സാമിന്റെ കൈവിരൽ ജെസി കടിച്ചു മുറിച്ചു, തെളിവായി ഉമിനീർ സ്രവവും രക്തക്കറയും; സ്ത്രീ സുഹൃത്തുക്കളെ കാണാതായതിലും ദുരൂഹത!
കോട്ടയം കാണക്കാരി ജെസി കൊലപാതക കേസിൽ ഉമിനീർ സ്രവവും സാമിന്റെ രക്തസാംപിളും നിർണായക തെളിവാകും. കുരുമുളക് സ്പ്രേ ജെസിയുടെ മുഖത്തേക്ക് അടിച്ച ശേഷമാണ് സാം കൊല നടത്തിയത്. കുരുമുളക് സ്പ്രേയുടെ നീറ്റലിലും പുകച്ചിലിലും കണ്ണു പൊത്തി നിലവിളിച്ച ജെസിയെ നനഞ്ഞ തുണി ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം.
മൽപിടുത്തത്തിലൂടെയാണ് ജെസിയെ കീഴ്‌പ്പെടുത്തിയത്. മുഖത്ത് തുണി ഉപയോഗിച്ച് അമർത്തിയപ്പോൾ ശ്വാസം കിട്ടാതെ ജെസി പിടഞ്ഞു. ഇതിനിടെ പ്രാണഭയത്താൽ സാമിന്റെ കൈവിരൽ ജെസി കടിച്ചു മുറിച്ചു. മരണം ഉറപ്പിച്ച ശേഷമാണ് സാം പിൻവാങ്ങിയത്. ജെസിയുടെ ഘാതകൻ സാം തന്നെയാണെന്നതിന്റെ പ്രധാന തെളിവാണ് ജെസിയുടെ ഉമിനീർ സ്രവവും സാമിന്റെ രക്തക്കറയും. ഇവ രണ്ടിന്റെ സാംപിളുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ജെസിയുടേത് കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു. അതിനാൽ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൃത്യം നടത്താനും പ്രതി ശ്രദ്ധിച്ചു. കൊലപാതകമല്ല സ്വയരക്ഷ മാത്രമാണ് ഉദ്ദേശിച്ചത് എന്നുള്ള പുതിയ കഥയാണ് പൊലീസിനു മുന്നിൽ സാം പറഞ്ഞത്. സ്വയ രക്ഷയ്ക്കു വേണ്ടിയാണ് കുരുമുളക് സ്പ്രേ മുഖത്തടിച്ചത്. സ്പ്രേ അടിക്കുമ്പോൾ ബോധരഹിതയാകുമെന്ന് വിശ്വസിച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിക്കാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും സാം പൊലീസിനോട് വിവരിച്ചു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്നാണ് സാം പറയുന്നത്. അങ്ങനയെങ്കിൽ കൊലപാതക വിവരം പൊലീസിൽ അറിയിക്കാതെ എന്തുകൊണ്ട് രക്ഷപ്പെട്ടെന്ന പൊലീസിന്റെ ചോദ്യത്തിനു സാമിനു മറുപടി ഇല്ലായിരുന്നു.
അതിനിടെ സാമിന്റെ വനിതാ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. വിയറ്റ്നാം, ഫിലിപ്പെൻസ്, ഇറാൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളിള്‍ നിന്നുള്ള വിദേശ വനിതകളുമായാണ് സാം കൂടുതൽ ചങ്ങാത്തം കൂടിയിരുന്നത്. ഇവരിൽ ചിലരുമായി സാം കാണക്കാരിയിലെ വീട്ടിലെത്തിയിരുന്നുവെന്നും അവിടെ താമസിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങളെ ചൊല്ലി സാമും ജെസിയും തമ്മിൽ വഴക്ക് പതിവായിരുന്നു.
വനിതാ സുഹൃത്തുക്കളിൽ പലരും ഇടയ്ക്ക് വച്ച് സാമുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളിൽ ആരെയങ്കിലും സാം അപായപ്പെടുത്താൻ ശ്രമിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. സാമിന് ആദ്യ ഭാര്യയിൽ ഒരു കുഞ്ഞുണ്ടായിരുന്നുവെന്നും ഇവർ ഈ കൈക്കുഞ്ഞിനെ സാമിനെ ഏൽപിച്ച ശേഷം പോയെന്നുമാണ് വിവരം. എന്നാൽ പിന്നീട് ഇവർക്കെന്ത് സംഭവിച്ചുവെന്നതിൽ വ്യക്തത ഇല്ലായിരുന്നു. ഇവർ വേറെ വിവാഹം കഴിച്ചെന്നും തമിഴ്നാട്ടിൽ കുടുംബവുമായി താമസിക്കുന്നെന്നുമാണ് സാം പറയുന്നു. എന്നാൽ ഇക്കാര്യങ്ങൾ പൂർണമായും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അമ്മയ്ക്ക് ഇത്തരത്തിൽ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകാനാവുമോ എന്ന സംശയത്തിലാണ് പൊലീസ്.