‘അയാള്‍ പെട്ടെന്ന് അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു, അയാള്‍ക്ക് അങ്ങനെ കിടന്നു കരയണമെന്നു തോന്നി’: വിനായക് നിര്‍മ്മല്‍ എഴുതുന്നു The Silent Struggle of a Hardworking Rubber Tapper
കുടുംബത്തിനുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ഒരു റബര്‍ ടാപ്പിങ് തൊഴിലാളിയുടെ ജീവിതത്തിലെ അപ്രതീക്ഷിത വഴിതിരിവുകളാണ് ഈ കഥ പറയുന്നത്. മക്കളെ ഉയർന്ന നിലയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്തെങ്കിലും, അവർ സാമ്പത്തികമായി മുന്നിലെത്തിയതോടെ ഭാര്യയും മക്കളും തന്നെ അവഗണിക്കുന്നതിന്റെ വേദനയിലാണ് അദ്ദേഹം. ഇതിനിടയിലാണ് തൊണ്ടയിൽ കാന്‍സര്‍ ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. രോഗവിവരം തിരിച്ചറിഞ്ഞതോടെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം അമ്മയെയും സഹോദരനെയും കാണാൻ പോകുകയും അവിടെനിന്നും മനസ്സിന് ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.
കുടുംബത്തിനുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ഒരു റബര്‍ ടാപ്പിങ് തൊഴിലാളിയുടെ ജീവിതത്തിലെ അപ്രതീക്ഷിത വഴിതിരിവുകളാണ് ഈ കഥ പറയുന്നത്. മക്കളെ ഉയർന്ന നിലയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്തെങ്കിലും, അവർ സാമ്പത്തികമായി മുന്നിലെത്തിയതോടെ ഭാര്യയും മക്കളും തന്നെ അവഗണിക്കുന്നതിന്റെ വേദനയിലാണ് അദ്ദേഹം. ഇതിനിടയിലാണ് തൊണ്ടയിൽ കാന്‍സര്‍ ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. രോഗവിവരം തിരിച്ചറിഞ്ഞതോടെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം അമ്മയെയും സഹോദരനെയും കാണാൻ പോകുകയും അവിടെനിന്നും മനസ്സിന് ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.
കുടുംബത്തിനുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ഒരു റബര്‍ ടാപ്പിങ് തൊഴിലാളിയുടെ ജീവിതത്തിലെ അപ്രതീക്ഷിത വഴിതിരിവുകളാണ് ഈ കഥ പറയുന്നത്. മക്കളെ ഉയർന്ന നിലയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്തെങ്കിലും, അവർ സാമ്പത്തികമായി മുന്നിലെത്തിയതോടെ ഭാര്യയും മക്കളും തന്നെ അവഗണിക്കുന്നതിന്റെ വേദനയിലാണ് അദ്ദേഹം. ഇതിനിടയിലാണ് തൊണ്ടയിൽ കാന്‍സര്‍ ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. രോഗവിവരം തിരിച്ചറിഞ്ഞതോടെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം അമ്മയെയും സഹോദരനെയും കാണാൻ പോകുകയും അവിടെനിന്നും മനസ്സിന് ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.
ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.
