‘ശ്വേത വലിയ കരച്ചിൽ, ഒറ്റമോളെ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്കു വിടുന്നതോർത്തു ഞാൻ എതിർത്തു’: സുജാത Sujatha Mohan: A Journey Through Music and Memories
പ്രമുഖ ഗായിക സുജാത മോഹൻ തന്റെ സംഗീത ജീവിതത്തെക്കുറിച്ചും എ.ആർ. റഹ്മാനുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. പരസ്യ ചിത്രങ്ങളിലൂടെ റഹ്മാനുമായി തുടങ്ങിയ ബന്ധം പിന്നീട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗായികയായി വളരുന്നതിലേക്കും, കുടുംബത്തിന്റെ പിന്തുണയോടെ തന്റെ മകളും കൊച്ചുമകളും സംഗീത ലോകത്ത് സജീവമാകുന്നതിലേക്കും നയിച്ചതിനെക്കുറിച്ചും അവർ വാചാലയാകുന്നു. തന്റെ സംഗീത യാത്രയിലെ വിവിധ അനുഭവങ്ങളും, ജീവിതത്തിലെ സന്തോഷങ്ങളും, വിശ്വാസങ്ങളും, സൗഹൃദങ്ങളും, തമാശകളും പങ്കുവെക്കുന്നതിനോടൊപ്പം, ഓരോ വ്യക്തിയും കഴിവുകളിൽ വിശ്വസിച്ച് മുന്നേറേണ്ടതിന്റെ പ്രാധാന്യവും അവർ അടിവരയിടുന്നു.
പ്രമുഖ ഗായിക സുജാത മോഹൻ തന്റെ സംഗീത ജീവിതത്തെക്കുറിച്ചും എ.ആർ. റഹ്മാനുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. പരസ്യ ചിത്രങ്ങളിലൂടെ റഹ്മാനുമായി തുടങ്ങിയ ബന്ധം പിന്നീട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗായികയായി വളരുന്നതിലേക്കും, കുടുംബത്തിന്റെ പിന്തുണയോടെ തന്റെ മകളും കൊച്ചുമകളും സംഗീത ലോകത്ത് സജീവമാകുന്നതിലേക്കും നയിച്ചതിനെക്കുറിച്ചും അവർ വാചാലയാകുന്നു. തന്റെ സംഗീത യാത്രയിലെ വിവിധ അനുഭവങ്ങളും, ജീവിതത്തിലെ സന്തോഷങ്ങളും, വിശ്വാസങ്ങളും, സൗഹൃദങ്ങളും, തമാശകളും പങ്കുവെക്കുന്നതിനോടൊപ്പം, ഓരോ വ്യക്തിയും കഴിവുകളിൽ വിശ്വസിച്ച് മുന്നേറേണ്ടതിന്റെ പ്രാധാന്യവും അവർ അടിവരയിടുന്നു.
പ്രമുഖ ഗായിക സുജാത മോഹൻ തന്റെ സംഗീത ജീവിതത്തെക്കുറിച്ചും എ.ആർ. റഹ്മാനുമായുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. പരസ്യ ചിത്രങ്ങളിലൂടെ റഹ്മാനുമായി തുടങ്ങിയ ബന്ധം പിന്നീട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗായികയായി വളരുന്നതിലേക്കും, കുടുംബത്തിന്റെ പിന്തുണയോടെ തന്റെ മകളും കൊച്ചുമകളും സംഗീത ലോകത്ത് സജീവമാകുന്നതിലേക്കും നയിച്ചതിനെക്കുറിച്ചും അവർ വാചാലയാകുന്നു. തന്റെ സംഗീത യാത്രയിലെ വിവിധ അനുഭവങ്ങളും, ജീവിതത്തിലെ സന്തോഷങ്ങളും, വിശ്വാസങ്ങളും, സൗഹൃദങ്ങളും, തമാശകളും പങ്കുവെക്കുന്നതിനോടൊപ്പം, ഓരോ വ്യക്തിയും കഴിവുകളിൽ വിശ്വസിച്ച് മുന്നേറേണ്ടതിന്റെ പ്രാധാന്യവും അവർ അടിവരയിടുന്നു.
ശ്വേതയുടെ പാട്ടിലേക്കുള്ള വരവ്, കൊച്ചുമകൾ ശ്രേഷ്ഠയുടെ പാട്ടിലെ ഇഷ്ടങ്ങൾ... കുടുംബത്തിന്റെ സ്വകാര്യ സന്തോഷങ്ങളുമായി സുജാത...
