‘എല്ലാവരും സ്‌നേഹിക്കുന്നുണ്ട്, പക്ഷേ ചില സ്‌നേഹങ്ങളൊക്കെ നമ്മെ വല്ലാതെയങ്ങ് മുറിപ്പെടുത്തുന്നുണ്ട്’: വിനായക് നിര്‍മ്മല്‍ എഴുതുന്നു The Agony of Separation: A Child's Tale of Abandonment
കുടുംബത്തിന്റെ സാമ്പത്തികപരമായ കഷ്ടപ്പാടുകൾ കാരണം അമ്മു എന്ന എട്ടു വയസ്സുകാരിയെ അവളുടെ അമ്മയ്ക്കും സഹോദരനും വിട്ടുപിരിയേണ്ടി വരുന്ന ഹൃദയഭേദകമായ കഥയാണിത്. പിതാവിന്റെ ബിസിനസ് തകർച്ചയും കടബാധ്യതയും കുടുംബത്തെ ദുരിതത്തിലാക്കുന്നു. നിവൃത്തികെട്ട് അമ്മുവിനെ ഒരു അനാഥാലയത്തിൽ ഉപേക്ഷിച്ചു പോകാൻ അമ്മ നിർബന്ധിതയാകുന്നു. സഹോദരന്റെയും അമ്മയുടെയും സ്നേഹത്തിൽ നിന്നു വേർപെടുത്തപ്പെട്ട് അമ്മു അവിടെ ഒറ്റപ്പെട്ടു പോകുന്നു. ചെമ്പരത്തി വടികൊണ്ടുള്ള ശാരീരിക ഉപദ്രവം അവളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കുന്നു. സ്നേഹം ചിലപ്പോൾ നമ്മെ വല്ലാതെ മുറിപ്പെടുത്താം എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തികപരമായ കഷ്ടപ്പാടുകൾ കാരണം അമ്മു എന്ന എട്ടു വയസ്സുകാരിയെ അവളുടെ അമ്മയ്ക്കും സഹോദരനും വിട്ടുപിരിയേണ്ടി വരുന്ന ഹൃദയഭേദകമായ കഥയാണിത്. പിതാവിന്റെ ബിസിനസ് തകർച്ചയും കടബാധ്യതയും കുടുംബത്തെ ദുരിതത്തിലാക്കുന്നു. നിവൃത്തികെട്ട് അമ്മുവിനെ ഒരു അനാഥാലയത്തിൽ ഉപേക്ഷിച്ചു പോകാൻ അമ്മ നിർബന്ധിതയാകുന്നു. സഹോദരന്റെയും അമ്മയുടെയും സ്നേഹത്തിൽ നിന്നു വേർപെടുത്തപ്പെട്ട് അമ്മു അവിടെ ഒറ്റപ്പെട്ടു പോകുന്നു. ചെമ്പരത്തി വടികൊണ്ടുള്ള ശാരീരിക ഉപദ്രവം അവളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കുന്നു. സ്നേഹം ചിലപ്പോൾ നമ്മെ വല്ലാതെ മുറിപ്പെടുത്താം എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തികപരമായ കഷ്ടപ്പാടുകൾ കാരണം അമ്മു എന്ന എട്ടു വയസ്സുകാരിയെ അവളുടെ അമ്മയ്ക്കും സഹോദരനും വിട്ടുപിരിയേണ്ടി വരുന്ന ഹൃദയഭേദകമായ കഥയാണിത്. പിതാവിന്റെ ബിസിനസ് തകർച്ചയും കടബാധ്യതയും കുടുംബത്തെ ദുരിതത്തിലാക്കുന്നു. നിവൃത്തികെട്ട് അമ്മുവിനെ ഒരു അനാഥാലയത്തിൽ ഉപേക്ഷിച്ചു പോകാൻ അമ്മ നിർബന്ധിതയാകുന്നു. സഹോദരന്റെയും അമ്മയുടെയും സ്നേഹത്തിൽ നിന്നു വേർപെടുത്തപ്പെട്ട് അമ്മു അവിടെ ഒറ്റപ്പെട്ടു പോകുന്നു. ചെമ്പരത്തി വടികൊണ്ടുള്ള ശാരീരിക ഉപദ്രവം അവളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കുന്നു. സ്നേഹം ചിലപ്പോൾ നമ്മെ വല്ലാതെ മുറിപ്പെടുത്താം എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു.
ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്‍ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.
*
അധ്യായം – 2
*
മുറിപ്പെടുത്തുന്ന സ്നേഹങ്ങൾ
*
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മ കണ്ണുതുടയ്ക്കുന്നത് അമ്മു കണ്ടിരുന്നു. കരയുകയാണോ എന്ന് സംശയിച്ചപ്പോള്‍ കണ്ണ് ചൊറിഞ്ഞതാണെന്നാണ് മറുപടി വന്നത്. അതുപോലെ ചേട്ടന്റെ മുഖത്തും പതിവില്ലാത്തവിധത്തില്‍ ഗൗരവമുണ്ടായിരുന്നു. അതെന്തിനാണെന്ന് ആ എട്ടുവയസുകാരിക്കു മനസ്സിലായില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞ് അവളെ ചൊടിപ്പിക്കുന്നതായിരുന്നു ചേട്ടന്റെ ശീലം. പക്ഷേ ഇപ്പോള്‍ വാക്കുകളെല്ലാം മറന്നുപോയ മട്ടിലായിരുന്നു ചേട്ടന്‍. വെറുതെ ചെന്ന് ചേട്ടന്റെ കൈത്തണ്ടയില്‍ നുള്ളു കൊടുത്തിട്ടുപോലും ചേട്ടന്‍ പ്രതികരിച്ചിട്ടില്ല. ഇതെന്തേ ഈ ചേട്ടന്‍ ഇങ്ങനെ...
പിന്നെ കൂടുതലൊന്നും അവള്‍ അതേക്കുറിച്ച് ആലോചിച്ചു തല പുകച്ചതുമില്ല. ഓരോരുത്തര്‍ക്കും ഓരോ നേരം ഓരോ മൂഡായിരിക്കും എന്ന് അവള്‍ നിഗമനത്തിലെത്തി. യാത്ര പോകുന്നതിന്റെ സന്തോഷം മാത്രം മനസില്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തുു. ഒരു മലയോരഗ്രാമത്തില്‍ അതിന്റെ ‘ഠ’ വട്ടങ്ങളില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു അവള്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമേ വീടും പറമ്പും വിട്ടു യാത്രയുള്ളൂ. ആഘോഷങ്ങളാവട്ടെ ജീവിതത്തില്‍ ഇല്ലേയില്ല. പൊതുവെ ആ നാട്ടിന്‍പ്പുറത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്.
നിറങ്ങളും സംഗീതവും ഇല്ലാത്ത ജീവിതം. അന്നന്നത്തെ അപ്പത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍. അധ്വാനത്തിന്റെ വിയര്‍പ്പൊഴുക്കുന്ന ദിവസങ്ങള്‍. തീരെ ചെറിയൊരു തുകയാണെങ്കില്‍ക്കൂടി നാളെത്തേയ്ക്ക് സമ്പാദിച്ചുവയ്ക്കാനുള്ള ശ്രമം. അതുകൊണ്ടുതന്നെ പണം ഭക്ഷണത്തിനുവേണ്ടിയല്ലാതെ മറ്റൊന്നിനുവേണ്ടിയും ചെലവഴിക്കാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നില്ല. എന്നാല്‍ മറ്റെല്ലാ വീടുകളില്‍ നിന്നും അല്പം കൂടി വ്യത്യസ്തമായിരുന്നു അവളുടെ ജീവിതം. അവള്‍ക്ക് അഞ്ചോ ആറോ വയസുള്ളപ്പോഴാണ് അച്ഛന്‍ നഷ്ടപ്പെട്ടത്. മരിച്ചുപോയതായിരുന്നില്ല നാടുവിട്ടതായിരുന്നു. നാട്ടിലെ ഭേദപ്പെട്ട കുടുംബങ്ങളിലൊന്നായിരുന്നു. അവളുടേത്. മലഞ്ചരക്കു വ്യാപാരിയായിരുന്നു അച്ഛന്‍.
കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ കൃത്യമായി മനസ്സിലാക്കാതിരുന്നതുകൊണ്ടാണോ അതോ ആരെങ്കിലും ചതിച്ചതാണോ എന്നറിയില്ല ബിസിനസ് പരാജയപ്പെട്ടു. ഭീമമായ തുകയുടെ കടക്കാരനായി പെട്ടെന്നുമാറി.. പലരും വീട്ടുമുറ്റത്തെത്തി സ്വരമുയര്‍ത്തുകയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ അച്ഛന് പിടിച്ചുനില്ക്കാനായില്ല. രായ്ക്കുരാമാനം ആള്‍ നാടുവിട്ടു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ചുഴിയില്‍ വട്ടം കറങ്ങി.
ഭര്‍ത്തൃവീടിന്റെ സംരക്ഷണയിലേക്ക് ചേക്കേറിയെങ്കിലും അങ്ങനെയെല്ലാം സംഭവിച്ചത് ഭാര്യയുടെ പിടിപ്പുകേടാണെന്ന പ്രതാപിയായ അമ്മായിയമ്മയുടെ കുറ്റപ്പെടുത്തലിന് മുമ്പില്‍ ഭാര്യയ്ക്ക് നിസ്സഹായതയോടെ കരയാന്‍ മാത്രമേ സാധിച്ചുള്ളൂ. നാലുപേരുള്ള ആ കുടുംബത്തിന് തണലാകാനും താങ്ങാകാനും തങ്ങള്‍ക്കു കഴിയില്ലെന്ന് ഭര്‍ത്താവിന്റെ സഹോദരന്മാര്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ കൗമാരക്കാരനായ മൂത്തമകനെ തന്റെ വീട്ടില്‍കൊണ്ടുചെന്നാക്കി അവനെങ്കിലും രക്ഷപ്പെടട്ടെയെന്ന് ആ സ്ത്രീ കരുതി. പകഷേ രണ്ടാമത്തെ മകനെ ആര്‍ക്കും വിട്ടുകൊടുക്കാതെ അവള്‍ തന്നോടുചേര്‍ത്തുപിടിച്ചു. ഇളയമകളെ ഏറ്റെടുക്കാന്‍ ആരും തയ്യാറായതുമില്ല. അങ്ങനെ ഭര്‍ത്തൃഗൃഹത്തിന്റെ ഒരു ചായ്പ്പുമുറിയിലേക്ക് ആ അമ്മയുടെയും രണ്ടുമക്കളുടെയും ജീവിതം ഒതുങ്ങിക്കൂടി.
മൂന്നുപേരുടെ വയര്‍ നിറയ്ക്കാന്‍ ആ ഭാര്യയ്ക്ക് ഭര്‍ത്തൃഗൃഹത്തിലെ മുഴുവന്‍ ജോലിയും ചെയ്യേണ്ടിവന്നു. കുറ്റപ്പെടുത്തലുകളും അവഗണനകളും ഏറെ. ആത്മാഭിമാനം മുറിയപ്പെട്ട അവസരങ്ങള്‍. പക്ഷേ വാശിക്കു എവിടേയ്ക്ക് ഇറങ്ങിപ്പോകും ? ആത്മാഭിമാനത്തെക്കാള്‍ ചില നേരങ്ങളില്‍ വലുതാണ് വിശപ്പും അ്ന്തിയുറങ്ങാനുള്ള ഇടവും.
അങ്ങനെ ഏറെനാള്‍ മുന്നോട്ടുപോകുമ്പോള്‍ ഭാര്യക്കൊരു കാര്യം മനസ്സിലായി കൂലി കിട്ടാത്ത വേലക്കാരിയാണ് താന്‍. ഇനി എത്രവര്‍ഷം കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കും. സ്വന്തം കാലില്‍ നില്ക്കണം. ജീവിക്കണം. പക്ഷേ ഒരു കാക്കത്തണല്‍ പോലും ശിരസിനു മീതെയില്ലാതെ എങ്ങനെ ഇവിടംവിട്ടുപോകും ? രണ്ടുമക്കള്‍. അവരുടെ സുരക്ഷ. വേലയില്ലാതെ ഭര്‍ത്തൃഗൃഹത്തില്‍ പകലന്തിയോളം ജോലി ചെയ്യുന്നുണ്ടെങ്കില്‍ ആ ജോലി വീടിനുവെളിയില്‍ മറ്റാര്‍ക്കെങ്കിലും ചെയ്തുകൊടുത്താല്‍ കൂലി കിട്ടും ആ തുക കൊണ്ട് തനിക്കും മക്കള്‍ക്കും ജീവിക്കുകയും ചെയ്യാം. പക്ഷേ അനിശ്ചിതത്വത്തിലേക്കാണ് ഈ യാത്ര. തനിക്ക് തന്റെ സുരക്ഷ മാത്രം നോക്കിയാല്‍ പോരാ... മകളുടെ സുരക്ഷയും നോക്കണം. അവളെ എത്രനേരം തന്റെ ചിറകിലൊതുക്കിക്കഴിയാന്‍ കഴിയും ? അവളുടെ സുരക്ഷ പ്രധാനമാണ്. ഒടുവില്‍ ആ സ്ത്രീ ഒരു തീരുമാനത്തിലെത്തുകയായിരുന്നു. അങ്ങനെയാണ് അമ്മുവിനെയും കൂട്ടി അവര്‍ ആ യാത്ര പുറപ്പെട്ടത്.
