ഒരു ജില്ലയിൽ 20,000 കൊറിയൻ ഫേക് അക്കൗണ്ട്: ഇൻസ്റ്റഗ്രാമിലെ ‘കൊറിയൻ കാമുക’ന്റെ യഥാർഥ മുഖമറിയാം Rise of Fake Korean Profiles in Social Media Scams
ചില ഫേക് അക്കൗണ്ടുകൾ ബന്ധം പെട്ടെന്ന് അവസാനിപ്പിക്കാനായി അപകടം പറ്റി, മരിച്ചു എന്നൊക്കെ കള്ളം പറയാറുണ്ട്. ഇതു പെൺകുട്ടികളെ തളർത്തും.
ചില ഫേക് അക്കൗണ്ടുകൾ ബന്ധം പെട്ടെന്ന് അവസാനിപ്പിക്കാനായി അപകടം പറ്റി, മരിച്ചു എന്നൊക്കെ കള്ളം പറയാറുണ്ട്. ഇതു പെൺകുട്ടികളെ തളർത്തും.
ചില ഫേക് അക്കൗണ്ടുകൾ ബന്ധം പെട്ടെന്ന് അവസാനിപ്പിക്കാനായി അപകടം പറ്റി, മരിച്ചു എന്നൊക്കെ കള്ളം പറയാറുണ്ട്. ഇതു പെൺകുട്ടികളെ തളർത്തും.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ആൺസുഹൃത്ത് മരിച്ചതിൽ മനംനൊന്തു പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു എന്ന വാർത്ത അടുത്തിടെയാണു നമ്മൾ പത്രങ്ങളിൽ വായിച്ചത്.
വേറേതോ നാട്ടിലെ ആരുടെയോ വീട്ടിലെ കാര്യമെന്ന മട്ടിൽ അലസമായി ഇത്തരം വാർത്തകൾ വായിച്ചുതള്ളിയ കാലം അവസാനിച്ചു കേട്ടോ.
നമ്മുടെ സ്വന്തം കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലാണു കൊറിയൻ കാമുകനു വേണ്ടി എന്ന കുറിപ്പെഴുതി വച്ച ശേഷം പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.
വീടിനടുത്തുള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ബാഗിൽ നിന്നു കിട്ടിയ ആത്മഹത്യാ കുറിപ്പിലാണു, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആൺസുഹൃത്തു മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് എഴുതിയിരുന്നത്.
കുട്ടി കബളിപ്പിക്കപ്പെട്ടതാണോ അല്ലയോ എന്നതൊക്കെ പൊലീസ് അന്വേഷിക്കുകയാണ്. അതിന്റെ സത്യം വൈകാതെ പുറത്തു വരുമെന്നു പ്രതീക്ഷിക്കാം.
കേരളത്തിൽ 200ലധികം കൊറിയൻ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയ ഒരാളുടെ കേസ് ഞങ്ങൾ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലാകെ ഒരു വിദ്യാഭ്യാസ ജില്ലയിൽ ശരാശരി ഇരുപതിനായിരം (20,000) കൊറിയൻ ഫേക് അക്കൗണ്ടുകളുണ്ടെന്ന റിപ്പോർട്ട് പൊലീസിന്റെ പക്കലുണ്ട്.
കാലാകാലങ്ങളായി സോഷ്യൽ മീഡിയയിലൂടെ മുഖമില്ലാതെ വന്ന കാമുകന്മാർ പെൺകുട്ടികളെ പല തരത്തിൽ ചതിയിൽ പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അവർ കൊറിയൻ മുഖത്തോടെ വരുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂവെങ്കിലും അതുണ്ടാക്കുന്ന അപകടത്തിന്റെ തോത് ചെറുതല്ല.
