പട്ടാപ്പകൽ ഭാര്യയെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ബെംഗളൂരു നഗരത്തിലെ ക്യാബ് ഡ്രൈവർ ലോഹിതാശ്വ (35) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്നു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ പന്ത്രണ്ടു വയസ്സുകാരിയായ മകളുടെ കണ്‍മുന്നിൽ വച്ചായിരുന്നു അരുംകൊല. 

രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. 

ADVERTISEMENT

ആദ്യ വിവാഹത്തിലെ രേഖയുടെ രണ്ടാമത്തെ മകൾ അവരുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസം. കോൾ സെന്ററിൽ ജീവനക്കാരിയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വർ‌ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞതു മുതൽ ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നു. 

രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കേറ്റത്തിനു ശേഷം പിണങ്ങി മകളോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് ലോഹിതാശ്വ പിന്തുടർന്നെത്തി രേഖയെ കൊലപ്പെടുത്തിയത്. ലോഹിതാശ്വയ്ക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT