പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി കേസിൽ പ്രതിയായ പതിനെട്ടുകാരനുമായി പ്രണയബന്ധം തുടരാൻ ആഗ്രഹം അറിയിച്ചതിനെ തുടർന്നു പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്കൂൾതലം മുതൽ അടുപ്പമുള്ള ഇരുവരും സുഹൃത്തുക്കളുടെ വീട്ടിലും മറ്റും ഒന്നിച്ചു യാത്ര ചെയ്യുന്നതിനിടെ, പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപിച്ചാണു കൗമാരക്കാരന് എതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തത്. കൗമാര ചാപല്യങ്ങൾ ക്രിമിനൽ കുറ്റമായി മാറിയതാണ് ഇവിടെ സംഭവിച്ചതെന്നു ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.

ഒന്നിച്ചു സ്കൂളിൽ പഠിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതുൾപ്പെടെ കുറ്റങ്ങളാണു കേസിൽ ചുമത്തിയിരുന്നത്. കേസ് ഒത്തുതീർപ്പാക്കിയെന്നും പെൺകുട്ടിക്കോ മാതാപിതാക്കൾക്കോ പരാതിയില്ലെന്നും കേസ് റദ്ദാക്കണമെന്നും കാണിച്ച് കൗമാരക്കാരൻ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. 2023ൽ കേസെടുക്കുമ്പോൾ പെൺകുട്ടിക്കു പതിനേഴര വയസ്സാണ്. 6 മാസം കൂടി കഴിഞ്ഞാണ് ഇതു സംഭവിച്ചിരുന്നതെങ്കിൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന നിലയ്ക്ക് കേസിലുൾപ്പെട്ട കുറ്റങ്ങൾ ഒന്നും ബാധകമാകില്ലായിരുന്നു എന്നു കോടതി വ്യക്തമാക്കി.

ADVERTISEMENT

ഹർജിക്കാരനുമായി ഇപ്പോഴും പ്രണയത്തിലാണെന്നു കാണിച്ച് പെൺകുട്ടി സത്യവാങ്മൂലം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വിചാരണ തുടരുന്നത് അനുചിതമാകുമെന്നും കേസ് നിലനിൽക്കുന്നതു കൗമാരക്കാരന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. മറിച്ച്, കേസ് റദ്ദാക്കുന്ന പക്ഷം ഭാവിയിൽ ഇരുവരും ജീവിതത്തിൽ ഒന്നിക്കാനും സമാധാനപരമായ കുടുംബജീവിതം നയിക്കാനും സാധ്യത ഏറെയാണെന്നു കോടതി വിലയിരുത്തി. ഹർജി അനുവദിച്ച കോടതി, തിരുവനന്തപുരം പോക്സോ സ്പെഷൽ കോടതിയുടെ പരിഗണനയിലുള്ള കേസ് നടപടികൾ റദ്ദാക്കി.

ADVERTISEMENT
ADVERTISEMENT