അന്നൊക്കെ എ.ആർ. റഹ്മാൻ പരസ്യ ചിത്രങ്ങൾ ചെയ്തു തുടങ്ങിയിട്ടേയുള്ളൂ. ജിംഗിൾസ് പാടാനായി റഹ്മാൻ ആദ്യമായി സുജാതയെ വിളിച്ചപ്പോൾ ‘എന്നെയോ, പരസ്യത്തിന്റെ പാട്ടിനോ?’ എന്ന ചിന്തയായിരുന്നത്രേ. ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ പരിചയക്കാരൻ കൂടിയായ രവി എന്ന വോയ്സ് ഓവർ ആർട്ടിസ്റ്റ് വിളിച്ചു നിർബന്ധിച്ചു. ‘പാട്ടുപാടി തൊണ്ടയടച്ച് ഇരിക്കുകയാണ്...’ എന്നു പറഞ്ഞ് ഒഴിയാൻ നോക്കിയപ്പോൾ ‘ആ തൊണ്ടയാണ് ഇവിടെ ആവശ്യം...’ എന്നായിരുന്നു മറുപടി.
അതൊരു തുടക്കമായിരുന്നു സുജാതയ്ക്ക്. രണ്ടാംവരവിൽ എ.ആർ. റഹ്മാന്റെ പ്രിയഗായികയായി സുജാത മാറിയ കാലത്തെ കുറിച്ചു കേൾക്കാം.
എ.ആർ. റഹ്മാന്റെ ഏറ്റവും കൂടുതൽ പാട്ടു പാടിയ ഗായികയാണല്ലോ ?
ആദ്യമായി റിക്കോർഡിങ്ങിനു ചെല്ലുമ്പോൾ റഹ്മാ ൻ എന്ന കൊച്ചുപയ്യൻ കീബോർഡ് വായിച്ച് ഇരിക്കുന്നു. പറഞ്ഞു തന്നതനുസരിച്ചു പാടി. പക്ഷേ, ഔട്ട്പുട്ട് കേട്ടു ഞെട്ടിപ്പോയി. ഈ ശബ്ദത്തിന് ഇങ്ങനെയൊരു ടോൺ ഉണ്ടെന്നറിഞ്ഞത് അപ്പോഴാണ്. 30 സെക്കൻഡ് പരസ്യത്തിനു വേണ്ടി പാടിയതു ചെറിയ കാര്യമല്ല എന്നു തിരിച്ചറിവുണ്ടായ ആ നിമിഷം കുറ്റബോധം തോന്നി, പാടാതിരുന്നിരുന്നെങ്കിലോ? ആർ.കെ. ശേഖറിന്റെ മകൻ ദിലീപ് എന്ന എ.ആർ. റഹ്മാൻ പാട്ടിൽ ഇന്ദ്രജാലം തീർക്കുമെന്നും അന്നു മനസ്സിൽ കുറിച്ചു.
അന്നു മറ്റു സംഗീത സംവിധായകർക്കൊപ്പം ജോ ലി ചെയ്യുകയാണു റഹ്മാൻ. ആ ജോലികൾ കഴിഞ്ഞു രാത്രിയിലാണു സ്വന്തം വർക്ക്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മോഹൻ വിളിക്കാൻ വരുമ്പോഴും റിക്കോർഡിങ് കഴിഞ്ഞിട്ടുണ്ടാകില്ല. പുറത്തെ സെറ്റിയിൽ കിടന്നു മോഹൻ സുഖമായി ഉറങ്ങും. റിക്കോർഡിങ്ങിനിടെ രാത്രി രണ്ടു മണിക്കൊക്കെ റഹ്മാന്റെ അമ്മ ചായയും പലഹാരവും സ്റ്റുഡിയോയിലേക്കു കൊടുത്തയയ്ക്കും. പുലർച്ചെ വീട്ടിലെത്തുമ്പോൾ മുറ്റത്തു പാലും പത്രവുമുണ്ടാകും. ഞാൻ കിടന്നുറങ്ങുമ്പോൾ മോഹൻ കുളിച്ചു റെഡിയായി ആശുപത്രിയിലേക്കു പോകും. ഒരിക്കൽ പോലും രാവിലെ ഭാര്യ ചായയുണ്ടാക്കി തന്നില്ല എന്നു പറഞ്ഞു മോഹൻ വഴക്കിട്ടിട്ടില്ല. അങ്ങനെ പിണങ്ങിയിരുന്നെങ്കിൽ എന്റെ രണ്ടാം വരവ് ഉണ്ടാകില്ലായിരുന്നു.
