപ്പിനു ‘ചട്ടമ്പി’ക്കൂട്ടുകാരൻ വന്നു, പേര് ഹീറ്റർ.  കൈ തെറ്റിയാൽ ഷോക്ക് കൊണ്ട് ‘അടി’ തരും. അന്നു ഹീറ്ററിൽ നിന്നു ഷോക്ക് ‘അടി’ കിട്ടിയവർക്കറിയാം അതിന്റെ വീര്യം. 70കളുടെ അവസാനവും 80 കളുടെ ആദ്യവുമാണു ഗ്യാസ് അടുപ്പുകൾ വരുന്നത്. അന്നു ഗ്യാസ് കണക്‌ഷനും ടെലിഫോൺ കണക്‌ഷനും ആഡംബര ചിഹ്നങ്ങളാണ്. സിലിണ്ടറുകൾ കിട്ടാൻ പ്രയാസമായതുകൊണ്ടു വല്ലപ്പോഴുമാണു ഗ്യാസ് സ്റ്റൗ ഉപയോഗിച്ചിരുന്നത്. ഇതിനെല്ലാം ഇടയിൽ മണ്ണെണ്ണ സ്റ്റൗവും താരമായി തുടർന്നു.   

ആദ്യകാലത്തു മുകളിലും താഴെയും കനലിട്ടായിരുന്നു  ബേക്കിങ്. അമ്മയ്ക്ക് അത്തരത്തിൽ മത്തങ്ങയുടെ ആകൃതിയിലുള്ള പിച്ചളയിൽ തീർത്ത അവ്ൻ ഉണ്ടായിരുന്നു. അതിൽ ബേക്ക് ചെയ്തിരുന്ന കേക്കിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. കരുകരുപ്പാണ്, എന്നാൽ നാവിൽ വച്ചാൽ അലിഞ്ഞു പോകും. പിന്നീടു വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന വട്ടത്തിലുള്ള അലുമിനിയം അ വ്ൻ വന്നു. മൈക്രോവേവ് ഞാൻ ആദ്യമായി കാണുന്നതും വാങ്ങുന്നതും 1996 ലെ ആദ്യ  ദുബായ് ഫെസ്റ്റിവലിലാണ്. 2000 ത്തിന്റെ പകുതിയോടെയാണ് ഇൻഡക്‌ഷൻ കുക്കർ എത്തുന്നത്. എളുപ്പത്തിൽ വെള്ളം ചൂടാക്കാനും പാൽ തിളപ്പിക്കാനും മറ്റും ഇതു നല്ല ചോയ്സായി.

ADVERTISEMENT

മൺചട്ടി മുതൽ മൺചട്ടി വരെ

അടുപ്പു മാറിയപ്പോൾ ഉപയോഗിച്ചിരുന്ന പാത്രങ്ങളുടെ കോലവും മാറി. മൺകലങ്ങളും ചട്ടികളും കല്‍പ്പാത്രങ്ങളുമായിരുന്നു വിറകടുപ്പിലെ താരങ്ങൾ. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും പൊട്ടും. അതുകൊണ്ടു തന്നെ പിന്നീടെത്തിയ അലുമിനിയം പാത്രങ്ങൾക്കു പ്രിയമേറി. ഓട്ടുരുളികളായിരുന്നു ഗ്ലാമർ താരങ്ങൾ. പെൺമക്കൾ പ്രസവത്തിനു ശേഷം തിരികെ ഭർത്താവിന്റെ വീട്ടിലേക്കു പോകുമ്പോൾ പാത്രങ്ങൾ കൊടുത്തു വിടുന്ന കൂട്ടത്തിലെ രാജാവായിരുന്ന ഓട്ടുരുളി. ഇരുമ്പുപാത്രങ്ങളും ചെമ്പു പാത്രങ്ങളും  സാധാരണമായിരുന്നു.

നല്ലൊരു ഇടി കിട്ടിയാൽ ചളുങ്ങി പിണങ്ങുന്ന അലുമിനിയം പാത്രങ്ങൾക്കിടയിലേക്ക് 80കളോടെ അത്ര വേഗത്തിൽ ചളുങ്ങാത്ത സ്റ്റീൽ പാത്രങ്ങൾ എത്തി. 2000 ത്തിന്റെ തുടക്കത്തോടെയാണു നോൺസ്റ്റിക് വിപ്ലവം തുടങ്ങുന്നത്. ദോശ ചുടാൻ മുതൽ ബിരിയാണി ഉണ്ടാക്കാൻ വരെ നോൺസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. പിന്നെ സെറാമിക്കും ഗ്ലാസും പ്രിയതാരങ്ങളായി.