*
അധ്യായം – 4
*
ഉച്ചയ്ക്ക് ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ചുമ വന്നു അയാള്‍ക്ക്. തുടര്‍ന്ന് തൊണ്ടയില്‍ ചോറു തടഞ്ഞതുപോലെ. പാത്രത്തിലേക്ക് നോക്കി അയാള്‍ കുറച്ചുനേരം ചുമച്ചു. തലയ്ക്ക് കരംകൊണ്ട് ചോറു തലയില്‍ കയറാതിരിക്കാന്‍ ചെറുതായി അടിക്കുകയും ചെയ്തു. അതിനിടയില്‍ അയാള്‍ അടുക്കളയിലേക്ക് നോക്കി. മൊബൈലില്‍ നോക്കി ഭാര്യ ചിരിച്ചുകൊണ്ടിരിക്കുന്നതാണ് അയാള്‍ കണ്ടത്. ഏതോ റീല്‍സോ മറ്റോ ആയിരിക്കും അതെന്ന് അയാള്‍ക്ക് മനസ്സിലായി. പിന്നെ ചുമയടങ്ങിയപ്പോള് ഭക്ഷണം തുടര്ന്നുകഴിക്കാന് അയാള്‍ക്ക് തോന്നിയില്ല. പാതി ബാക്കിയായ പാത്രത്തിലേക്ക് നോക്കിക്കൊണ്ട് അയാള്‍ എണീറ്റു. വായ് കഴുകി വെള്ളം കുടിക്കുമ്പോഴും തൊണ്ടയില്‍ എന്തോയിരിക്കുന്നതുപോലെയൊരു തോന്നല്‍ വിട്ടുമാറിയിരുന്നില്ല.
ചുമച്ചും കാര്ക്കിച്ചുമൊക്കെ ആ തോന്നലിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു തൊട്ടാവാടി മുളളുപോലെ എന്തോ ഒന്ന് തൊണ്ടയില്‍ തടഞ്ഞുനില്ക്കുന്നുണ്ടെന്ന് അയാള്‍ക്കു മനസ്സിലായിരുന്നു.
പിന്നെ അതിനെ അവഗണിച്ചുകൊണ്ട് അയാള്‍ തന്റെ അനുദിനജീവിതവ്യാപാരങ്ങളിലേക്ക് പോയി...റബര്‍ഷീറ്റ് അടിച്ചു മുറ്റത്തെ അയയില്‍ വെള്ളം വാര്ന്നുപോകാന് വിരിച്ചിട്ടതിനുശേഷം മുറിയിലേക്ക് നടക്കുമ്പോള്‍ അയാള്‍ക്ക് വലിയ ക്ഷീണം തോന്നി. ഇരുപതുവയസായപ്പോള് ടാപ്പിങ് കത്തി പിടിച്ചുതുടങ്ങിയതാണ്. കാലം എത്ര പെട്ടെന്നാണ് കടന്നുപോയതെന്നാണ് അയാള്‍ ഓര്‍മ്മിച്ചത്. ഭാര്യയെ അവിടെയെവിടെയെങ്കിലും നോക്കിയെങ്കിലും അയാള്‍ കണ്ടില്ല. പക്ഷേ യൂട്യൂബിലെ ഏതോ പ്രഭാഷണം അടുത്തെവിടെ നിന്നോ ഉയര്‍ന്നുകേട്ടപ്പോള്‍ അവള് എന്തുചെയ്യുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി.
കിടന്നതേ ഓര്‍മ്മയുള്ളൂ. ഉറങ്ങിപ്പോയിരുന്നു. ദേഹത്ത് തട്ടി ഭാര്യ വിളിക്കുന്നതു കേട്ടപ്പോഴാണ് അയാള്‍ കണ്ണുതുറന്നത്. അപ്പോള്‍ രാത്രിയായിരുന്നു. ‘അത്താഴം വിളമ്പി’യെന്ന് പറഞ്ഞ് ഭാര്യ പുറംതിരിഞ്ഞുപോയപ്പോള് അയാള്‍ പതുക്കെ എണീറ്റു. കട്ടിലില്‍ എണീറ്റിരുന്ന് അയാള്‍ വീണ്ടും ചുമച്ചു. അയാളുടെ ചുമ കേട്ടിട്ടാവണം ഭാര്യ വേഗം തിരികെവന്നു.
‘എന്തൊരു ചുമയാ ഇത്...ഈ പണി നിര്‍ത്താന്‍ പറഞ്ഞാല്‍ കേക്കുമോ...ഇപ്പോ നിങ്ങള്‍ പണിയെടുത്തോണ്ടുവന്നിട്ടല്ലല്ലോ ഈ കുടുംബം കഴിയുന്നത്. മക്കളും പറഞ്ഞുമടുത്തു. അവര്‍ക്കൊരു കല്യാണാലോചന വരുമ്പോ നാണക്കേടാ...അച്ഛന് പണി ചോദിക്കുമ്പോ ടാപ്പിംങ്...മക്കളുടെ ഇപ്പോഴത്തെ നെലേം വെലേം എങ്കിലും ഓര്‍ക്കണ്ടെ ?’
