ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചര്‍ പൊക്കിയപ്പോള്‍ കുഞ്ഞു കൃഷ്ണനായി പകർന്നാട്ടം; സുധീഷിന്റെ കുറുമ്പ് പങ്കുവച്ച് അധ്യാപിക
ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചര്‍ പൊക്കിയപ്പോള്‍ കുഞ്ഞു കൃഷ്ണനായി പകർന്നാട്ടം നടത്തിയ കൊച്ചുമിടുക്കന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോംവർക്ക് ചെയ്യാത്തതിനു അധ്യാപിക കാരണം ചോദിച്ചപ്പോൾ മനോഹരമായി മറുപടി കൊടുക്കുകയാണ് കുട്ടി. പത്തനംതിട്ടയിലെ വാഴമുട്ടം നാഷണൽ യു പി സ്കൂളിലെ അധ്യാപികയായ സന്ധ്യ രാധാകൃഷ്ണനാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ രസകരമായ വിഡിയോ പങ്കുവച്ചത്. 'ഹോംവർക്ക് ചെയ്യാതെ വന്നിട്ട് ഞങ്ങടെ സുധീഷിന്റെ കുറുമ്പ്. പി ടി പിരീഡ് ഉയിർ'- എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
ടീച്ചര്‍ കാരണം തിരക്കിയപ്പോള്‍ നാളെ ഹോംവർക്ക് ചെയ്തു വരാമെന്ന് കുട്ടി. ഇന്നലെ എഴുതാൻ പറഞ്ഞതല്ലേ എന്ന് അധ്യാപിക ചോദിക്കുമ്പോൾ 'നാളെ, ഒരു ഒറ്റത്തവണ' എന്നാണ് കുട്ടി മറുപടി നൽകുന്നത്. ഇന്നലെ വീട്ടിൽ എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ചപ്പോൾ പുതിയ ടീച്ചറുടെ ഹോംവർക്ക് ചെയ്തെന്നും സന്ധ്യ ടീച്ചറുടെ ഹോംവർക്ക് ചെയ്തപ്പോൾ ഉറങ്ങി പോയെന്നുമായിരുന്നു മറുപടി.
ഇത് എന്നെഴുതി കൊണ്ടു വരുമെന്ന് ചോദിക്കുമ്പോൾ 'നാളെ, ഉറപ്പ്' എന്ന് മറുപടി നൽകുന്നു. ഹോംവർക്ക് ചെയ്തില്ലെങ്കിൽ അടുത്ത പി ടിക്ക് വിടണ്ട എന്ന് പറയുമ്പോൾ 'അമ്മ സത്യം' എന്നു പറഞ്ഞ് ടീച്ചറുടെ കൈ അടിച്ച് സത്യം ഇടുകയാണ്. കുട്ടിയുടെ നിഷ്കളങ്കമായ പെരുമാറ്റവും പറയുന്ന രീതിയും ആരെയും ആകർഷിക്കും.
ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞതിന്റെ ഹാങ്ങ് ഓവറിലായിരുന്നു കുട്ടി. ടീച്ചര്‍ക്ക് നാളെ എന്ന് മറുപടി കൊടുക്കുന്നതിന് ഇടയിലാണ് വിഡിയോ എടുക്കുന്നുണ്ടെന്ന് അവന് മനസ്സിലായത്. ഉടന്‍തന്നെ കുഞ്ഞു കൃഷ്ണനായി പകർന്നാടി. വിഡിയോ എടുത്തു കൊണ്ടിരുന്ന സാറ്, 'മതിയെടാ, അത് കഴിഞ്ഞു' എന്ന് പറഞ്ഞ ഉടനെയാണ് കുട്ടി അധ്യാപികയ്ക്ക് മറുപടി കൊടുത്തു തുടങ്ങിയത്.