എംഎയും ബിഎഡും നെറ്റും അധ്യാപനജോലിയും; കാഴ്ചയില്ലെങ്കിലും കാർത്തിക നേടിയതു ജീവിതത്തിലും ഫുൾ മാർക് From Darkness to Light: How Karthika Became an Inspiring Educator
കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ജീവനേക്കാൾ വലുതല്ല കാഴ്ച എന്നായിരുന്നു അച്ഛന്റെ മറുപടി.
കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ജീവനേക്കാൾ വലുതല്ല കാഴ്ച എന്നായിരുന്നു അച്ഛന്റെ മറുപടി.
കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ജീവനേക്കാൾ വലുതല്ല കാഴ്ച എന്നായിരുന്നു അച്ഛന്റെ മറുപടി.
ഇക്കഴിഞ്ഞ ജനുവരി 27. കോട്ടയം കുമാരനല്ലൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിൽ പുതിയ ടീച്ചറെത്തി. ചുറ്റും കൂടിയ കുട്ടിക്കൂട്ടത്തോടു ടീച്ചർ സ്വയം പരിചയപ്പെടുത്തി, ‘‘ഞാൻ കാർത്തിക. ബേസിക് സയൻസ് അധ്യാപിക. രണ്ടു കണ്ണിനും കാഴ്ചയില്ലെങ്കിലും നിങ്ങളുടെ ചിരിയും സന്തോഷവും ഞാൻ കാണുന്നു...’’ അതിശയിച്ചു നിന്ന കുട്ടികളെ തൊട്ടും തലോടിയും ശബ്ദം കൊണ്ടു തിരിച്ചറിഞ്ഞും അവരിൽ കാർത്തിക അദ്ഭുതം തീർത്തു.
കൃത്യം 20 വർഷം മുൻപാണു കാർത്തിക ഇരുട്ടിന്റെ ലോകത്തിലായത്. സൈനസിലെ ട്യൂമർ ഞെരിച്ചമർത്തിയ ഒപ്റ്റിക് നെർവ് കണ്ണിലെ വെളിച്ചം കവർന്നെങ്കിലും അകക്കണ്ണിലെ തെളിച്ചം കാർത്തിക കൈവിട്ടില്ല.
ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദവും ബിഎഡും നെറ്റും പാസ്സായ കാർത്തിക സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അപേക്ഷകരിൽ ഒന്നാമതെത്തിയാണ് അധ്യാപികയായി ചുമതല ഏറ്റെടുത്തത്.
പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ്സിൽ പാസ്സായി. പ്ലസ്ടുവിന് 1200ൽ ഫുൾ മാർക്കു വാങ്ങി പാസ്സായി. 87 ശതമാനം മാർക്കോടെ ബിഎ പൂർത്തിയാക്കി ഹൈദരാബാദ് ഇഫ്ലുവിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. 82 ശതമാനം മാർക്കിൽ എംഎ പാസ്സായി കാർത്തിക പിന്നാലെ ബിഎഡ് പൂർത്തിയാക്കി. ആ വർഷം തന്നെ നെറ്റും സെറ്റും സിടെറ്റും കെടെറ്റും പാസ്സായി.
മൂന്നാം ക്ലാസ്സിൽ വച്ചു കാഴ്ച നഷ്ടപ്പെട്ട കാർത്തികയ്ക്ക് അറിവിന്റെ വെളിച്ചം കരുത്തായ കഥ വനിതയോടു പറഞ്ഞതിങ്ങനെ.
സന്തോഷം നിറഞ്ഞ ബാല്യം
മള്ളൂശേരി പുല്ലരിക്കുന്നിലെ റിട്ടയേഡ് ജോയിന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയചന്ദ്രന്റെയും അധ്യാപികയായിരുന്ന ശ്യാമയുടെയും മകളാണു കാർത്തിക. പട്ടിത്താനം എബനേസർ സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ സംഭവമെന്ന് കാർത്തിക പറയുന്നു.
‘‘അനിയൻ ജനിച്ച സന്തോഷത്തിനു പിറകേയാണ് അമ്മയ്ക്ക് അപകടത്തിൽ കാലിനു പരുക്കേറ്റു കിടപ്പിലായത്. അതിനും കുറച്ചു ദിവസം മുൻപു ഷോർട് സൈറ്റിന്റെ പ്രശ്നം വന്നു ഞാൻ കണ്ണട വച്ചിരുന്നു. രാവിലെ ഒരുങ്ങുന്നതിനിടെ പൗഡറിടുമ്പോൾ ഇടതു കണ്ണിൽ ചെറിയ മങ്ങൽ പോലെ. അമർത്തി തുടച്ചതിന്റെയാകും എന്നാണു കരുതിയത്. ഉച്ചയ്ക്കു പാത്രം കഴുകുമ്പോൾ വെള്ളം തെറിപ്പിക്കുന്നതു കൂട്ടുകാർക്കിടയിലെ തമാശയാണ്.