ഭാര്യ അതുപറയുന്നതുകേട്ടപ്പോള് അയാള്‍ക്ക് ചിരിവന്നു. ഇന്ന് മക്കള്‍ രണ്ടുപേരും ഐടി ഫീല്‍ഡിലാണ്. നല്ല തുക ശമ്പളമായിക്കിട്ടുന്നുണ്ടെന്നും അറിയാം. ആദ്യ സാലറി പോലും തന്റെ കൈയിലേക്ക് വച്ചുതന്നിട്ടില്ലെങ്കിലും. പക്ഷേ അവരെ ഇതുവരെയെത്തിച്ചത് താന്‍ ഈ റബറുന്തിതന്നെയല്ലായിരുന്നോ...? അന്ന് ഇല്ലാത്ത നാണക്കേട് ഇപ്പോഴെന്തിന്...ഒരു ടാപ്പിംങ് തൊഴിലാളിയെയായിരുന്നു നീ വിവാഹം കഴിച്ചതെന്ന് ഭാര്യയോട് പറയണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. രണ്ടാമത്തെ ആലോചനയില്‍ അതും വേണ്ടെന്നുവച്ചു. വെറുതെയൊരു വാഗ്വാദത്തിനോ സ്വരമുയര്ത്തലിനോ അയാള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. മാത്രവുമല്ല മക്കള്‍ സ്വന്തംകാലില്‍ നില്ക്കാന് പ്രാപ്തി നേടുകയും മക്കളുടെ പേരില്‍ അറിയപ്പെടാന്‍ ആരംഭിക്കുകയും ചെയ്തതോടെ അവള്‍ക്ക് താന്‍ അന്യനായിത്തുടങ്ങിയെന്ന് അയാള്‍ക്ക് അറിയാമായിരുന്നു; ജീവിതത്തിന്റെ നല്ലഭാഗം മുഴുവന്‍ കുടുംബത്തിനുവേണ്ടി ജീവിച്ചിട്ടും അനാവശ്യച്ചെലവുകള്‍ ഒന്നും ഇല്ലെന്നുമാത്രമല്ല സ്വന്തംകാര്യത്തിനുവേണ്ടി അത്യാവശ്യങ്ങള്‍ക്കല്ലാതെ ഒരു തുട്ടുപോലും പാഴാക്കാതിരിക്കുകയും ചെയ്തിട്ടും ഭാര്യയുടെ ഓര്‍മ്മകളുടെ ആല്‍ബത്തില്‍ തന്റെ ചിത്രം കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രമായിത്തുടങ്ങിയെന്നും.
ഭര്‍ത്താവിന്റെ നീരും ചോരയും വറ്റിത്തുടങ്ങുമ്പോള്‍ മക്കളുടെ ചിറകിലേക്ക് ചേക്കേറാന്‍ തയ്യാറായി നില്ക്കുന്ന ഒരു തള്ളപ്പക്ഷിയായിരുന്നു അയാളുടെ ഭാര്യ. ഇന്നലെവരെ ഭര്‍ത്താവ് ചെയ്തതെല്ലാം വളരെ പെട്ടെന്നുതന്നെ മറക്കാനുള്ള വരം അവള്‍ക്കുണ്ടായിരുന്നു. അയാള്‍ രാവും പകലും നോക്കാതെ കഷ്ടപ്പെട്ടതും മക്കളെ ഒരു അല്ലലും അറിയാതെ വളര്‍ത്തിയതും തന്നെ വെയിലേല്പിക്കാതെ സംരക്ഷിക്കുന്നതുമൊന്നും അവളുടെ ഓര്‍മ്മയിലുണ്ടായിരുന്നില്ല. വളരെ പ്രായോഗികതയോടെ കാര്യങ്ങളെ നോക്കാന്‍ മാത്രം കഴിവുള്ള സ്ത്രീയായിരുന്നു അവള്.
ഭര്‍ത്താവ് ഒരു ടാപ്പിങ് തൊഴിലാളിയാണെന്ന് തുറന്നുസമ്മതിക്കാന്‍ അവളിലെ അഹന്ത സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഒരു കാലത്ത് ഭര്‍ത്താവിന്റെ തണലില്‍ മാത്രം ജീവിക്കുകയും പിന്നീട് മക്കള്‍ വരുമാനക്കാരാകുകയും ചെയ്യുന്നതോടെ ഭര്‍ത്താവിനെ അവഗണിച്ചുകളയുന്ന ചുരുക്കം ചില സ്ത്രീകളിലൊരാളായിരുന്നു അയാളുടെ ഭാര്യയും. വിവാഹം കഴിക്കുന്നതോടെയാണ് ആണ്മക്കള് മാറുന്നതെന്ന് അയാള്‍ കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും അതിന് വിരുദ്ധമായി ഉദ്യോഗസ്ഥരാകുകയും സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടുകയും ചെയ്തതോടെയാണ് താന്‍ അവര്‍ക്ക് അപ്രസക്തനായിത്തുടങ്ങിയെന്നത് അയാളെ ആശ്ചര്യപ്പെടുത്തിയിരുന്നു. എന്നാല്‍ അമ്മയും മക്കളും തമ്മില്‍ ഹൃദ്യമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. മക്കള്‍ സാലറി ഏല്പിക്കുന്നത് അമ്മയെയായിരുന്നു. പുതുതായി തങ്ങള്‍ പണിയാന്‍ പോകുന്ന വീടിന്റെ പ്ലാനും എസ്റ്റിമേറ്റും അമ്മയുമായി കൂടിയാലോചിച്ചാണ് മക്കള്‍ തീരുമാനിച്ചിരുന്നത്.
എല്ലാകാര്യത്തിലും അമ്മയും മക്കളും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുവാന്‍ താന്‍ എന്തുതെറ്റാണ് ചെയ്തതെന്ന് അയാള്‍ക്ക് മനസ്സിലായിരുന്നില്ല. ഭാര്യയ്ക്കോ മക്കള്‍ക്കോ നാണക്കേടുണ്ടാക്കുന്ന യാതൊന്നും അയാള്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.
മക്കളും ഭാര്യയും സുഖമായി ഉറങ്ങുമ്പോഴാണ് അയാളുടെ ഒരു ദിവസം ആരംഭിക്കുന്നത്. അങ്ങനെ കഷ്ടപ്പെട്ടു കുടുംബം നോക്കി. ഒരു സാധാ കുടുംബത്തില്‍ ജനിച്ചിട്ടും മക്കള്‍ക്ക് നല്ല സ്കൂളില്‍ വിദ്യാഭ്യാസം നല്കി. മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കിയ അവരെ അവരുടെ ആഗ്രഹപ്രകാരമുള്ള കോഴ്സിന് വിട്ടുപഠിപ്പിച്ചു. ടാപ്പിങ് കഴിഞ്ഞ് അന്നൊക്കെ അയാള്‍ മറ്റു ജോലികള്‍ക്കും പോകാറുണ്ടായിരുന്നു. ഏതൊക്കെ തരത്തില്‍ ജോലി ചെയ്താലാണ് മക്കളുടെ ആവശ്യങ്ങള്‍ക്ക് മുടക്കം വരാത്തതെന്ന് മാത്രമായിരുന്നു അയാളുടെ ചിന്ത. അങ്ങനെ വളര്‍ത്തിയ മക്കളാണ്... മക്കള്‍ അതൊക്കെ മറന്നാല്ത്തന്നെയും ഭാര്യ അതൊക്കെ മക്കളെ ഓര്മ്മിപ്പിക്കേണ്ടതുണ്ടായിരുന്നുവെന്നും അയാള്‍ വിശ്വസിക്കുന്നു.