കാലം പോകും തോറും ആരോഗ്യ പാചകത്തോടുള്ള പ്രിയം കൂടി. മൺപാത്രങ്ങളാണു നല്ലതെന്നു പറഞ്ഞു തുടങ്ങിയപ്പോൾ വന്നുകയറിയവരെയൊക്കെ പറഞ്ഞു വിട്ട്, പഴയ മൺപാത്രങ്ങളും ഇരുമ്പുപാത്രങ്ങളും തിരികെയെത്തി. പേരിലൊക്കെ  മാറ്റം വന്ന്, ഇരുമ്പു പാത്രങ്ങളെ കാസ്റ്റ് അയേണ്‍ എന്നും മൺപാത്രങ്ങളെ ടെറാക്കോട്ട എന്നും വിളിച്ചു തുടങ്ങിയെന്നു മാത്രം.   

എല്ലാം പറമ്പിൽ നിന്ന്

പറമ്പായിരുന്നു വലിയ പച്ചക്കറിക്കട. എഴുപതുകളിൽ, സകല വിഭവങ്ങൾക്കുമുള്ള ചേരുവകൾ പറമ്പിൽ നിന്നു ള്ളവ ആയിരുന്നു. പ്രാതലിനു പഴങ്കഞ്ഞിയും തൈരും കാന്താരിയുമാണു പ്രധാനികൾ. സീസൺ അനുസരിച്ചു കപ്പ, ചക്ക, കാച്ചിൽ, മധുരക്കിഴങ്ങു തുടങ്ങി പറമ്പിലെ വിഭവങ്ങൾ കൊണ്ടുള്ള പുഴുക്കും ഉണ്ടാവും.

ഉച്ചയൂണിനു കുത്തരിച്ചോറിനൊപ്പം പറമ്പിൽ നിന്നുള്ള പച്ചക്കറികൾ. ചീരയും മോരും പയറും  ഇലക്കറികളും തുടങ്ങി എല്ലാം ആരോഗ്യം നിറഞ്ഞവ തന്നെ. ‘കാണുന്നതെന്തും’ കറിച്ചട്ടിയിലായി.

അന്ന് അന്തിച്ചന്തകളുണ്ടായിരുന്നു. വീട്ടിലുണ്ടാകുന്ന വിഭവങ്ങൾ കൃഷിക്കാർ നേരിട്ടു ചന്തയിൽ കൊണ്ടു വന്നു വിൽക്കും. മായവും വിഷവും ഒന്നുമില്ലാത്ത പച്ചക്കറികൾ, പലതരം ചീര, തേങ്ങ, മുട്ട,  മീൻ ഒക്കെ സുലഭമായിരുന്നു. കോഴിയും താറാവും ധാരാളം ഉണ്ടായിരുന്നതിനാൽ വീട്ടിൽ എന്നും മുട്ട ഉണ്ടാവും. ‘പൂവൻ ചവിട്ടിയ മുട്ട’ എന്നാണ് അതിനു പറഞ്ഞിരുന്നതു തന്നെ.

മീൻ അന്നും സുലഭമായിരുന്നു. മത്തിയും അയലയും ആണു പ്രധാനികൾ. കരിമീനും മറ്റും എൺപതുകളിലാണു താരമായി മാറിയത്. സൈക്കിളിൽ വരുന്ന മീൻകാരനും തലയില്‍ വലിയ ചെമ്പുചട്ടിയിൽ മീൻ നിറച്ചെത്തുന്ന ചേച്ചിമാരും ആണു പ്രധാന മീൻ വിൽപനക്കാർ. അല്ലെങ്കിൽ മീൻ വാങ്ങാൻ ചന്തയിൽ തന്നെ പോകണം. പക്ഷേ, ഇറച്ചി ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള സ്പെഷലാണ്. വിരുന്നുകാർ‌ എത്തുമ്പോൾ കിടക്കപ്പൊറുതിയില്ലാത്തതു കൂട്ടിലെ കോഴിക്കാണെന്ന ചൊല്ലു തന്നെ ഉണ്ടായി. ഒാടിച്ചിട്ടു പിടിച്ചു പപ്പും പൂടയും പറിച്ചു വയ്ക്കുന്ന നാടൻ കോഴിക്കറി വല്ലപ്പോഴും മാത്രം അനുഭവിച്ചറിയാൻ പറ്റുന്ന രുചി ആയിരുന്നു.