കണ്ണടയിൽ വെള്ളം വീഴ്ത്തുന്നതിനു ഞാനവരോടു വഴക്കിടും. അന്നു പക്ഷേ, കണ്ണടയിൽ വെള്ളം വീണതു ഞാനറിഞ്ഞില്ല. വീട്ടിൽ വന്നു വിവരം പറഞ്ഞ് അടുത്ത ദിവസം തന്നെ ഡോക്ടറുടെ വീട്ടിൽ പോയെങ്കിലും കാണാനായില്ല.
പിറ്റേന്നു ഞായറാഴ്ചയാണ്, പകൽ കളിച്ചുനടന്നു. തിങ്കളാഴ്ച രാവിലെ ഉറക്കമുണർന്നപ്പോൾ ഞെട്ടിപ്പോയി, ഇടതുകണ്ണു വീർത്തുനിൽക്കുന്നു.
‘സംഗതി സീരിയസ്സാണ്, വിദഗ്ധ പരിശോധന നടത്തണം’ എന്നാണു പരിശോധിച്ച ഡോക്ടർ പറഞ്ഞത്. നേരേ മധുര അരവിന്ദ് കണ്ണാശുപത്രിയിലേക്കു പോയി. അവരുടെ നിർദേശപ്രകാരം നടത്തിയ സിടി സ്കാനിലാണ് സൈനസിൽ ട്യൂമറാണെന്നും സർജറി വേണ്ടിവരുമെന്നും പറഞ്ഞത്, വീണ്ടും നാട്ടിലേക്ക്.
ആശുപത്രിക്കാലം
2006 ജനുവരി 25നു വൈകിട്ടാണ് കൊച്ചിയിലെ ആശുപത്രിയിൽ എത്തിയത്. 26 നു റിപ്പബ്ലിക് ദിനം കഴിഞ്ഞ് 27നു വിദഗ്ധ പരിശോധനകൾ ആരംഭിച്ചു. അപ്പോഴേക്കും ഇടതു കണ്ണിന്റെ കാഴ്ച നിഴൽ മാത്രമായി ചുരുങ്ങിയിരുന്നു. സിസ്റ്റ് വളർന്നതിനാൽ ശ്വാസമെടുക്കാനും പ്രയാസം വന്നു തുടങ്ങി.
ബയോപ്സി ചെയ്യുമ്പോഴേക്കും രണ്ടു കണ്ണിലും ഇരുട്ടു മാത്രമായിരുന്നു. സർജറി ചെയ്യാൻ പ്രയാസമാണെന്നാണു ഡോക്ടർമാർ പറഞ്ഞത്. നെറ്റിയിൽ പുരികത്തിനു പിന്നിലായാണു ട്യൂമർ വളരുന്നത്. കാഴ്ചയ്ക്കു സഹായിക്കുന്ന ഒപ്റ്റിക് നെർവിനു മുകളിൽ ട്യൂമർ ഞെരുങ്ങിയാണു കാഴ്ച നഷ്ടപ്പെട്ടത്.
ട്യൂമർ നീക്കിയാൽ നെർവ് പഴയ സ്ഥിതിയിലാകുമെന്ന പ്രതീക്ഷയിൽ കീമോതെറപി തുടങ്ങി. മൂന്നെണ്ണം കഴിഞ്ഞിട്ടും ട്യൂമറിന്റെ വലുപ്പം കുറഞ്ഞില്ല. റേഡിയേഷൻ ചെയ്യാതെ തരമില്ലെന്നായി. കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ജീവനേക്കാൾ വലുതല്ല കാഴ്ച എന്നായിരുന്നു അച്ഛന്റെ മറുപടി.
അങ്ങനെ റേഡിയേഷൻ ചികിൽസയുമായി മുന്നോട്ടു പോയി. ട്യൂമറിനൊപ്പം ഒപ്റ്റിക്കൽ നെർവും നശിച്ചു. ഉമിനീർ ഗ്രന്ഥിയും കണ്ണുനീർഗ്രന്ഥിയും തകരാറിലായി.