റഹ്മാനു വേണ്ടി ആദ്യ സിനിമാ പാട്ടു പാടിയ ഓർമ ?
ഒരിക്കൽ ഔസേപ്പച്ചൻ സാറിന്റെ ‘തുമ്പപ്പൂവിൻ മാറിലൊതുങ്ങി...’ എന്ന പാട്ടിന്റെ റിക്കോർഡിങ് റഹ്മാന്റെ സ്റ്റുഡിയോയിൽ നടന്നു. അതു പ്രോഗ്രാം ചെയ്തതു റഹ്മാനാണ്. അന്ന് അമ്മയോടു റഹ്മാൻ പറഞ്ഞത്രേ, ‘സുജാത സൂപ്പറായി പാടുന്നുണ്ട്.’ പാട്ടിൽ ഇടവേള എടുത്തതു നന്നായി എന്നു തോന്നിയ നിമിഷമാണത്. കുറേ സ്റ്റേജുകളിൽ പാടിയിട്ടുള്ളതു കൊണ്ടു ധൈര്യക്കുറവൊന്നും ഇല്ല. തമിഴിൽ പുതിയ പാട്ടുകാരി എന്ന എക്സ്ട്രാ മൈലേജ് കിട്ടുകയും ചെയ്തു.
റഹ്മാന്റെ ആദ്യ സിനിമയാണു റോജ. അതിലെ ‘പുതുവെള്ളൈ മഴൈ...’ പാടാൻ വിളിച്ചപ്പോൾ റഹ്മാൻ ഒരു മുൻകൂർ ജാമ്യം എടുത്തു, സംവിധായകൻ മണിരത്നവും നിർമാതാവ് കെ. ബാലചന്ദറും കേട്ട് ഇഷ്ടപ്പെട്ടാലേ സിനിമയിൽ വരൂ.
‘കാതൽ റോജാവേ...’ ഹമ്മിങ്ങും ഞാൻ പാടി. പാട്ടു റിലീസായപ്പോൾ അദ്ഭുതപ്പെട്ടു പോയി. ആദ്യം കിട്ടിയ കോംപ്ലിമെന്റ് എസ്.പി. ബാലസുബ്രഹ്മണ്യം സാറിൽ നിന്നാണ്. ആ ഹമ്മിങ് കേട്ടപ്പോൾ സാരംഗി (ഒരു സംഗീത ഉപകരണം) പോലെയാണു തോന്നിയത്, അത്ര മനോഹരം എന്ന് അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ അവാർഡു കിട്ടിയ സന്തോഷമായിരുന്നു.
ആർ.കെ. ശേഖറിനൊപ്പവും റഹ്മാനൊപ്പവും പാടാൻ ഭാഗ്യമുണ്ടായി ?
റഹ്മാൻ കുടുംബത്തിലെ മൂന്നു തലമുറയ്ക്കൊപ്പം വർക് ചെയ്യാനുള്ള ഭാഗ്യം കിട്ടി എന്നു തന്നെ പറയണം. ഞാൻ ആദ്യ സിനിമാപാട്ട് പാടുമ്പോൾ റഹ്മാന്റെ പിതാവ് ആർ.കെ. ശേഖർ സാറായിരുന്നു അർജുനൻ മാഷിന്റെ വലംകൈ. എന്നെ കൂൾ ആക്കിയത് അദ്ദേഹമാണ്. കൊച്ചുകുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. റഹ്മാൻ ഒട്ടും സംസാരിക്കാത്ത ആളാണ്. പക്ഷേ, അടുപ്പം എപ്പോഴും സൂക്ഷിക്കും. ഓ സ്കാർ വേദിയിൽ റഹ്മാന് അവാർഡു പ്രഖ്യാപിച്ചതു ടിവിയിൽ കണ്ട് അഭിനന്ദന മെസേജ് അയച്ചു. 15 മിനിറ്റിനുള്ളിൽ നന്ദി പറഞ്ഞുള്ള മറുപടിയെത്തി.