മേശയ്ക്കല്‍ അയാള്‍ക്കു മാത്രമുള്ള അത്താഴമേയുണ്ടായിരുന്നുള്ളൂ. ‘നിങ്ങളാരും കഴിക്കുന്നില്ലേ’ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ‘മോന് സ്വിഗിയില് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ അതുവല്ലതും കഴിക്കുമോ’ യെന്നായിരുന്നു കുറ്റപ്പെടുത്തും പോലെയുള്ള ഭാര്യയുടെ മറുപടി. അതോ അതില്‍ പരിഹാസമായിരുന്നോ.. എന്തോ, അയാള്‍ക്കത് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. വിശപ്പുതോന്നിയിരുന്നില്ല. എങ്കിലും അത്താഴപ്പട്ടിണി കിടക്കരുത് എന്നൊരു നിയമം ചെറുപ്പം മുതല്‍ അയാള്‍ ശീലിച്ചു പോന്നിരുന്നതുകൊണ്ട് എന്തെങ്കിലും നുള്ളിക്കഴിക്കാമെന്ന് വിചാരിച്ചു പാത്രത്തില്‍ കൈയിട്ടു. പക്ഷേ തൊണ്ടയില്‍ നിന്ന് ചോറ് ഇറങ്ങുന്നില്ല. മുമ്പു കഴിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയത് ഇതുവരെയും പോകാത്തതില്‍ അയാള്‍ക്ക് അസ്വഭാവികത തോന്നി. കഞ്ഞിവെള്ളം മാത്രം കുടിച്ചതിനു ശേഷം അയാള്‍ എണീറ്റുപോയി.
പിന്നീടുള്ള ദിവസങ്ങളും പഴയ ദിവസങ്ങളുടെ ആവര്‍ത്തനമായിരുന്നു. വല്ലാത്തൊരു ക്ഷീണം അയാളെ അതിനിടയില്‍ പിടികൂടുകയും ചെയ്തിരുന്നു. അയാള്‍ ഭക്ഷണം കഴിക്കാത്തതോ ക്ഷീണിതനായിരിക്കുന്നതോ വീട്ടില്‍ ആരെയും അത്രയധികം വേവലാതിപ്പെടുത്തിയില്ല. ‘പ്രായമാകുമ്പോ ഭക്ഷണം പഴയതുപോലെകഴിക്കാന് പറ്റില്ലായിരിക്കും’ എന്ന് ഭാര്യ ഊഹംപറയുകയും അയാള്‍ അതുതലകുലുക്കി ശരിവയ്ക്കുകയും ചെയ്തു. എന്നിട്ടും, ‘എനിക്കെന്തോ തൊണ്ടയില്‍ ഇരിക്കുന്നതുപോലെ തോന്നുന്നു’ വെന്ന് അയാള്‍ പറഞ്ഞു. ‘കഴിഞ്ഞദിവസം കഴിച്ച മീന്റെ മുള്ളുവല്ലതുമായിരിക്കും. പഴമോ ചോറുരുളയോ വിഴുങ്ങ്’ എന്ന് ലാഘവത്തോടെ പറഞ്ഞുകൊണ്ട് ഭാര്യ എച്ചില്പാത്രമെടുത്ത് അടുക്കളയിലേക്ക് പോയി.
പക്ഷേ ആ ദിവസം താന്‍ മത്സ്യം കഴിച്ചിട്ടില്ലെന്ന് അയാള്ക്കറിയമായിരുന്നതുകൊണ്ട് അതേച്ചൊല്ലിയും തര്‍ക്കിക്കാന്‍ അയാള്‍ക്ക് ഭാവമുണ്ടായിരുന്നില്ല.
