ചാറ്റിലൂടെ പരിചയം, നഗ്നവിഡിയോ ആവശ്യപ്പെടും, പിന്നീടത് പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഇരയായത് നിരവധി പെണ്‍കുട്ടികള്‍! ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റില്‍ Arrest of Tattoo Artist
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്നവിഡിയോ ആവശ്യപ്പെടുകയും പിന്നീടതു പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി. ബിപിനെ (22) ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. എന്നാൽ, തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്.
പ്രതി സമാനരീതിയിൽ ഒട്ടേറെ പെൺകുട്ടികളെ ഇത്തരത്തിൽ പരിചയപ്പെട്ടു ചതിയിൽ പെടുത്തിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിൻ കോസ്മെറ്റിക് സയൻസിൽ ബിരുദ വിദ്യാർഥി കൂടിയാണ്.