റഹ്മാന്റെ സഹോദരിയുടെ മകൻ ജി.വി.പ്രകാശ് കുമാറിനെ ആദ്യമായി പാടിക്കുമ്പോൾ സ്റ്റുഡിയോയിൽ ഞാനുണ്ട്. താളത്തിനൊപ്പിച്ചു പറഞ്ഞു പാടിപ്പിച്ചതു ഞാനാണ്. കുരുത്തക്കേടുമായി സ്റ്റുഡിയോയിലാകെ ഓടിനടന്ന അവനെ അടക്കിയിരുത്തുന്നതും എന്റെ ഡ്യൂട്ടിയായിരുന്നു. അങ്ങനെയാണ് ആ മൂന്നു തലമുറയും എന്റെ സ്വന്തമായത്.
രസമുള്ള ഒരു ഓർമ പറയാം. റഹ്മാൻ സംഗീതസംവിധായകനായി പേരെടുത്തു തുടങ്ങിയ കാലം. അന്നേ സ്റ്റുഡിയോ ഫുൾ അപ്ഡേറ്റഡാണ്. എനിക്കു കംപ്യൂട്ടറിനെ കുറിച്ച് ഒന്നുമറിയാത്ത കാലം. ടേബിളുകളിൽ ചതുരാകൃതിയിലുള്ള പാഡ് ഇരിക്കുന്നതു കണ്ടു. ടീ കോസ്റ്റേഴ്സ് ആണെന്നാണ് ആദ്യം കരുതിയത്, പക്ഷേ, ഇത്ര വലുപ്പം എന്തിനാണ് എന്നു സംശയം. ശ്രീനിവാസ മൂർത്തി സാറാ ണു ചില പാട്ടുകളൊക്കെ വോയ്സ് ചെയ്യുക. അദ്ദേഹത്തോടു കാര്യം തിരക്കി. ‘മൗസ് പാഡ്’ ആണെന്നു സാർ മറുപടി പറഞ്ഞപ്പോൾ ആശങ്കയോടെ ചോദിച്ചു, ഇവിടെ എലിശല്യം ഉണ്ടോ?. എല്ലാവരും പൊട്ടിച്ചിരിച്ചപ്പോഴും കാര്യമറിയാതെ ഞാൻ അന്തം വിട്ടിരുന്നു.
മെലഡിയാണോ പാടാൻ കൂടുതലിഷ്ടം ?
കുട്ടിക്കാലത്തു പത്തു വർഷത്തോളം കർണാടക സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും പലർക്കും അതറിയില്ല. അന്നു ദാസേട്ടന്റെ ഷോയിൽ വാണിയമ്മയുടെ ഏഴു സ്വരങ്കളുക്കുൾ എത്തനൈ പാടൽ... ആയിരുന്നു എന്റെ ആദ്യത്തെ പാട്ട്. പക്ഷേ, സിനിമയിൽ സെമി ക്ലാസിക്കൽ പാട്ടുകൾ വളരെ കുറച്ചേ പാടിയിട്ടുള്ളൂ. എന്റെ ശബ്ദത്തിന്റെ പ്രത്യേകതയ്ക്കു ചേരുന്ന പാട്ടുകളാണു കിട്ടിയതെല്ലാം. സ്റ്റുഡിയോയിൽ വളരെ കാഷ്വലായി നിന്നു, പോസിറ്റീവായി ആസ്വദിച്ചു പാടണം. അധികം ദു:ഖമൊന്നും ഇഷ്ടമല്ല.
ആദ്യമൊക്കെ പാടി കഴിഞ്ഞാൽ അയ്യോ അതു ശരിയായില്ല, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു ടെൻഷനടിക്കുമായിരുന്നു. ആ ചിന്ത മാറ്റിതന്ന രണ്ടുപേർ ഗായകൻ ശ്രീനിവാസും സംഗീതസംവിധായകൻ വിദ്യാസാഗറുമാണ്. പുതുവെള്ളൈമഴൈ... റിലീസായ സമയം. കോയമ്പത്തൂരിൽ നിന്നൊരു ഫോൺ, ശ്രീനിവാസാണു മറുതലയ്ക്കൽ. വളരെ നന്നായി പാടിയിട്ടുണ്ട്, വ്യത്യസ്തമായ ആലാപനരീതിയാണ് എന്നൊക്കെ പറഞ്ഞ് അഭിനന്ദിച്ചു. പിന്നീടാണു വേണു ചേട്ടന്റെ (ജി. വേണുഗോപാൽ) കൂടെ ശ്രീനിവാസിനെ ആദ്യമായി കാണുന്നതും ഗസലുകൾ കേൾക്കുന്നതും. ആ സൗഹൃദം എന്നെ പാട്ടിൽ വളരെ സഹായിച്ചു. ബിലീവ് ഇൻ യുവർസെൽഫ് എന്നു പഠിപ്പിച്ചതും ശ്രീനിയാണ്.