ഭക്ഷണത്തില്‍ കുറവുവന്നിട്ടും ക്ഷീണം കൂടുതലായിട്ടും അയാള്‍ തന്റെ ജോലിക്ക് മുടക്കമൊന്നും വരുത്തിയില്ല. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അസ്വസ്ഥത വിട്ടുമാറാതെ വന്നതുകൊണ്ട് അങ്ങനെയൊരു ദിവസം അയാള്‍ ഡോക്ടറെ കാണാന്‍ ഒറ്റയ്ക്കുപോയി. അയാളുടെ രോഗവിവരം വിശദമായി കേട്ടതിനും പരിശോധനയ്ക്കും ശേഷം ചില ടെക്സറ്റുകള്ക്ക് ഡോക്ടര്‍ കുറിച്ചുകൊടുത്തു. താന്‍ വിചാരിച്ചതിനും അപ്പുറമെന്തിലേക്കോ ജീവിതം തന്നെ കൊണ്ടുപോവുകയാണെന്ന് അയാള്‍ ആശങ്കപ്പെട്ടു. അയാളുടെ ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ല. സ്കാനിംങ് ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ക്കുശേഷം ഡോക്ടര്‍ അയാളുടെ അസുഖം കണ്ടെത്തി. തൊണ്ടയില്‍ കാന്‍സര്‍. ഫോര്‍ത്ത് സ്റ്റേജ്.
പുകവലിക്കാത്ത, മുറുക്കാത്ത തനിക്കെന്തുകൊണ്ട് ഇങ്ങനെയൊരു രോഗം വന്നുവെന്നായിരുന്നു അയാളുടെ സംശയം. ചില ചോദ്യങ്ങള്‍ക്ക് നമ്മുക്ക് ആശ്വാസം കിട്ടുന്ന മറുപടികളൊന്നും കിട്ടിയിരിക്കണമെന്നില്ല എന്ന തത്വം അയാള്‍ക്കപ്പോഴാണ് മനസ്സിലായത്. നിരാശപ്പെടേണ്ടായെന്നും ചികിത്സകള്‍ ഫലം ചെയ്യുമെന്നും ഡോക്ടര്‍ ആശ്വസിപ്പിച്ചു.
റേഡിയേഷന്, കീമോ, ഓപ്പറേഷന്, ഇമ്മ്യൂണോ തെറാപ്പി...ഡോക്ടര്‍ എന്തൊക്കെയോ പറയുന്നത് അയാള്‍ കേട്ടു. അവയ്ക്കുള്ള ചെലവിനെക്കുറിച്ചായിരുന്നു ഭാര്യ അപ്പോള്‍ ആകുലപ്പെട്ടത്. ‘മക്കള്‍ക്ക് ജോലി കിട്ടിയതേയുള്ളൂ. അവര്‍ വീടുപണി തുടങ്ങാന്‍ പോകുവായിരുന്നു’ എന്നൊക്കെ അവള് സങ്കടപ്പെട്ടപ്പോള്‍ ആദ്യം അവരോട് എന്നെ വന്നുകാണാന്‍ പറയൂ, ഞാനവരെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ ചികിത്സകള്‍ ആരംഭിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥയും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു. ജീവിതം ഇനി മറ്റൊരു വേദിയിലേക്ക് മാറുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി. ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ എവിടേയ്ക്ക് പോകണമെന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. അമ്മയുടെ അടുക്കലേക്ക് തന്നെ. ‘ഞാന്‍ അമ്മയെ കണ്ടിട്ടുവരാം നീ വീട്ടിലേക്ക് പൊയ്ക്കോ’ എന്ന് അയാള്‍ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയച്ചതിനുശേഷം അമ്മയെ കാണാന്‍ വേണ്ടി അയാള്‍ മറ്റൊരു ബസിലേക്ക് കയറി. അമ്മ അനിയനൊപ്പം തറവാട്ടിലായിരുന്നു. പ്രായത്തിന്റെ വല്ലായ്മകളൊക്കെയുണ്ടെങ്കിലും പരാശ്രയം ഒന്നിനും വേണ്ടായിരുന്നു അമ്മയ്ക്ക്. ഏറെനാളുകള്ക്കുശേഷമായിരുന്നു അയാള്‍ അമ്മയെ കാണാന്‍ പോയിരുന്നത്. വേണമെങ്കില്‍ ഒരു മണിക്കൂര്‍ സമയം മാത്രം നീക്കിവച്ചാല്‍ അയാള്‍ക്ക് അമ്മയെ ഇടയ്ക്കിടെ ചെന്നുകാണാമായിരുന്നു. പക്ഷേ അതിന് അയാള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. സ്വന്തം ജീവിതവുമായി തിരക്കുപിടിച്ചോടുമ്പോള്‍ അമ്മയുടെ പ്രായത്തിന്റെ വല്ലായ്മകളിലേക്കും പ്രാരബ്ദങ്ങളിലേക്കും മനസ്സും കാതുംകൊടുക്കാന് അയാള്‍ സന്നദ്ധനായിരുന്നില്ല എന്നുതന്നെയാണ് കൂടുതല്‍ ശരി.