ബസില്‍ ചേ്ട്ടനും അമ്മയ്ക്കുമൊപ്പം പുറത്തെ കാഴ്ചകള്‍ നോക്കിയിരിക്കുമ്പോള്‍ അവളുടെ മനസ്സു നിറയെ സന്തോഷമായിരുന്നു. വല്യേട്ടായിയും കൂടി ഉണ്ടായിരുന്നെങ്കില്‍ കുടൂതല്‍ സന്തോഷമാവുമായിരുന്നുവെന്ന് അവള്‍ക്കു തോന്നി. പിന്നെ തോന്നി വല്യേട്ടായി ഞങ്ങളെക്കാള്‍ സുഖമായി ജീവിക്കുകയാണല്ലോയെന്ന്. ഈ ലോകത്തിന് ഇത്രയധികം സൗന്ദര്യമുണ്ടെന്ന് ബസിലിരിക്കുമ്പോഴാണ് അവള്‍ക്ക്് മനസ്സിലായത്. വീടിനും പള്ളിക്കൂടത്തിനും അപ്പുറം കുറെക്കൂടി വ്യത്യസ്തരായ മനുഷ്യരും ലോകവും. തങ്ങളെക്കാള്‍ നന്നായി ജീവിക്കുന്നവര്‍. പുറത്തേക്ക് തലയിട്ട് കാഴ്ചകള്‍ നോക്കാന്‍ തുടങ്ങിയ മകളെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തിയതിനു ശേഷം അമ്മ പറഞ്ഞു – ‘നമ്മളിപ്പോ ദൂരെയൊരു സ്ഥലത്തേക്കാ പോവുന്നെ. വല്യ കെട്ടിടോം മോള്‍ക്ക് കൂട്ടുകൂടാന്‍ നല്ല കൂട്ടുകാരുമൊക്കെയുള്ള ഒരു സ്ഥലമാ. മോള്‍ അവിടെ നില്ക്കണം കേട്ടോ’.
അവള്‍ തലയാട്ടി.
അമ്മ തുടര്‍ന്നു – ‘അവിടെ കിട്ടുന്നതെല്ലാം വയര്‍ നെറച്ച് കഴിച്ചോളണം. നല്ലതുപോലെ പഠിക്കണം’.
അവള്‍ അപ്പോഴും തലകുലുക്കി. കൂടുതല്‍ സംശയങ്ങളൊന്നും അവള്‍ക്കപ്പോള്‍ തോന്നിയില്ല. തനിക്കൊപ്പം അമ്മയും കുഞ്ഞേട്ടായിയും ഉണ്ടാവുമല്ലോ ?. അച്ഛമ്മയുടെ വഴക്കുകേള്‍ക്കാത്ത , കൊച്ചച്ഛന്മാരുടെ ശിക്ഷ കിട്ടാത്ത, പശുവിന്റെയും ആടിന്റെയും പുറകെ നടക്കാന്‍ പോവണ്ടാത്ത ദിവസങ്ങളാണ് തന്നെ കാത്തുനില്ക്കുന്നതെന്നായിരുന്നു അവള്‍ കരുതിയതും. അമ്മ പറഞ്ഞതുപോലെ വലിയൊരു കെട്ടിടത്തിന്റെ മുറ്റത്തേയ്ക്കാണ് അവര്‍ ചെന്നുകയറിയത്.