പാടുമ്പോൾ റഹ്മാന്റെ കയ്യിൽ നിന്നു ‘നൈസ്’ എന്ന കമന്റു കിട്ടാൻ വലിയ പാടാണ്. പക്ഷേ, വിദ്യാസാഗർ അ പ്പോൾ തന്നെ അഭിപ്രായം പറയും. നന്നായാൽ ആഹാഹാഹാ... എന്ന് ഉടനേ തന്നെ കേൾക്കാം. ചില വരികൾ പാടുമ്പോൾ തിരുത്തുന്നത് ഇങ്ങനെയാണ്, ‘ഇതല്ല വേണ്ടത്, ബീ യൂ...’ സുജാതയെ പോലെ പാടൂ എന്നു കേൾക്കുന്നതു വലിയ കേൺഫിഡൻസല്ലേ, എന്നിലുള്ള വിശ്വാസത്തിന്റെ പോസിറ്റിവിറ്റി പാട്ടിലും വരും. എന്റെ ഉള്ളിലെ ‘വൈ ൽഡ് ഗായിക’യെ പുറത്തു കൊണ്ടുവന്നത് ഇവരാണ്.
ശ്വേതയെ കുട്ടിക്കാലത്തേ പാട്ടു പഠിപ്പിച്ചോ ?
പാട്ടിനോടു കുട്ടിക്കാലത്തൊന്നും ശ്വേത ഒട്ടും താൽപര്യം കാണിച്ചിട്ടില്ല. പാട്ടുപഠിത്തം ഇടയ്ക്കു നിർത്തിയെങ്കിലും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീണ്ടും ആഗ്രഹം പറഞ്ഞു. ചിത്രയാണു ഗായിക ബിന്നി കൃഷ്ണകുമാറിന്റെ പേരു നിർദേശിച്ചത്. ദൈവം ചിത്രയിലൂടെ ശ്വേതയുടെ ജീവിതത്തിൽ ഇടപെട്ടതാകാം. പാട്ടിനെ ശ്വേത ഇത്രമാത്രം സീരിയസ്സായി ഇപ്പോൾ കാണാൻ കാരണം ബിന്നിയാണ്.
ബോംബെ എന്ന സിനിമയിലെ ‘നീ സിരിത്താൽ ദീവാന...’ എന്ന പാട്ടിനു വേണ്ടി റഹ്മാൻ ശ്വേതയെക്കൊണ്ടു കോറസ് പാടിച്ചിട്ടുണ്ട്. അന്നു ശ്വേതയ്ക്ക് ആറോ ഏഴോ വയസ്സേ ഉള്ളൂ. ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിനു തയാറെടുക്കുന്ന സമയത്താണു ശ്വേത വളരെ സീരിയസ്സായി ആ ആവശ്യം പറഞ്ഞത്, സിനിമയിൽ പാടാൻ ആഗ്രഹമുണ്ട്. അന്നു തന്നെ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു, ‘സിനിമയിൽ അവസരം ലഭിക്കാൻ ഒരു തരത്തിലും ഹെൽപ് ചെയ്യില്ല. റെക്കമെന്റേഷനും പ്രതീക്ഷിക്കണ്ട. നിന്റെ കഴിവു മനസ്സിലാക്കി വരുന്ന അവസരങ്ങളിലൂടെ മുന്നേറണം.’
കുറച്ചു പാട്ടുകൾ പാടി ഡെമോ റിക്കോർഡ് ചെയ്തു സംഗീതസംവിധായകരെ കേൾപ്പിക്കാൻ സഹായം ചെയ്തുകൊടുത്തു. ഡെമോ കേട്ട് ദീപക് ദേവ് ആണ് ആദ്യ അവസരം നൽകിയത്, ‘സുന്ദരീ ഒന്നു പറയൂ പ്രാണസഖീ...’ എന്ന പാട്ട്. എം. ജയചന്ദ്രന്റെ ‘കോലക്കുഴൽ വിളി...’ ആയിരുന്നു പിന്നെ. വർഷമിത്ര കടന്നപ്പോൾ ശ്വേത പാട്ടിൽ പേരെടുത്തു. എ.ആർ. റഹ്മാനൊപ്പവും ഇളയരാജയ്ക്കൊപ്പവും ഷോ ചെയ്യുന്നു, സ്വന്തം ബാൻഡുമുണ്ട്.