പക്ഷേ അതു സ്നേഹമില്ലായ്മ ആയിരുന്നുമില്ല. അമ്മയ്ക്ക് പിടിയും കോഴിക്കറിയും ഇഷ്ടമാണെന്ന് അറിയാമായിരുന്നതുകൊണ്ട് അമ്മയെ കാണാന്‍ പോകുമ്പോള്‍ അയാളുടെ കൈയില്‍ അതുമുണ്ടായിരുന്നു. അനിയനാണ് അയാളെ ആദ്യം കണ്ടത്. ‘ചേട്ടനിതെന്തുപറ്റി നല്ലതുപോലെ ക്ഷീണിച്ചല്ലോ’യെന്ന് അയാളുടെ മാറ്റം പെട്ടെന്ന് അനിയനു തിരിച്ചറിയാന്‍ സാധിച്ചു. രക്തബന്ധം വല്ലാത്തൊരു ഹൃദയബന്ധമാണെന്ന് അയാള്‍ക്കപ്പോള്‍ ഓര്‍മ്മവന്നു. എത്ര അറുത്തുമാറ്റാന്‍ ശ്രമിച്ചാലും ഛേദിക്കപ്പെടാതെ അത്...
സ്വത്തുഭാഗം വച്ചതുമായി ബന്ധപ്പെട്ട് അയാള്‍ക്ക് അനിയനോട് നീരസം ശക്തമായിരുന്നു. ഒരുപക്ഷേ അതുതന്നെയാവാം അമ്മയെ കാണാനുളള യാത്രകള്‍ കുറച്ചതെന്ന് അയാള്‍ക്കപ്പോള്‍ തോന്നി.
‘എത്രകാലമായെടാ നിന്നെ കണ്ടിട്ട്. ഇവിടെ പെറ്റതള്ള മരിച്ചോ, ജീവിച്ചോ എന്നുപോലും നീയൊന്ന് അന്വേഷിക്കുന്നില്ലല്ലോ’. അമ്മ അയാളെ തൊട്ടരികില്‍ ചേര്‍ത്തിരുത്തി പരാതി പറഞ്ഞു കരഞ്ഞു. മൂത്തമകന്. അതുകഴിഞ്ഞേ ഒരമ്മയ്ക്ക് പിന്നെ മക്കളുണ്ടാവൂ എന്ന് അയാള്ക്കപ്പോള്തോന്നി. അമ്മയ്ക്ക് തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ഇഷ്ടവും. എന്നിട്ടും എപ്പോഴൊക്കെയോ ആ ഇഷ്ടങ്ങളൊക്കെ വിസ്മരിച്ചുപോയി. അയാള്‍ക്ക് അനല്പമായ കുറ്റബോധം അനുഭവപ്പെട്ടു.
