മരണത്തെ മുഖാമുഖം കണ്ടു, സൈമണിന് വൃക്ക നൽകിയത് ഭാര്യയുടെ കൂട്ടുകാരി ലിൻസി; പുനർജന്മത്തിനു ഇന്ന് ഒന്നാം പിറന്നാള്
സൈമണിന്റെ പുനർജന്മത്തിനു ഇന്ന് ഒരു വയസ്സ്. ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) മൂലം 2 വൃക്കകളും തകരാറിലായി മരണത്തെ മുഖാമുഖം കണ്ട അഭിഭാഷകൻ സൈമൺ കാഞ്ഞിരത്തിങ്കലിന് ഭാര്യ ഷെർളിയുടെ കൂട്ടുകാരിയും അയൽവാസിയുമായ ലിൻസി തന്റെ വൃക്ക നൽകിയാണു പുതുജീവൻ നൽകിയത്.
കഴിഞ്ഞവർഷം സെപ്റ്റംബർ 24നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നെഫ്രോളജിസ്റ്റ് ഡോ. മാമ്മൻ എം.ജോണിന്റെ നേതൃത്വത്തിൽ 4 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവച്ചത്. വടക്കാഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന സൈമണിന്റെ കുടുംബവുമായി 17 വർഷത്തെ സൗഹൃദമുണ്ടായിരുന്നു ഡാർവിയും ഭാര്യ ലിൻസിയും 2 മക്കളുമടങ്ങിയ കുടുംബത്തിന്.
2005 മുതൽ പ്രമേഹരോഗവും ഉയർന്ന രക്തസമ്മർദവും സൈമണിനെ പിടികൂടിയിരുന്നു. ഇതിന്റെ ഫലമായി വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. 21 മാസത്തോളം തുടർച്ചയായി ഡയാലിസിസിനു വിധേയനായെങ്കിലും ജീവിതത്തിലേക്കു തിരിച്ചുവരണമെങ്കിൽ വൃക്ക മാറ്റിവയ്ക്കുക മാത്രമേ വഴിയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതിനിടയിൽ ഹൃദ്രോഗവും പിടികൂടി. മെഡിക്കൽ ട്രസ്റ്റിലെ ഡോ.തോമസ് സ്റ്റീഫന്റെ നേതൃത്വത്തിൽ 2023 ജൂണിൽ ഓപ്പൺ ഹാർട്ട് സർജറി നടത്തി 3 മേജർ ബ്ലോക്കുകൾ നീക്കിയാണു ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലെത്തിച്ചത്. തുടർന്ന് കിഡ്നിക്കു വേണ്ടിയുള്ള അന്വേഷണമായി.
അപ്പോഴാണ് അയൽവാസി ഡാർവിൻ സൈമണിന്റെ ജീവൻ രക്ഷിക്കാനായി തന്റെ ഭാര്യയുടെ വൃക്ക നൽകാമെന്ന് അറിയിച്ചത്. ഭർത്താവ് ഡാർവിന്റെ മാത്രമല്ല വിദ്യാർഥികളായ മക്കൾ ആൽബിന്റെയും അബേല റോസിന്റെയും മറ്റു ബന്ധുക്കളുടെയുമൊക്കെ പൂർണ പിന്തുണ വൃക്ക ദാനം ചെയ്യുന്ന കാര്യത്തിൽ തനിക്കു ലഭിച്ചിരുന്നുവെന്ന് ലിൻസി ഓർക്കുന്നു. ബാർ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ ലിൻസിയുടെ ജീവകാരുണ്യ പ്രവർത്തനത്തെ പ്രകീർത്തിച്ച് അവരെ ആദരിച്ചിരുന്നു.