തനി നാടൻ ഇഡ്ഡലി

ഇഡ്ഡലിക്കുള്ള ഉഴുന്നും അരിയും അരയ്ക്കുന്നതു രണ്ടുപേർ ചേർന്നായിരുന്നു. ആട്ടുകല്ലിന്റെ ഇരുവശത്തുമായി ഓരോരുത്തർ ഇരിക്കും. അമ്മിപ്പിള്ള കറക്കുന്നത് ഒരാൾ. അടുത്തയാൾ അരി നീക്കിയിട്ടു കൊടുക്കും. മൺകുടത്തിന്റെ വായ, തുണി കൊണ്ടു മൂടിക്കെട്ടി അതിനു മുകളിൽ മാവൊഴിച്ചാണ് ഇഡ്ഡലി തയാറാക്കിയിരുന്നത്. ചില വീടുകളിൽ പൂവരശ്ശിന്റെ ഇല ഇഡ്ഡലിത്തട്ടിൽ വച്ച് അതിനു മുകളിലാണു മാവൊഴിക്കുക. പൂവരശ്ശിന്റെ ഇലയുടെ ഗുണം മുഴുവനും ഇഡ്ഡലിക്കും ലഭിക്കും.

ഒന്നോർത്തു നോക്കൂ, അന്ന് ഇഡ്ഡലിയുണ്ടാവാൻ എത്ര നേരമാണ് എടുത്തിരുന്നത്. മിക്സിയും ഗ്രൈൻഡറും വന്നതോടെ ആട്ടുകല്ല് ആടാതായി. അടുക്കളയിൽ നിന്നിറങ്ങി പറമ്പിലായി അതിന്റെ സ്ഥാനം. മിക്സിയിൽ അരച്ചുണ്ടാക്കുന്ന മാവിന്റെ കാലവും മാറിത്തുടങ്ങി. ഇഡ്ഡലിയും അപ്പവും തയാറാക്കാനുള്ള റെഡിമെയ്ഡ് മാവ് പായ്ക്കറ്റിൽ ലഭിക്കും. ചപ്പാത്തി കേരളത്തിൽ എത്തിയതു വളരെ താമസിച്ചാണ്. വടക്കേ ഇന്ത്യയിൽ നിന്നെത്തിയ ചപ്പാത്തി വല്ലകാലത്തും മാത്രം ഉണ്ടാക്കുന്ന വിഭവങ്ങളിൽ നിന്ന് അത്താഴത്തിനുള്ള സ്ഥിരസാന്നിധ്യമായി ഇന്നു മാറി.

ഉറിയിൽ നിന്നു ഫ്രിജിലേക്ക്

അടുക്കളയുടെ മൂലയ്ക്കുള്ള ഉറി ആയിരുന്നു പഴയ അടുക്കളയിലെ ഫ്രിഡ്ജ്. വെണ്ണയും കിച്ചടിയും പച്ചടിയും മോരുകാച്ചിയതുമൊക്കെ തുണി കൊണ്ടു മൂടിക്കെട്ടിയ ചട്ടികളിലാക്കി ഉറിയിൽ വയ്ക്കും. ദിവസങ്ങളോളം അതു കേടാകാതെ ഇരിക്കും, രുചി ഇരട്ടിയുമാകും.

അടുക്കളയിൽ നടന്ന ഏറ്റവും വലിയ വിപ്ലവങ്ങളിലൊ ന്നു ഫ്രിജിന്റെ കടന്നുവരവാണ്. അന്നന്നത്തേക്കുള്ള വിഭവങ്ങൾ പാചകം ചെയ്യുന്നതിനപ്പുറം രണ്ടും മൂന്നും ദിവസത്തേക്കുള്ളത് ഒറ്റയടിക്കു തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ തുടങ്ങി. എൺപതുകളിലാണു കേരളത്തിൽ ഫ്രിജ് ജനകീയമാകുന്നത്. ഞാന്‍ എറണാകുളം സെന്റ് തെരേസാസിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കന്റീനിൽ ഒരു സോഫ്റ്റി ഐസ്ക്രീം മെഷീൻ ഉണ്ടായിരുന്നു. കപ്പിൽ മാത്രം ഐസ്ക്രീം കിട്ടുന്ന ആ കാലത്തു സോഫ്റ്റീസ് ഒരു സൂപ്പർസ്റ്റാർ തന്നെ ആയിരുന്നു.

