പിണങ്ങി മാറി മകനുമൊത്ത് സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യയെ വിളിച്ചിട്ട് കൂടെ പോകാത്തതിന്റെ പേരിൽ ഭർത്താവ് ദേഹത്ത് പെട്രോളൊഴിച്ചു. കേസെടുത്ത ആറന്മുള പൊലീസ് ഭർത്താവിനെ പിടികൂടി. ആറന്മുള തെക്കേമല തോലൂപ്പറമ്പിൽ വീട്ടിൽ രാജേഷ് കുമാർ (37) ആണ് പിടിയിലായത്. 

യുവതി ജോലി ചെയ്യുന്ന കോഴഞ്ചേരിയിലെ മെഡിക്കൽ സെന്ററിൽ പെട്രോൾ നിറച്ച കുപ്പിയുമായി കയറി അസഭ്യം വിളിച്ചുകൊണ്ട് ദേഹത്ത് പെട്രോൾ ഒഴിക്കാൻ രാജേഷ് കുമാർ ശ്രമിക്കുകയായിരുന്നു. പരിഭ്രാന്തയായ യുവതി രക്ഷപ്പെടാനായി പുറത്തേക്ക് ഓടി ഇറങ്ങിയപ്പോൾ പ്രതി പെട്രോൾ യുവതിയുടെ ദേഹത്തേക്കൊഴിച്ചു. തുടർന്ന് ലൈറ്റർ എടുത്ത് കത്തിക്കാൻ ശ്രമിച്ചപ്പോൾ യുവതിയുടെ കൂടെ ജോലി ചെയ്യുന്നയാൾ കൈകൊണ്ട് തട്ടി മാറ്റുകയായിരുന്നു. 

ADVERTISEMENT

നിന്നെ കൊന്നിട്ട് ഞാനും ചാവും എന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പെട്രോൾ ഒഴിച്ചത്. യുവതി സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതിക്കായി നടത്തിയ തിരച്ചിലിൽ തെക്കേമലയിലുള്ള വീടിനു സമീപത്തു നിന്നും കസ്റ്റഡിയിലെടുത്തു.

തുടർ നടപടികൾക്ക് ശേഷം ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പെട്രോൾ അടങ്ങിയ കുപ്പി പൊലീസ് കണ്ടെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT