വിദേശത്തു പോയെങ്കിലും ‘ക്ലച്ച്’ പിടിച്ചില്ല, 12 വർഷത്തോളം ഓട്ടോ ഓടിച്ചു; ഒടുവില് ജംഷീറിനെ തേടിയെത്തി സർക്കാർ ജോലി!
ഗുഡ്സ് ഓട്ടോഡ്രൈവർ വണ്ടൂർ കുറ്റിയിൽ ഒറവുങ്ങൽ ജംഷീറിന്റെ (41) ജീവിതത്തിലേക്ക് ഓണസമ്മാനമായെത്തിയത് സർക്കാർ ജോലി. ഒന്നാം തീയതി പെരിന്തൽമണ്ണ പോളിടെക്നിക് കോളജിൽ വാച്ച്മാനായി ചുമതലയേറ്റു. സർക്കാർ ജോലി ജംഷീറിന്റെ വലിയ ആഗ്രഹമായിരുന്നു.
പ്ലസ്ടുവിനു കഴിഞ്ഞ് അരീക്കോട് ഐടിഐയിൽ ഒരു വർഷത്തെ കോഴ്സിനു ശേഷം നീണ്ട 23 വർഷമാണ് അതിനായി കാത്തിരിക്കേണ്ടി വന്നത്. ഇടക്കാലത്തു വിദേശത്തു പോയെങ്കിലും ‘ക്ലച്ച്’ പിടിച്ചില്ല. നാട്ടിലെത്തി 12 വർഷത്തോളം ഓട്ടോറിക്ഷ ഓടിച്ചു. അതിനിടയിലെല്ലാം പിഎസ്‌സിക്കു സ്വയം പഠിച്ചു.
ഉദ്യോഗസ്ഥരോ വിദ്യാർഥികളോ ഓട്ടോറിക്ഷയിൽ കയറിയാൽ അവരോടൊക്കെ വിവിധ വിഷയങ്ങൾ ചോദിച്ചു പഠിക്കും. ഓട്ടോറിക്ഷ മുഴുവൻ സമയവും അങ്ങാടിയിൽ ഇട്ടു കാത്തിരിക്കണം. ഇതു പഠനത്തിനു പ്രയാസമുണ്ടാക്കിയപ്പോൾ 4 വർഷം മുൻപു ഗുഡ്സ് ഓട്ടോറിക്ഷ വാങ്ങി. വീട്ടിലിട്ട് ആവശ്യക്കാർ വിളിക്കുമ്പോൾ ഓടും. ബാക്കി സമയം മുഴുവൻ പരിശീലനം. വായന തുടർന്നു. മൊബൈൽ ഫോണിൽ പരിശീലന ക്ലാസുകൾ കേട്ടു.
ഇതുവരെ നൂറിനടുത്തു പിഎസ്‌സി പരീക്ഷകൾ എഴുതിയിട്ടുണ്ടെന്നു ജംഷീർ പറയുന്നു. ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലടക്കം റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടെങ്കിലും നിയമനമായില്ല. പ്രായം കൂടുന്നതൊന്നും ജംഷീറിന്റെ പഠിക്കാനുള്ള ആവേശത്തെ തളർത്തിയില്ല.
പിഎസ്‌സി എഴുതാനുള്ള പ്രായപരിധിക്കുള്ളിൽ തന്നെ ജോലി നേടണമെന്നതു വാശിയായിരുന്നു. അടുത്തറിയുന്ന പലരും പ്രോത്സാഹിപ്പിച്ചു. ജോലിയായതിന്റെ തൊട്ടുപിന്നാലെ വിവിധ വകുപ്പുകളിലേക്കുള്ള ഡ്രൈവർ നിയമന ലിസ്റ്റിലും ജംഷീർ ഇടംപിടിച്ചിട്ടുണ്ട്.
മറ്റ് ഏത് തൊഴിലിനൊപ്പവും പരിശ്രമിക്കാൻ മനസ്സുണ്ടെങ്കിൽ പഠനത്തിനു സമയം കിട്ടുമെന്നു ജംഷീർ പറയുന്നു. കൂട്ടുകാരോടൊക്കെ ഇക്കാര്യം പറയാറുണ്ട്. ഓണസമ്മാനമായി സർക്കാർ ജോലി വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ഭാര്യ ഫസ്നയും മക്കളായ ഹാഷിം നിഹാലും മുഹമ്മദ് നിദാനും ഐസ മെഹറിനും.