പ്രധാനവാതില്ക്കല്‍ തൂക്കിയിട്ടിരുന്ന ഓട്ടുമണിയുടെ ചരടില്‍ പിടിച്ച് അമ്മ വലിച്ചു. മണിനാദം മുഴങ്ങി. തുറക്കപ്പെടാനുള്ള വാതിലിനുവേണ്ടി കാത്തുനില്ക്കുമ്പോള്‍ അവളുടെ നോട്ടം ചുറ്റുപാടുകളിലേക്ക് പോയി. തന്റെ പ്രായക്കാരായ ചില പെണ്‍കുട്ടികള്‍ മുറ്റമടിച്ചുവാരുന്നത് അവള്‍ കണ്ടു. പാവം കുട്ടികള്‍ എന്നാണ് അവള്‍ക്ക് തോന്നിയത്. അച്ഛന്റെ വീട്ടിലെ മുറ്റവും പറമ്പും അവളുടെ ഓര്‍മ്മയിലേക്ക് വന്നു. ആ പെണ്‍കുട്ടികളില്‍ ചിലര്‍ തന്നെ നോക്കിചിരിച്ചു കാണിച്ചപ്പോള്‍ അപരിചിതത്വമൊന്നുമില്ലാതെ അവളും ചിരിച്ചു. അപ്പോഴും ചേട്ടന്റെ മുഖത്തു ഗൗരവമോ സങ്കടമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭാവമായിരുന്നു. ചേട്ടനെ ദേഷ്യം പിടിപ്പിക്കാനായി അവള്‍ അവന്റെ കൈത്തണ്ടയില്‍ വീണ്ടുംനഖം കുത്തിയിറക്കി. വേദനിക്കുമ്പോള്‍ ദേഷ്യം പിടിക്കുന്ന ചേട്ടന്‍ ഇപ്പോഴും അനങ്ങിയില്ല. ഇതെന്തുപറ്റി എന്ന് അമ്പരന്നുനിന്നപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു. ഒരു കന്യാസ്ത്രീയമ്മയായിരുന്നു വാതില്‍ തുറന്നത്. അവളുടെ അമ്മ കന്യാസ്ത്രീയുടെ നേരെ കൈകള്‍ കൂപ്പി ചിരിക്കാന്‍ ശ്രമിച്ചു.
‘ങ് വന്നോ’ കന്യാസ്ത്രീയമ്മ ചോദിച്ചു,
ശേഷം, ‘സാധനമെല്ലാം അവളുടെ കൈയില്‍ കൊടുത്തിട്ട് നിങ്ങള് പൊയ്‌ക്കോ’ എന്നു പറഞ്ഞു. അപ്പോഴാണ് അമ്മയുടെ കൈയില്‍ പഴയൊരു ബാഗ് അവള്‍ കണ്ടത്. അമ്മ അവളുടെ നേരെ തിരിഞ്ഞു. ബാഗ് അവള്‍ക്കുനേരെ നീട്ടി. ‘മോള്‍ടെ പൊസ്തകോം കൊറച്ച ഉടുപ്പുമാ’. അമ്മ സാരിത്തുമ്പു കൊണ്ടു കണ്ണുതുടയ്ക്കുന്നുണ്ട്. അറിയാതെ അവളുടെ കരം അതിനുനേര്‍ക്കുനീണ്ടു.
‘പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ ആരോടും വഴക്കിനൊന്നും പോയേക്കരുത്. സിസ്റ്ററുമാര് പറയുന്നതൊക്കെ അനുസരിച്ചോണം. പഠിച്ചോണം. അമ്മേം ചേട്ടനും പോവാ’.
അതുകേട്ടപ്പോള്‍ താന്‍ നിന്നിരുന്ന സ്ഥലം താണുപോവുന്നതുപോലെയാണ് അമ്മുവിനു തോന്നിയത്.
അമ്മയും ചേട്ടനും ഇല്ലാതെ താന്‍ മാത്രം ഇവിടെ...അവള്‍ക്കത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.