പ്രഷർകുക്കറും സ്ത്രീകൾക്കു നൽകിയ സമയലാഭം ചില്ലറയല്ല. വിറകടുപ്പിൽ പോലും പ്രഷർകുക്കർ ഉപയോഗിക്കുമായിരുന്നു. ഇന്നു ജോലിഭാരം കുറയ്ക്കാനുള്ള ഉപകരണങ്ങളുടെ എണ്ണം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ഡിഷ്‌വാഷറും റോബോട്ടിക് വാക്വം ക്ലീനറുമെല്ലാം ‘ദന്തഗോപുരങ്ങളിൽ’ നിന്നിറങ്ങി വന്നു.

പുതുരുചികൾ വിളമ്പിയതു വനിത

മലയാളിയുടെ  രുചികളെല്ലാം തന്നെ പാരമ്പര്യമായി കൈമാറി വന്നവയാണ്. എന്നാൽ വനിത മാസിക വന്നതോടെ വലിയ മാറ്റത്തിനുള്ള തുടക്കമായി. വനിതയുടെ താളുകളിൽ കാണുന്ന പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിച്ചു നോക്കാൻ ആളുകൾ ശ്രമിച്ചു തുടങ്ങി. ചൈനാഗ്രാസ് എന്നാൽ ചൈനയിൽ വളരുന്ന പുല്ലാണോ എന്നു ചോദിക്കാതെ അതു പുഡിങ് സെറ്റാക്കാനുള്ള ചേരുവയാണ് എന്നു മലയാളിക്കു പറഞ്ഞു കൊടുത്തതു വനിതയാണ്.

കുക്കറി ഷോകളും പുതുപുത്തൻ വിഭവങ്ങൾ കേരളത്തിലേക്കെത്താനുള്ള വഴികാട്ടിയായി. രണ്ടായിരത്തിൽ തുടങ്ങിയ മാർ‌ജിൻ ഫ്രീ മാർക്കറ്റ് തരംഗം കൊടുങ്കാറ്റായി. വൻകിട കമ്പനികളുടെ വരെ സൂപ്പർ മാർക്കറ്റ് കേരളത്തിലെത്തി. ലോകത്തെങ്ങുമുള്ള വിഭവങ്ങൾ ലഭിച്ചു തുടങ്ങി. ഊട്ടിയിൽ നിന്നു വരുന്ന പച്ചക്കറികൾ കണ്ടു നമ്മൾ കണ്ണുമിഴിച്ചു നിൽക്കാൻ തുടങ്ങി. ലോകത്തെ ഏറ്റവും വലിയ മാർക്കറ്റുകൾ മൊബൈലിലേക്കും എത്തിക്കഴിഞ്ഞു.

വിരുന്നിനെത്തിയ വിഭവങ്ങൾ

ഹോട്ടലുകളിൽ പോയി കഴിക്കുന്നത് അപൂർവമായിരുന്ന കാലത്തു നിന്നു  മലയാളി എത്ര മാറിയല്ലേ. ലോകരുചി  നമ്മുടെ ഗ്രാമങ്ങളിലേക്കു വരെ എത്തിക്കഴിഞ്ഞു. ഇറ്റലിയിൽ നിന്നുള്ള പീറ്റ്സയും മെക്സിക്കോയിൽ നിന്നുള്ള മൊഹീതോയും അമേരിക്കയിൽ നിന്നുള്ള ബർഗറുമെല്ലാം ഇന്നു കൊച്ചുകുട്ടികൾക്കും സുപരിചിതം.

പണ്ടു പലഹാരം എന്നു പറഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന ഉണ്ണിയപ്പവും അച്ചപ്പവും കുഴലപ്പവും അവലോസുപൊടിയും ആയിരുന്നു. ലഡുവും ജിലേബിയുമെല്ലാം ബേക്കറിയിലെ താരങ്ങളാണ്. കട്‌ലറ്റും പഫ്സും സമോസയും എല്ലാം ചില്ലലമാരകളിൽ തിളങ്ങിത്തുടങ്ങുകയും ചെയ്തു. കേക്ക് എന്നു പറഞ്ഞാൽ പേപ്പറിൽ പൊതിഞ്ഞ പ്ലം കേക്കും, കപ്പ്  കേക്കും സ്പഞ്ച് കേക്കുമാണ്. ഐസിങ് കേക്ക് കാണണമെങ്കിൽ ക്രിസ്മസ് ആകണം.