കെണി ഇങ്ങനെ
കുറച്ചുകാലമായി നമ്മുടെ കൗമാരക്കാർ കൊറിയൻ ഫാന്റസിയുടെ പിന്നാലെയാണ്. കൊറിയൻ സ്കിൻ, ഫാഷൻ, സിനിമ, ഡ്രാമ, മ്യൂസിക് എന്നിങ്ങനെ കൗമാരത്തെ ആകർഷിക്കുന്ന പലതും അവർ കണ്ടെത്തി ‘ഫോളോ’ ചെയ്യുന്നു. ആ മനസ്സാണു ചതിയന്മാരുടെ പിടിവള്ളി. ആ ഫാന്റസിയെ മുതലെടുത്തുള്ള കുറ്റകൃത്യങ്ങളാണു സോഷ്യൽ മീഡിയയിൽ കൂടുതലും. പരിചയമുള്ളരോ സുഹൃത്തുക്കളോ തന്നെ ഫേക് അക്കൗണ്ടിലൂടെ തട്ടിപ്പു നടത്തുന്നു എന്നാണു മിക്ക കേസുകളുടെയും പാറ്റേൺ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
ഒരു സുഹൃത് ഗ്യാങ്ങിലെ പലരും കൊറിയൻ ആരാധകരാകാം. സെലിബ്രിറ്റികളെ ഭ്രാന്തമായ ആരാധനയോടെ ഫോളോ ചെയ്യുകയും, പോസ്റ്റുകൾക്കു കമന്റിടുകയും ചെയ്യുന്ന അവരിൽ ചിലരെയൊക്കെ പറ്റിക്കാനും മുതലെടുക്കാനുമാകും തട്ടിപ്പുകാർ കെണിയൊരുക്കുക. കൂട്ടത്തിലെ ആരെങ്കിലും ആരംഭിക്കുന്ന കൊറിയൻ ഫേക് അക്കൗണ്ടിലൂടെയാകും കുറ്റകൃത്യത്തിന്റെ തുടക്കം.
പ്രണയച്ചതിയും പിൻവാങ്ങലും
കൊറിയൻ സെലിബ്രിറ്റിയുടെ പേരുകൾ വച്ചുള്ള ഈ ഫേക് അക്കൗണ്ടിൽ നിന്നു പെൺകുട്ടിക്കു മെസേജ് അയക്കും. ‘നീ സ്പെഷലാണെന്നു തോന്നി. നിന്നോടു സംസാരിക്കാൻ വേണ്ടി മാത്രമാണ് ഈ അക്കൗണ്ട്...’ എന്നാകും ആദ്യമേ തന്നെ പറയുക. നമ്മുടെ ആരാധനാപാത്രം നമ്മളോടു സംസാരിക്കാൻ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി എന്നുകേട്ടു പെൺകുട്ടിയുടെ മനസ്സു പൂത്തുലഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ.
പതുക്കെയാകും സംസാരം തുടങ്ങുക. പിന്നെ, പ്രണയത്തിലേക്കു കാര്യങ്ങൾ വഴുതിമാറും. അടുത്ത ഘട്ടത്തിലാണ് അപകടം പതിയിരിക്കുന്നത്.
ഫോട്ടോസ്, വിഡിയോ എന്നിങ്ങനെ സ്വകാര്യത അപകടത്തിലാക്കുന്ന കാര്യങ്ങൾ പെൺകുട്ടി അയാൾക്ക് അയക്കും. നഗ്നവിഡിയോയോ ഫോട്ടോയോ ഒക്കെ ഇതിൽ പെടും.
കാമുകൻ ആവശ്യപ്പെടുമ്പോൾ അച്ഛനമ്മമാരുടെ അക്കൗണ്ടിൽ നിന്നോ സ്വന്തം അക്കൗണ്ടിൽ നിന്നോ പണം അയച്ചു കൊടുക്കുന്നവരുമുണ്ട്. കൊറിയൻ പോപ് ഗായകനോ നടനോ ഒക്കെ നമ്മളോടു മാത്രം ചാറ്റ് ചെയ്യുന്നു എന്ന സന്തോഷത്തിലും സ്റ്റാർഡത്തിലുമാകും പെൺകുട്ടി സുഹൃത്തുക്കളുടെ ഇടയിൽ ഷൈൻ ചെയ്യുക.
ആ ഘട്ടത്തിലാകും മറുവശത്തുള്ളയാൾക്ക് അടുത്ത ‘ഇരയെ’ കിട്ടുക. പതിയെ ഈ ബന്ധത്തിൽ നിന്നു വിടവാങ്ങാൻ തുടങ്ങും. അപകീർത്തികരമായതോ അവഹേളിക്കുന്നതോ ആയ കാര്യങ്ങൾ പറയുന്നതാകും ഇതിന് അവർ കണ്ടെത്തുന്ന വഴി.