അമ്മയുടെ പിന്നില്‍ നില്ക്കുകയായിരുന്ന ചേട്ടന്‍ മുന്നോട്ടുവന്ന് അമ്മുവിനെ കെട്ടിപിടിച്ചു. ചേട്ടന്‍ ഏങ്ങലടിക്കുന്നുണ്ടെന്ന് അവള്‍ക്കുതോന്നി. ആദ്യമായിട്ടായിരുന്നു ചേട്ടന്‍ കരയുന്നത് അവള്‍ കണ്ടത്. കുഞ്ഞേട്ടായിയുടെ വിരല്‍ത്തുമ്പ് പിടിച്ചായിരുന്നു അവള്‍ നടന്നിരുന്നത്. അവനായിരുന്നു അവള്‍ക്ക് കാഴ്ചകള്‍ കാണിച്ചുകൊടുത്തത്. അവള്‍ വഴക്കുണ്ടാക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും തിരികെ ദേഷ്യം പ്രകടിപ്പിക്കാറുണ്ടെങ്കിലും തന്നെ ചേട്ടന് പ്രാണനെപോലെ ഇഷ്ടമാണെന്ന് അവള്‍ക്കറിയാമായിരുന്നു. ഒരു പക്ഷേ അമ്മയെക്കാള്‍ തന്നെ സ്‌നേഹിക്കുന്നത് ചേട്ടനാണെന്നും. ആ ചേട്ടനാണ് ഇപ്പോള്‍ തന്നെ കെട്ടിപിടിച്ചു കരയുന്നത്. വിറങ്ങലിച്ചുനില്ക്കുവാനേ അമ്മുവിന് കഴിഞ്ഞുള്ളൂ.
‘അമ്മൂ..’ ചേട്ടന്‍ വിളിക്കുമ്പോള്‍ ഒന്നു മൂളാന്‍പോലും അവള്‍ക്കു കരുത്തുണ്ടായിരുന്നില്ല. ചേട്ടന്‍ കണ്ണുതുടച്ചുകൊണ്ട് പിന്മാറിയപ്പോള്‍ അമ്മയുടെ ഊഴമെത്തി. അമ്മയും കരഞ്ഞുകൊണ്ട് അമ്മുവിനെ കെട്ടിപിടിച്ചു.
‘അമ്മ പിന്നെ വരാം. കൊറച്ചുനാളത്തേക്ക് മോള്‍ ഇവിടെ നില്ക്ക്. അപ്പത്തേയ്ക്കുംനമുക്ക് താമസിക്കാന്‍ അമ്മ ചൊറിയൊരു വീടു കണ്ടുപിടിക്കാം’.
‘ഇല്ല.. ഇല്ല...’ അമ്മുവിന് സ്വരം കിട്ടി. തന്നെ തനിച്ചാക്കിയിട്ട് അമ്മയും ചേട്ടനും പോവുകയാണെന്ന് അവള്‍ക്കപ്പോഴാണ് മനസ്സിലായത്.
‘ഞാനും വരുന്നൂ.. അച്ഛമ്മയുടെ വീട്ടിലേക്ക് ഞാനും വരുന്നൂ.. എന്നേംകൂടി കൊണ്ടുപോ’.
അമ്മു വാവിട്ടുകരഞ്ഞുകൊണ്ട് അമ്മയെ ഉടുമ്പടക്കം പിടിച്ചു
‘അമ്മൂ നിനക്കു പറഞ്ഞാലെന്താ മനസ്സിലാവാത്തെ. അമ്മേം ചേട്ടനും അച്ഛമ്മയുടെ വീട്ടിലേക്കല്ല പോകുന്നെ. നമുക്കിനി ആ വീടില്ല, അമ്മയെന്തെങ്കിലും പുറമ്പണി ചെയ്യാന്‍ പോകണം. ചേട്ടായിയും ഇനി പഠിക്കുന്നില്ലെന്നാ പറഞ്ഞെ. കുറച്ചുകഴിയുമ്പോ നിന്നെ ഞങ്ങള് വന്നു കൊണ്ടുപൊയ്‌ക്കൊള്ളാം.’.
‘എന്നെ ഇവിടെ നിര്‍ത്തല്ല് അമ്മേ..എനിക്കുപേടിയാ..എനിക്ക് ഇവിടെ ആരുമില്ല’. അമ്മു കരഞ്ഞു.
അമ്മ അവളെ തന്നില്‍ നിന്നും ബലമായി വേര്‍പെടുത്തിയെടുത്തു.