റസ്റ്ററന്റുകളിൽ നിന്നു വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളിലേക്കു മെല്ലേ തിരിഞ്ഞുനടപ്പും തുടങ്ങിക്കഴിഞ്ഞു. വിഭവങ്ങൾ വീട്ടിലുണ്ടാക്കി സോഷ്യൽ മീഡിയ വഴി വിൽക്കുന്ന ‘ക്ലൗഡ് കിച്ചണുകളാണ്’ ഇന്നത്തെ ഏറ്റവും വലിയ ട്രെൻഡ്. ഒട്ടേറെ വീട്ടമ്മമാരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി ഈ ക്ലൗഡ് കിച്ചണുകൾ.

മാസികകളിലും പുസ്തകങ്ങളിലും നിന്നു പുതിയ പാചകക്കുറിപ്പുകൾ പഠിച്ചു സ്ത്രീകൾ വീട്ടിൽ തന്നെ അവയെല്ലാം ഉണ്ടാക്കിത്തുടങ്ങി. ക്രീം കേക്കുകൾ വിപണിയും വീടും കീഴടക്കി. ഇന്റർനെറ്റും യുട്യൂബൂം വന്നതോടെ എഴുപതുകാർ മുതൽ കൊച്ചുകുട്ടികൾ വരെ കുക്കറിഷോകൾ ചെയ്യാൻ തുടങ്ങി.

ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ അന്നും ഇന്നുമുള്ള കല്യാണങ്ങളെക്കുറിച്ചു പറയാതെ പൂർണമാകില്ല. ആദ്യകാലങ്ങളിൽ വീട്ടുകാരും നാട്ടുകാരും ചേർന്നു ‘ശ്രമം’ നടത്തിയാണു സദ്യയ്ക്കുള്ള പാചകം ചെയ്തിരുന്നത്. ‘കലവറ’യുടെ ചുമതല ഒരാൾക്കായിരിക്കും. വിളമ്പുന്നതു വീട്ടുകാരും നാട്ടുകാരും തന്നെ. പിന്നീടു ദേഹണ്ഡക്കാരെ വീട്ടിൽ വരുത്തി സാധനം വാങ്ങിക്കൊടുത്തായി സദ്യവട്ടം. വീട്ടുമുറ്റത്തു പന്തലു കെട്ടി ആയിരുന്നു അന്നത്തെ കല്യാണങ്ങൾ. കല്യാണങ്ങള്‍ ഹാളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും മാറിയതോടെ ദേഹണ്ഡക്കാർക്കു പകരം കേറ്ററിങ്‌കാരെത്തി. ഇന്നു കേറ്ററിങ് ആരു ചെയ്യണമെന്നു തീരുമാനിക്കുന്നത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ആണെന്ന നില വരെ കാര്യങ്ങളെത്തി.

നഷ്ടമാണോ ലാഭമാണോ എന്നു കണക്കെടുക്കാൻ പറ്റാത്തതാണു കഴിഞ്ഞ 50 വർഷം കൊണ്ടു കേരളത്തിന്റെ അടുക്കളയിൽ വന്ന മാറ്റം. വലിയ കോപ്പച്ചട്ടിയിൽ വിളമ്പുന്ന കഞ്ഞി കോരിക്കുടിക്കുന്നതിൽ നിന്നു രണ്ടു മിനിറ്റിൽ വേവിച്ചെടുക്കുന്ന നൂഡിൽസിലും കറികളിലും വരെ ഇന്ന് എത്തി നിൽക്കുമ്പോൾ മാറ്റമില്ലാത്തത് ഒന്നേയൊന്നു മാത്രം. സ്നേഹത്തോടെ അമ്മയും മുത്തശ്ശിയും വിളമ്പിത്തന്ന രുചി. എത്ര യാത്ര ചെയ്താലും ആ രുചി, രുചി തന്നെ ആയിരിക്കും. ഓരോ കാലത്തും അന്നന്നുള്ള സാമഗ്രികളും ചേരുവകളുമായി കൂട്ടുകൂടുമെന്നു മാത്രം.

The Rhythmic Symphony of the Traditional Kerala Kitchen:

The evolution of the Kerala kitchen is a fascinating journey from the rhythmic sounds and enticing aromas of traditional wood-fired hearths to the sleek, fast-paced modernity of contemporary kitchens. This transformation reflects societal changes, technological advancements, and evolving culinary preferences, showcasing how food preparation has adapted over the decades.

ADVERTISEMENT