പക്ഷേ, ശ്വേതയുടെ പ്രണയത്തിലെ വില്ലത്തിയായി അമ്മ ?
ശ്വേതയുടെ കോളജ് മേറ്റായിരുന്നു ആരതി. ആരതിയും സഹോദരൻ അശ്വിനും മിക്കപ്പോഴും വീട്ടിൽ വരും. പിന്നെ ശ്വേതയുടെ ഫോൺ വിളികൾ കണ്ട് അമ്മയാണു സംശയം പറഞ്ഞത്. പക്ഷേ, ഞാൻ ഒട്ടും സംശയിച്ചില്ല.
വിവാഹാലോചന തുടങ്ങിയ സമയം. അന്ന് അശ്വിൻ അമേരിക്കയിലാണ്. ഒരു ആലോചന ഏതാണ്ടു വിവാഹത്തിലെത്തുമെന്ന ഘട്ടമെത്തി. അന്നു രാത്രി ശ്വേത വലിയ കരച്ചിൽ. കാര്യം ചോദിച്ചപ്പോഴല്ലേ രസം, അശ്വിനെ പോലൊരു ആളാണു മനസ്സിൽ. പക്ഷേ, അതുപോലെ മറ്റൊരാൾ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഒറ്റമോളെ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്കു വിടുന്നതോർത്തു ഞാൻ എതിർത്തു. പക്ഷേ, ശ്വേത തീരുമാനത്തിൽ ഉറച്ചുനിന്നു.
സിനിമയ്ക്കു വേണ്ടി ഒന്നുരണ്ടു വർഷം നോക്കാമെന്നായിരുന്നു അവരുടെ തീരുമാനം. വിവാഹം കഴിഞ്ഞു ശ്വേതയെ നാട്ടിൽ നിർത്തിയാണ് അശ്വിൻ പോയത്. പിന്നീട് അശ്വിൻ കൂടി നാട്ടിലേക്കു വന്നു. അച്ഛന്റെ ബിസിനസിൽ ചേർന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടു മുകൾനിലയിലാണു ശ്വേതയും കുടുംബവും താമസിക്കുന്നത്. അശ്വിന്റെ അച്ഛൻ ഡോ. ശശിയും അമ്മ ഡോ. പത്മജയുമൊക്കെ ശ്വേതയുടെ പാട്ടിനു പൂർണ പിന്തുണ നൽകുന്നു.
അമ്മൂമ്മക്കാലത്തെ കുറിച്ചു പറയൂ...
എന്റെ രണ്ടാം വരവും സിനിമയിൽ തന്നെ നിൽക്കാനുള്ള ശ്രമങ്ങളും അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ അവസരങ്ങളൊന്നും വിട്ടുകളയാൻ വയ്യായിരുന്നു. അതിൽ സഹായിച്ചതു ശ്വേതയാണ്. വാശിക്കുട്ടിയേ അല്ലായിരുന്നു അവൾ. അതിനു പകരം കൊടുക്കാനായി ആകെയുള്ളത് അമ്മൂമ്മക്കാലമാണ്.
ആയിടയ്ക്കു ശബ്ദത്തിനു ചില പ്രയാസം വന്നു സ്റ്റേജ് ഷോകൾ നിർത്തിയിരുന്നു. ശ്വേത പാടാൻ തുടങ്ങിയപ്പോൾ ഞാൻ പതുങ്ങി എന്നും പറയാം. അതുകൊണ്ടു കൊച്ചുമോൾക്കൊപ്പം ഇഷ്ടം പോലെ സമയം കിട്ടി.
എനിക്കും കുഞ്ഞിനും ഒന്നിച്ചാണു കോവിഡ് വന്നത്. അന്നവൾക്കു രണ്ടോ മൂന്നോ വയസ്സേ ഉള്ളൂ. ഞങ്ങൾ രണ്ടും ഒരു മുറിയിൽ. അവളെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും വസ്ത്രം കഴുകുന്നതും ഞാൻ തന്നെ.
