ചായ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി, തുണിയിൽ കരിക്ക് കെട്ടി അടിച്ച് പൊലീസ്; സുനിലിന്റെ ജീവിതം തകര്‍ത്തു, വാരിയെല്ലുകൾക്കു ക്ഷതം!
തോർത്തിൽ കരിക്ക് കെട്ടി ലോക്കപ്പിൽ പൊലീസ് മർദിച്ചെന്ന പരാതിയിൽ ഒരു വർഷം കഴിഞ്ഞും നടപടിയെടുത്തില്ലെന്നു പരാതി. വാരിയെല്ലുകൾക്കു ക്ഷതം സംഭവിച്ചതിനാൽ ജോലി ചെയ്യാനാകുന്നില്ലെന്നു കാണിച്ച് കുന്നത്തങ്ങാടി വടക്കുന്തല വി.കെ. സുനിൽകുമാർ (52) ആണ് തൃശൂർ അന്തിക്കാട് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നത്. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.
പഴയ സ്റ്റേഷൻ കെട്ടിടത്തിൽ കൊണ്ടുപോയി മർദിച്ചതിനാൽ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ ഉണ്ടായിരിക്കില്ല. എന്നാൽ, അടിവസ്ത്രം മാത്രം ധരിപ്പിച്ച് അടുത്ത സ്റ്റേഷനിൽ കൊണ്ടുപോകുന്നത് ക്യാമറ പരിശോധിച്ചാൽ കാണാമെന്നു സുനിൽ കുമാർ പറയുന്നു.
‘2024 മേയ് 9ന് രാത്രി നമ്പോർക്കാവ് പൂരത്തിന്റെ ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ എന്റെ സഹോദരിയുടെ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷിച്ചു ചെന്നതാണു ഞാൻ. സഹോദരിയുടെ മകനെ ഗ്രേഡ് എസ്ഐ അവിടെവച്ചു ചവിട്ടിവീഴ്ത്തി. ഞാനടക്കം 4 പേരെ കൊണ്ടുപോയി സെല്ലിൽ ഇരുത്തി.
പിന്നീട് ചായ വാങ്ങിത്തരാമെന്നു പറഞ്ഞ് പഴയ സ്റ്റേഷൻ കെട്ടിടത്തിൽ കൊണ്ടുപോയി ഇൻസ്പെക്ടറും സിവിൽ പൊലീസ് ഓഫിസറും ചേർന്ന് തുണിയിൽ കരിക്ക് കെട്ടി അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡ്രൈവറായ എനിക്ക് ഇപ്പോൾ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.’- സംഭവത്തെക്കുറിച്ച് പരാതിക്കാരൻ സുനിൽകുമാർ പറയുന്നു.