അര്‍ധരാത്രി മദ്യപാനം, ലഹരിയില്‍ കൂട്ടുകാർക്കൊപ്പം കുളത്തിൽ നീന്താനിറങ്ങി; ഇടയ്ക്കുവച്ച് കാണാതായി, യുവാവിന് ദാരുണാന്ത്യം
അര്‍ധരാത്രി നന്നായി മദ്യപിച്ച ശേഷം കൂട്ടുകാർക്കൊപ്പം കുളത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം തിരുവഞ്ചൂരാണ് സംഭവം. തിരുവഞ്ചൂർ മടുക്കാനിയിൽ വീട്ടിൽ വൈശാഖാണ് (26) മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. വൈശാഖും 2 കൂട്ടുകാരും നരിമറ്റം ക്ഷേത്രത്തിന് സമീപത്തെ വയലിൽ നിർമ്മിച്ച കുളത്തിലാണ് കുളിക്കാനിറങ്ങിയത്.
നീന്തുകയായിരുന്ന വൈശാഖിനെ ഇടയ്ക്ക് വച്ച് കാണാതാവുകയായിരുന്നു. തുടർന്ന് കൂട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഉടനെ അയർക്കുന്നം പൊലീസിലും വിവരം അറിയിച്ചു. കോട്ടയം അഗ്നിശമനസേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. തെരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വൈശാഖിന് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ അയർക്കുന്നം എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. മൂന്ന് യുവാക്കളും മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവരുടെ കൈയ്യിൽ നിന്ന് കഞ്ചാവും കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.