ഐസ്ക്രീമും തൈരും അധികം പുളിയുള്ളതുമൊന്നും കുട്ടിക്കാലം മുതലേ കഴിക്കില്ലായിരുന്നു. സാമ്പാർ പോലും കഴിക്കില്ല. ഇപ്പോൾ നന്നായി ഐസ്ക്രീം കഴിക്കും. എന്റെ ശബ്ദം നന്നായിരിക്കുന്നതിനനുസരിച്ചു പാട്ടുപാടാനുള്ള അവസരം ഉണ്ട്. അതു നന്നായി ആസ്വദിക്കുന്നു. ദിവസം രണ്ടര – മൂന്നു മണിക്കൂർ പ്രാക്ടീസ് ചെയ്യും. വോയ്സ് തെറപി ചെയ്തു ശബ്ദത്തിന്റെ പ്രശ്നം പരിഹരിച്ചു. ആറു വർഷമായി ലൈവ് സ്റ്റേജ് ഷോ ചെയ്യുന്നില്ല. ഈ വർഷം സ്റ്റേജിലേക്കു വരുമെന്നാണു പ്രതീക്ഷ.
എന്താണു ദൈവത്തോടു പ്രാർഥിക്കുന്നത് ?
നല്ല വാക്കു പറയിപ്പിക്കണേ എന്ന്. മൂകാംബിക അമ്മയും, ഞങ്ങളുടെ കുടുംബക്ഷേത്രമായ കുമരഞ്ചിറ അമ്മയും, ഗുരുവായൂരപ്പനും, ഹനുമാൻ സ്വാമിയും, ഷിർദി ബാബയുമാണ് എന്റെ ശക്തി. ഹനുമാൻ ചാലിസ മുടങ്ങാതെ ജപിക്കും. വേഗം അപ്സറ്റാകുന്ന, എല്ലാത്തിനോടും പേടിയുള്ള ആളായിരുന്നു ഞാൻ. എന്തു വിഷമവും അതിജീവിക്കാനുള്ള ശക്തിയും കൃത്യമായി തീരുമാനമെടുക്കാനുള്ള ധൈര്യവുമൊക്കെ ഹനുമാൻ സ്വാമി തന്നു.
എന്റെ രണ്ടാം വയസ്സിലാണ് അച്ഛൻ മരിച്ചത്. ആശുപത്രിയിൽ നിന്നു വരുമ്പോഴുള്ള അച്ഛന്റെ മണമല്ലാതെ അച്ഛനെ കുറിച്ച് ഓർമകളില്ല. പെട്ടെന്നു ധൈര്യം കിട്ടാനൊക്കെ പ്രാർഥിക്കുമ്പോൾ ആ മണം അനുഭവിക്കാറുണ്ട്.
എപ്പോഴും ചിരിയാണല്ലോ. ദേഷ്യവും സങ്കടവുമൊന്നുമില്ലേ ?
എന്റെ ചിരിക്കും സന്തോഷത്തിനും കാരണം കുടുംബവും കൂട്ടുകാരുമാണ്. സ്കൂൾ തൊട്ടു കോളജ് കഴിയുന്നതു വ രെ ഒന്നിച്ചുപഠിച്ച കസിൻ കൂടിയായ അനു, ആനീസ്, രമ, നിമ്മി, ലില്ലി എന്നിവരാണ് എന്റെ പവർ ഹൗസ്. ലോകത്തിന്റെ പല ഭാഗങ്ങളിലാണെങ്കിലും എല്ലാ ദിവസവും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പായ ‘ഷഡ്ഡി ബഡ്ഡീസി’ലൂടെ സംസാരിക്കും. വർഷത്തിൽ ഒരിക്കലെങ്കിലും ഒന്നിച്ചു കൂടും.
ചിരി എന്റെ ട്രേഡ് മാർക്കാണ്. ഒരിക്കൽ സ്റ്റേജ് ഷോയിൽ ‘കണ്ടുകണ്ടു കൊതികൊണ്ടു നിന്നു കുയിലേ... കുഞ്ഞിക്കുയിലേ...’ എന്ന പാട്ട് ആസ്വദിച്ചു പാടുകയാണ്. പാടുന്നതിനിടെ നാവിൽ വന്നതു ‘കഞ്ഞിക്കുയിലേ...’ എന്നാണ്. പിന്നെ എനിക്കു ചിരി അടക്കാനായില്ല.
