‘അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലെങ്കിലോ...’; തേങ്ങ കഴിച്ചാല്‍ കല്യാണത്തിന് മഴ പെയ്യുമെന്ന് അമ്മ, കുട്ടിക്കുറുമ്പിയുടെ മാസ് മറുപടി, വൈറല്‍
അടുക്കളയില്‍ തേങ്ങ ചിരകുന്ന സമയത്ത് ഒരു പിടി എടുത്ത് വായിലേക്കു ഇടുന്നത് പണ്ടു തൊട്ടേ കുട്ടികളുടെ ശീലമാണ്. എന്നാല്‍ തൊട്ടുപിറകെ എത്തുന്ന അമ്മമാരുടെ സ്ഥിരം ഡയലോഗുമുണ്ട്, ‘തേങ്ങ ഇങ്ങനെ വാരി കഴിച്ചാൽ നിന്റെ കല്യാണത്തിന് മഴ പെയ്യും.. പറഞ്ഞേക്കാം..’. 80 കളിലും 90 കളിലുമൊക്കെ കുട്ടികള്‍ ഇതുകേട്ട് കിളി പോയി ഇരുന്നിട്ടുണ്ട്. അപൂർവം ചിലർ മാത്രം മഴ പെയ്താൽ സാരമില്ല എന്നു പറഞ്ഞ് തേങ്ങ വീണ്ടും വാരി കഴിച്ചിട്ടുമുണ്ട്. എന്നാൽ, ന്യൂ ജനറേഷൻ കുട്ടികളോട് ഇത്തരം വിളച്ചിലുകൾ ഒന്നും തന്നെ നടക്കില്ല. കല്യാണത്തിന് മഴ പെയ്യുമെന്ന് പറഞ്ഞ് അവരെ പേടിപ്പിക്കാനും പറ്റില്ല.
തക്ഷ്വി അഖിൽ എന്ന നാലു വയസുകാരിയുടെ ക്യൂട്ട് വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബോക്സിലെ തേങ്ങ ആരും കാണാതെ കഴിക്കുന്ന തിരക്കിലായിരുന്നു താഷി എന്ന കൊച്ചുമിടുക്കി. അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം. അത് തേങ്ങയാണെന്നും തേങ്ങ കഴിക്കാൻ പാടില്ലെന്നും അമ്മ. അതെന്താ എന്ന് കുഞ്ഞിന്റെ ചോദ്യം. 'തേങ്ങ കഴിച്ചാലേ കല്യാണത്തിന് മഴ പെയ്യും' എന്ന് അമ്മ.
ഉടനെ വന്നു കുഞ്ഞിന്റെ മാസ് മറുപടി, 'അതിന് ഞാൻ കല്യാണം കഴിക്കുന്നില്ല'. പിന്നെ വീണ്ടും തേങ്ങ കഴിക്കൽ ആരംഭിച്ചു. തേങ്ങ കഴിച്ചാൽ കല്യാണത്തിന് മഴ പെയ്യുമെന്ന് വീണ്ടും അമ്മ. അതിന് താൻ കല്യാണം കഴിക്കുന്നില്ലെന്ന് ആവർത്തിച്ച് കുഞ്ഞും. കല്യാണം കഴിക്കുന്നില്ലേന്ന് അമ്മ ചോദിച്ചപ്പോൾ, 'ഞാൻ കല്യാണം കഴിക്കേണ്ടെന്ന് വിചാരിച്ച് ഇരിക്കുവാരുന്നു' എന്നായി കുഞ്ഞ്. ഈ അടവ് നടക്കില്ലെന്ന് മനസ്സിലായ അമ്മ ഒടുവില്‍ ബോക്സ് അടച്ചു വയ്ക്കാൻ കർശനമായി പറഞ്ഞു. ഉടന്‍ അമ്മയെ നോക്കി ചെറുചിരിയോടെ കുഞ്ഞു താഷി തേങ്ങ തീറ്റ തുടർന്നു.