പക്ഷേ അമ്മയെ വിടാനുള്ള ഭാവമുണ്ടായിരുന്നില്ല അമ്മുവിന്. അമ്മു വീണ്ടും ചെന്ന് അമ്മയെ കെട്ടിപിടിച്ചു. അമ്മയ്ക്കു ദേഷ്യം വന്നു. അമ്മ പെട്ടെന്ന് ചുറ്റിനും നോക്കി. വളര്‍ന്നു പുഷ്പിച്ചുനില്ക്കുന്ന ചെമ്പരത്തിച്ചെടി മുറ്റത്തുനില്ക്കുന്നത് അവര്‍ കണ്ടു. ഓടിച്ചെന്ന് അതൊടിച്ചെടുത്തു.
‘പോ അകത്തുകേറിപോ...’ അമ്മ അമ്മുവിനെ ചെമ്പരത്തിവടികൊണ്ട് തലങ്ങും വിലങ്ങും അടിച്ചുതുടങ്ങി. അവര്‍ക്കു സുബോധം നഷ്ടപ്പെട്ടതുപോലെയായിരുന്നു, അമ്മു വേദനകൊണ്ട് പുളഞ്ഞു. എന്നിട്ടും അമ്മു അപേക്ഷിച്ചു
‘അമ്മേ എന്നേം കൂടി കൊണ്ടുപോ അമ്മാ.. അമ്മാ...അമ്മാ..’
‘നിങ്ങള് പൊയ്‌ക്കോ ഞാന്‍ ഇവള്‍ടെ കാര്യം നോക്കിക്കോളാം.’ സിസ്റ്റര്‍ ഇറങ്ങിവന്ന് അമ്മുവിന്റെ കൈയ്ക്കു പിടിച്ചു
മുറ്റം അടിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ സഹതാപത്തോടെ ആ രംഗം നോക്കിനിന്നു.
സിസ്റ്റര്‍ അമ്മുവിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോഴും പുറകിലേക്കു നോക്കി തന്നെ രക്ഷിക്കാന്‍ അമ്മയോ ചേട്ടായിയോ വരുമെന്ന പ്രതീക്ഷയില്‍ അമ്മു കരഞ്ഞുകൊണ്ടിരുന്നു. അടഞ്ഞ വാതിലുകള്‍ക്കപ്പുറം
അമ്മുവിന്റെ അമ്മയും ചേട്ടനും തങ്ങളുടെ നിസ്സഹായതയോര്‍ത്തു കരഞ്ഞു. ‘അമ്മേ അമ്മു...’ വെന്ന് മകന്‍ അമ്മയെ കെട്ടിപിടിച്ചു. ഒടിച്ചെടുത്ത ചെമ്പരത്തിശിഖിരങ്ങള്‍ മുറിവേറ്റെന്നോണം നിലത്തുവീണു കിടന്നു.
‘എനിക്കിപ്പോ ചെമ്പരത്തിച്ചെടി കാണുമ്പോ പേടിയാ..’ വര്‍ഷങ്ങള്‍ക്കുശേഷം അമ്മു ഭര്‍ത്താവിന്റെ തോളില്‍ തലചായ്ച്ചുകിടന്നുകൊണ്ട് ഇടര്‍ച്ചയോടെ പറഞ്ഞു.
‘സാരമില്ല അമ്മയുടെ അന്നത്തെ ഗതികേടുകൊണ്ടല്ലേ.’ ഭര്‍ത്താവ് അവളെ ആശ്വസിപ്പിച്ചു.
‘എങ്കിലും കുഞ്ഞേട്ടായിക്കൊപ്പം എന്നെയും അമ്മയ്ക്ക് നിര്‍ത്താമായിരുന്നു. ഒന്നിനും ഞാന്‍ പരാതി പറയില്ലായിരുന്നു’.
എല്ലാവരും സ്‌നേഹിക്കുന്നുണ്ട്. പക്ഷേ ചില സ്‌നേഹങ്ങളൊക്കെ നമ്മെ വല്ലാതെയങ്ങ് മുറിപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ നിസ്സഹായതകൊണ്ടും ഗത്യന്തരമില്ലായ്മകൊണ്ടും ചില സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനാവില്ല, മനപ്പൂര്‍വ്വമല്ലെങ്കിലും. എന്നാല്‍ അതേല്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുകയില്ല. വേദനിപ്പിക്കാതെ സ്‌നേഹിക്കുന്ന സ്‌നേഹങ്ങള്‍ മാത്രമേ യഥാര്‍ത്ഥസ്‌നേഹങ്ങളാകുന്നുള്ളൂ.