ചിരി മാത്രമല്ല കേട്ടോ, ഒരുപാടു കരയുന്ന ആളുമാണ്, ചെറിയ കാര്യങ്ങൾക്കാണു കരച്ചിൽ വരുന്നതെന്നു മാത്രം. ദേഷ്യപ്പെടുന്നതും വഴക്കുണ്ടാക്കുന്നതും മോഹനോടും അമ്മയോടുമാണ്. പാട്ടിൽ ആരോടും പിണക്കമില്ല. അ കൽച്ച വച്ചേ ആരോടും അടുക്കാറുള്ളൂ. അതുകൊണ്ടു കുറച്ചു ശത്രുക്കളേ ഉള്ളൂ. എന്റെ പ്ലസും മൈനസും നന്നായി അറിയാം. പ്ലസിനെ കുറ്റം പറയുന്നവരെ മൈൻഡ് ചെയ്യാറില്ല. മൈനസിനെ കുറ്റം പറയുമ്പോൾ കൂടുതൽ ശ്രദ്ധിക്കും, പരിഹരിക്കാൻ പരിശ്രമിക്കും. എല്ലാവരും എപ്പോഴും നല്ലതു മാത്രം പറഞ്ഞാൽ വളരാനാകില്ലല്ലോ.
ദേശീയ അവാർഡ് കിട്ടാത്തതിൽ സങ്കടം ഉണ്ടോ ?
സങ്കടമില്ല എന്നു പറഞ്ഞാൽ കള്ളമാകും. പക്ഷേ, ഈ ജന്മത്തിൽ എല്ലാം ഇഷ്ടമുള്ള കാര്യങ്ങൾ തന്നെയാണ്. ഇ പ്പോഴുള്ള എന്തെങ്കിലും തിരിച്ചെടുത്തിട്ടു ദേശീയ അവാർഡ് തരട്ടേ എന്നു ദൈവം ചോദിച്ചാൽ വേണ്ട എന്നാകും മ റുപടി. അടുത്ത ജന്മത്തിലും സുജാത ആയാൽ മതി.
സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിട്ടില്ലേ ?
സിനിമ അന്നും ഇന്നും ആവേശമാണ്, കാണാൻ. പണ്ടു ക സിൻസെല്ലാം കൂടിയാണു സിനിമയ്ക്കു പോകുന്നത്. സിനിമ തുടങ്ങുന്നതിനു തൊട്ടു മുൻപു മങ്കി ക്യാപ്പും മഫ്ലറുമൊക്കെ ചുറ്റും. എസിയുടെ തണുപ്പു കൊണ്ടാൽ തൊണ്ട പ്രശ്നമാകുമല്ലോ. ഞാൻ വലിയ ജയൻ ഫാനാണ്. ജയന്റെ ഫോട്ടോയൊക്കെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ഇതറിയാവുന്ന കസിൻസ് പറ്റിച്ചിട്ടുമുണ്ട്. ഓജോ ബോർഡ് വച്ചു സംസാരിച്ചപ്പോൾ ജയൻ വന്നു പറഞ്ഞത്രേ, സുജാതയുടെ വിവാഹത്തിനു വന്നിരുന്നെന്ന്.
അഭിനയം വഴങ്ങുമെന്നു തോന്നുന്നില്ല. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അമ്മയാകാൻ വിളിച്ചിരുന്നു. ഈയിടെയും ജൂഡ് പറഞ്ഞു, ചേച്ചിയെ ഉറപ്പായും ഞാൻ അഭിനയിപ്പിക്കും.
കൊച്ചുമകൾ ശ്രേഷ്ഠ പാടുമോ ?
സ്പാർക് ഉണ്ട്, പാട്ടിനോടു വലിയ ഇഷ്ടവും. ഇടയ്ക്കു വന്നു ചോദിക്കും. അമ്മൂമ്മാ... പാട്ടു പാടി തരട്ടേ. മുകളിലുള്ള ദൈവമല്ലേ എല്ലാം കുറിച്ചു വയ്ക്കുന്നത്, അതുപോലെ വരട്ടെ. സമയം തെളിയുന്നതു വളരെ പ്രധാനമാണ്. എത്ര നല്ല പാട്ടുകാരായാലും ദൈവം പിടിച്ചു മുന്നിൽ നിർത്തുന്ന ഒരു സമയമുണ്ട്. അതു വരും, വരാതിരിക്കില്ല.
(2025 ഏപ്രില്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന അഭിമുഖം)