അമ്മയുടെ വിറയാര്‍ന്ന വിരലുകള്‍ തന്റെ മുടിയിഴകളിലൂടെ അലഞ്ഞപ്പോള്‍ അയാള്‍ക്ക് കരച്ചില് പൊട്ടുന്നുണ്ടായിരുന്നു. ‘നിന്നെ കണ്ടാ ഇപ്പോ എന്നെക്കാളും പ്രായം തോന്നുമല്ലോടാ’ യെന്ന് പറഞ്ഞ് അമ്മ ചിരിക്കുകയും ‘ഇനി നീ പിള്ളേരുടെ കൈയിലേക്ക് വീട്ടുഭരണം ഏല്പിച്ചുകൊടുത്ത് വിശ്രമിക്ക്’ എന്ന് ഉപദേശിക്കുകയും ചെയ്തു. ‘ഉം വിശ്രമിക്കണം’ എന്ന് അയാളും സമ്മതിച്ചു. ഇനി വിശ്രമത്തിനുള്ള സമയം തന്നെയാണ്..
‘ഇനി ഞാന്‍ പണിയെടുത്തില്ലെങ്കിലും കുടുംബം പുലര്‍ന്നോളും അമ്മേ...അവന്മാര് അവിടെ വീടുപണിക്കുള്ള ചട്ടം കൂട്ടുവാ...’
‘നല്ല കാര്യം. നിന്റെ പുതിയ വീടു കാണാന്‍ എനിക്ക് ഭാഗ്യംണ്ടാവോ ആവോ’ അമ്മയുടെ കണ്ണില്‍ വെള്ളം നിറയുന്നതുകണ്ടപ്പോള് അയാള്‍ കളിയാക്കി.
‘പിന്നെ അമ്മ എവിടെ പോകാന്‍. എന്തെല്ലാം അമ്മ ഇനി കാണാന്‍ കിടക്കുന്നു...’ അയാള്‍ പെട്ടെന്ന് അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു. അയാള്‍ക്ക് അങ്ങനെ കിടന്നു കരയണമെന്നു തോന്നി. പക്ഷേ...
‘എന്നാ പറ്റിയെടാ നിനക്ക്.. നിനക്ക് വല്ല സങ്കടം വരുമ്പോഴായിരുന്നു നീയിങ്ങനെ എന്റെ മടീല്...അങ്ങനെ കെടന്നാല് സങ്കടമൊക്കെ പോവുംന്ന് നീ പറയാറുണ്ടായിരുന്നു’.
‘ഇല്ലമ്മേ എനിക്കു സങ്കടമൊന്നുമില്ല. അല്ലെങ്കില്‍പ്പിന്നെ എനിക്കെന്നാത്തിനാ സങ്കടം ?’. അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടു ചോദിച്ചു.
‘അതെനിക്കറിയാന്‍ പറ്റോ..നീയൊന്നും തൊറന്നുപറയുന്ന ആളേ അല്ല. സങ്കടമാണെങ്കിലും സന്തോഷാണെങ്കിലും സ്നേഹമാണെങ്കിലും.’. അതുപറയുമ്പോള്‍ അമ്മയുടെ തൊണ്ട ഇടറുന്നുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി. അമ്മയോടും അനിയനോടും അവന്റെ പ്രിയപ്പെട്ടവരോടും യാത്രപറഞ്ഞിറങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ വല്ലാത്തൊരു ആശ്വാസം പരന്നിട്ടുണ്ടായിരുന്നു. മനുഷ്യന്റെ ജീവിതം ഇത്രയുമേയുള്ളൂ.
കൂടിയല്ലാ പിറക്കുന്ന നേരത്തും,
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു,
മത്സരിക്കുന്നതെന്തിനു നാം വൃഥാ
പൂന്താനം ചെവിയിലെത്തിചോദിക്കുന്നതുപോലെ അയാള്‍ക്ക് തോന്നി.
അനിയന്റെ കരം വെറുതെ കവര്‍ന്ന് അവന്റെ മുഖത്തേക്ക് നോക്കിനിന്നപ്പോള്‍ കാലങ്ങള്‍ക്കപ്പുറത്തുനിന്ന് ചേട്ടായീ എന്ന വിളിയും മോനൂട്ടാ എന്ന മറുവിളിയും അയാളുടെ കാതുകളില്‍ മുഴങ്ങി. ഇനി തിരിച്ചുപിടിക്കാന്‍ കഴിയാത്ത കാലം...അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു!