ഇന്‍സ്റ്റഗ്രാം വഴി പരിചയം, ദിവസവും ചാറ്റിങ്, നേരില്‍ കാണാന്‍ ആശിച്ച് ചെന്ന കാമുകന്‍ കണ്ടത് തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയെ. വയസ് 52, ഇന്‍സ്റ്റയില്‍ ഫില്‍ട്ടറിട്ട് പ്രായം കുറച്ച് പറ്റിക്കുകയായിരുന്നു. വിവാഹിതയും അമ്മയുമായിരുന്നു അവരെന്ന് അറിഞ്ഞതോടെ എങ്ങനെയും തലയൂരാനായി കാമുകന്റെ ശ്രമം. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്നും പലപ്പോഴായി വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് അന്‍പത്തിരണ്ടുകാരി സമ്മര്‍ദ്ദം ചെലുത്തി. ഇതാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. 

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. കഴിഞ്ഞമാസം പതിനൊന്നിന് മെയിന്‍പുരിയിലെ കര്‍പ്പാരി ഗ്രാമത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച പാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകം സ്ഥിരീകരിച്ചു. അന്വേഷണത്തിനൊടുവില്‍, ഫറൂഖാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും കണ്ടെത്തി. പ്രതിയായ അരുണ്‍ രാജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ADVERTISEMENT

ഇന്‍സ്റ്റഗ്രാമിലൂടെയാണ് 52 വയസുകാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. നേരില്‍ കണ്ടപ്പോളാണ് ഫില്‍ട്ടറിട്ട് തന്നെ പറ്റിച്ചതാണെന്ന് മനസിലായതെന്നും യുവാവ് പറഞ്ഞു. വിവാഹം കഴിക്കണമെന്ന ആവശ്യവും വാങ്ങിയ പണം തിരികെ നല്‍കാനുള്ള സമ്മര്‍ദവും വര്‍ധിച്ചതോടെ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും യുവാവ് പോലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

ADVERTISEMENT
ADVERTISEMENT