അക്ഷരങ്ങളുടെ വഴിയേ
എനിക്കു കാഴ്ച നഷ്ടപ്പെട്ടപ്പോൾ വെളിച്ചമായി കൂടെ നിൽക്കാൻ അമ്മ ഒരു തീരുമാനമെടുത്തു, ഇനി ജോലി വേണ്ട. നാലാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഒളശ്ശ സ്പെഷൽ സ്കൂളിലാണ്. അവിടെ വച്ചു ബ്രെയിൽ പഠിച്ചു. ഒപ്പം ശാസ്ത്രീയസംഗീതവും ഹാർമോണിയവും.
എട്ടാം ക്ലാസ്സിൽ കാരാപ്പുഴ എൻഎസ്എസിൽ ചേർന്നപ്പോൾ അടുത്ത പ്രശ്നം വന്നു. ഇംഗ്ലിഷ് മീഡിയത്തിൽ ബ്രെയിൽ ടെക്സ്റ്റ് ബുക്ക് ലഭ്യമല്ല. സിലബസ് പ്രകാരമുള്ള ബുക്കുകൾ കാട്പാടിയിലെ പ്രസ്സിലേക്ക് അയച്ച് ബ്രെയിലിലേക്കു മാറ്റി വാങ്ങിയാണു പ്രശ്നം പരിഹരിച്ചത്. പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ്സിൽ പാസ്സായി.
പ്ലസ്ടു ഹ്യുമാനിറ്റീസിനു ചേർന്നത് കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലാണ്. അന്നു ഭാഷാ വിഷയങ്ങളൊഴികെയുള്ള പാഠപുസ്തകങ്ങളുടെ ബ്രെയിൽ കോപ്പി ഡെറാഡൂണിൽ നിന്നു വരുത്തി. ഹിന്ദിയും ഇംഗ്ലിഷും അമ്മ വായിച്ചുതരുന്നതു റിക്കോർഡ് ചെയ്തു കേട്ടു പഠിച്ചു. പ്ലസ്ടുവിന് 1200ൽ ഫുൾ മാർക്കു വാങ്ങി പാസ്സായി.
ഇംഗ്ലിഷ് സാഹിത്യത്തിലാണ് ബിരുദം. കോട്ടയം ബിസിഎം കോളജിലായിരുന്നു പഠനം. നാട്ടകം കോളജിലെ സോമരാജൻ എന്ന കാഴ്ചപരിമിതിയുള്ള അധ്യാപകൻ നൽകിയ പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി ലാപ്ടോപ്പിന്റെ സഹായത്തോടെ കേട്ടുപഠിച്ചാണു പരീക്ഷയെഴുതിയത്. ജോസ് (JAWS- JOB ACCESS WITH SPEECH) എന്ന സ്ക്രീൻ റീഡിങ് ആപ് ഇതിനായി ഉപയോഗിച്ചു. ഉബുണ്ടുവിന്റെ ഓർക വഴിയാണു മലയാളം വായിക്കുന്നത്.
കവിതയും കഥയും എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. പ്ലസ്ടു വരെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഇംഗ്ലിഷ് കഥാരചനയിലും കവിതാരചനയിലും സമ്മാനം കിട്ടി. കവിതാസമാഹാരം പ്രസിദ്ധീകരിക്കാനും ആഗ്രഹമുണ്ട്.
പഠനം അതിമധുരം
87 ശതമാനം മാർക്കോടെ ബിഎ പൂർത്തിയാക്കി ഹൈദരാബാദ് ഇഫ്ലുവിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. അതുവരെ വരാന്തയിലൂടെ ജനാലകൾ എണ്ണിയെണ്ണിയാണു ക്ലാസ്സിലേക്കു പോയിരുന്നത്.
ഇഫ്ലുവിലെ ഹോസ്റ്റലിൽ മൂന്നു ദിവസം അമ്മ കൂടി വന്നു നിന്നു. കുളിമുറിയിലേക്കു പോകാനും തുണി കഴുകി വിരിക്കുന്നിടത്തേക്കു പോകാനുമൊക്കെയുള്ള ഇത്തരം കണക്കുകൂട്ടലുകൾ ശരിയായെന്ന് ഉറപ്പിച്ച ശേഷം അമ്മ തിരികെ പോയി. 82 ശതമാനം മാർക്കിൽ എംഎ പാസ്സായി ആന്ധ്രയിലെ കമ്പനിയിൽ കോർപറേറ്റ് ട്രെയ്നറായി ആറു മാസം ജോലി ചെയ്തു.
പിന്നെ, ബിഎഡ് പൂർത്തിയാക്കി. ആ വർഷം തന്നെ നെറ്റും സെറ്റും സിടെറ്റും കെടെറ്റും പാസ്സായി.
കുമാരനല്ലൂർ ദേവിവിലാസം സ്കൂളിൽ ഹയർ സെക്കൻഡറി ഗസ്റ്റ് അധ്യാപികയായ സമയത്താണു ഭിന്നശേഷി സംവരണ പോസ്റ്റിൽ സ്ഥിര നിയമനത്തിനായി ശ്രമിച്ചത്. ഹയർ സെക്കൻഡറി വകുപ്പിലെ സർക്കാർ നടപടികളുടെ കുരുക്കിൽപെട്ടു കാര്യങ്ങൾ മുന്നോട്ടുപോയില്ല.
അതോടെ ഹൈസ്കൂളിലേക്കും യുപി വിഭാഗത്തിലേക്കും അപേക്ഷ നൽകി. ഹൈസ്കൂൾ ലിസ്റ്റിലും ഒന്നാമതായെങ്കിലും വീടിനടുത്തായതിനാൽ കുമാരനല്ലൂർ ദേവിവിലാസം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ യുപി സ്കൂൾ ടീച്ചറായി സ്ഥിരനിയമനം കിട്ടി.
അസാധ്യമായി ഒന്നുമില്ല
കാഴ്ച ഇല്ലാത്തതു കൊണ്ടു പലയിടത്തും മാറ്റിനിർത്തിയ അനുഭവങ്ങളുണ്ട്. പക്ഷേ, ഒപ്പം നിർത്തിയ കുടുംബത്തിന്റെ പിന്തുണ പറയാതെ തരമില്ല. എട്ടു വയസ്സിനിളയ അനിയൻ ജയകൃഷ്ണനാണ് ബെസ്റ്റ് ഫ്രണ്ട്. സിനിമ കാണുമ്പോൾ കഥയും സീനുമൊക്കെ പറഞ്ഞുതരും. വെറ്ററിനറി മെഡിസിൻ പഠിക്കാനായി ന്യൂസീ“ലൻഡിലേക്കു പോയിരിക്കുകയാണ് അവനിപ്പോൾ.
ആറാം ക്ലാസ്സിലെ വെക്കേഷനു ഞങ്ങൾ ലക്ഷദ്വീപിലേക്കു ടൂർ പോയി. അന്നു സ്നോർകെലിങ് ചെയ്യുമ്പോൾ ഗൈഡിന്റെ കൈപിടിച്ചു കടലിന്റെ അടിത്തട്ടിൽ പോയി പവിഴപ്പുറ്റുകളൊക്കെ തൊട്ടറിഞ്ഞു. കുറച്ചു മാസം മുൻപ് ഞങ്ങൾ വാഗമണ്ണിൽ പോയി. അന്നു കുറേ നാളായുള്ള ഒരാഗ്രഹം കൂടി സാധിച്ചു, പാരാ ഗ്ലൈഡിങ്.
മലകൾക്കും താഴ്‌വരകൾക്കും മുകളിലൂടെ പറക്കുമ്പോൾ താഴെയുള്ള കാഴ്ചകളെല്ലാം വിവരിച്ചു തന്നത് സഹായിയായി കൂടെ വന്ന വികാസ് എന്ന നോർത്ത് ഇന്ത്യൻ ട്രെയ്നറാണ്. അപ്പോൾ മാത്രം ആഗ്രഹിച്ചുപോയി, ആ നിമിഷങ്ങളിലേക്കെങ്കിലും കാഴ്ച തിരിച്ചു കിട്ടിയിരുന്നെങ്കിൽ...
പണ്ടു കണ്ട നിറങ്ങളും കാഴ്ചകളുമെല്ലാം മങ്ങാതെ മനസ്സിലുണ്ട്. പക്ഷേ, ലാവണ്ടർ, റൂബി പിങ്ക് പോലുള്ള പുതിയ നിറങ്ങളൊന്നും അറിയില്ല.’’ സ്വപ്നങ്ങൾ നിറച്ച കണ്ണുകളോടെ കാർത്തിക സംസാരമവസാനിപ്പിച്ച് ക്ലാസ്സെടുക്കാൻ തയാറായി.