കൂട്ടുകാർക്കിടയിൽ പൊതുവായി ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ നിന്നു ‘വീണു കിട്ടുന്ന’ കള്ളത്തരങ്ങളും അവർ ആയുധമാക്കും.
അച്ഛനമ്മമാരോ അധ്യാപകരോ പ്രണയിതാക്കളോ ഒക്കെയായി പ്രിയപ്പെട്ടവർ വഴക്കുപറയുമ്പോൾ നമുക്കു കൂടുതൽ സങ്കടം വരാറില്ലേ. അതുപോലെ തന്നെയാണു കൊറിയൻ കാമുകന്റെ സോഷ്യൽ മീഡിയ വഴിയുള്ള വഴക്കും.
ചാറ്റിനുള്ളിൽ തന്നെയായതിനാൽ പുറത്താരുമറിയില്ലെങ്കിലും അതു പെൺകുട്ടിയുടെ മാനസികാവസ്ഥ പല തരത്തിലും മോശമാകും. വിഷാദത്തിലും സമ്മർദത്തിലുമാകുന്ന കുട്ടി പഠനത്തിൽ പിന്നാക്കം പോകാം. പരീക്ഷാക്കാലം കൂടിയാകുമ്പോൾ ആ സമ്മർദവും കുട്ടിയുടെ മാനസിക നില തകരാറിലാക്കാം.
കരുതൽ പ്രധാനം
ചില ഫേക് അക്കൗണ്ടുകൾ ബന്ധം പെട്ടെന്ന് അവസാനിപ്പിക്കാനായി അപകടം പറ്റി, മരിച്ചു എന്നൊക്കെ കള്ളം പറയാറുണ്ട്. ഇതു പെൺകുട്ടികളെ തളർത്തും. പെട്ടെന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരുമുണ്ട്. ബന്ധം പെട്ടെന്ന് അവസാനിക്കുമ്പോൾ താങ്ങാനാകാതെ വിഷമിക്കുന്നവരും, ബ്രേക്കപ്പിനെ പ്രശ്നമില്ലാതെ അതിജീവിക്കുന്നവരുമുണ്ട്.
ചില ഘട്ടങ്ങളിൽ കുരുക്കു വലുതാകുന്നതിനു പെൺകുട്ടികൾ തന്നെ കാരണമാകാം. ‘കാമുകന്റെ’ ആരാധികമാരായ കൂട്ടുകാരെ ഇവർ തന്നെയാകും പരിചയപ്പെടുത്തുക. അവരോടു ചാറ്റ് ചെയ്യാനായി ‘കൊറിയൻ കാമുകൻ’ അടുത്ത അക്കൗണ്ട് ഉണ്ടാക്കുമെന്ന് അപ്പോൾ അവരറിയുന്നില്ലല്ലോ.
കൊറിയൻ ഭ്രമത്തിലും സോഷ്യൽ മീഡിയയിലെ ഫാന്റസി ലോകത്തിലും മതിമറക്കുന്ന ടീനേജിന്റെ മാനസിക പ്രശ്നങ്ങളും വ്യക്തിത്വത്തിലെ അപാകതകളും വിലയിരുത്തുന്ന വിശദമായ ലേഖനവും ഈ ലക്കത്തിലുണ്ട്. അതുകൂടി വായിക്കാൻ ശ്രദ്ധിക്കുമല്ലോ.
സൈബർ സേഫ്റ്റി ടിപ്സ്
- സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം കൊറിയൻ ഫേക് അക്കൗണ്ടുകൾ സത്യമാണോ എന്നു തിരിച്ചറിയാൻ മാർഗമൊന്നുമില്ല. പ്രൊഫൈൽ url പരിശോധിച്ചു നോക്കിയാൽ പോലും കൊറിയൻ ഭാഷയിലാകും വിവരങ്ങൾ ലഭ്യമാകുക.
- മക്കളുടെ സോഷ്യൽ മീഡിയ ഇടപെടലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും സ്ക്രീൻ ചെയ്യണം.
- കുട്ടിക്കു ഫോൺ കൊടുക്കുമ്പോൾ പാരന്റൽ കൺട്രോൾ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.
- കുട്ടിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും ശ്രദ്ധിക്കണം.
- കേസുകളുടെ എണ്ണം കൂടി പരിഗണിച്ച് 16 വയസ്സിൽ താഴെയുള്ളവർക്കു സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലും വരാം.