‘മനുഷ്യത്വമുള്ളവര് ഒപ്പം നിന്നു, ഈ വേദന സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു’; നീതി ഇപ്പോഴും അകലെയെന്ന് പ്രവീൺ ബാബു
എഡിഎം നവീൻ ബാബുവിന്റെ മരണത്തിലുള്ള വേദനയും ദുഃഖവും സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നതായി കുടുംബം. വേദനയിൽ പങ്കുചേർന്ന ധാരാളം പേർ ഉണ്ടെന്ന് ഭാര്യ കെ. മഞ്ജുഷ. ‘‘മനുഷ്യത്വമുള്ള കേരള ജനത ഒപ്പം നിന്നു. ഇപ്പോഴും ആശ്വസിപ്പിക്കാൻ ആളുകൾ വരുന്നുണ്ട്. ക്രൈസ്തവ സഭകളും റവന്യൂ ജീവനക്കാരും ആശ്വസിപ്പിക്കാൻ ഒപ്പം നിന്നു. രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും കൂടെ നിന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ്.’’- മഞ്ജുഷ പറഞ്ഞു.
നീതി ഇപ്പോഴും അകലെയാണെന്നാണ് തോന്നുന്നതെന്ന് സഹോദരൻ പ്രവീൺബാബു പറഞ്ഞു. കണ്ണൂർ സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസ്. ഡിസംബർ 16ന് പരിഗണിക്കും. തുടരന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പല നിർണായക കാര്യങ്ങളും മറച്ചുവച്ചതായി അഡീഷനൽ കുറ്റപ്പത്രം സമർപിച്ചപ്പോൾ മനസ്സിലായി. 13 കാര്യങ്ങൾ അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ വാദം കേൾക്കാനുണ്ട്. പ്രശാന്തന്റെയും സിപിഎം നേതാവ് പി.പി.ദിവ്യയുടെയും കലക്ടറുടെയും ഫോൺ രേഖകൾ പരിശോധിച്ചില്ല. എല്ലാ നിയമവഴികളും തേടും. മറ്റു വഴികളും ആലോചിക്കുന്നുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കുടുംബത്തിന്റെ പരാതിയിൽ ഒരു വർഷമായി അടയിരിക്കുകയാണ് കണ്ണൂർ പൊലീസ്. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് കണ്ണൂരിലെ മുറിയിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നു രാത്രി കണ്ണൂരിലെത്തിയ സഹോദരൻ പ്രവീൺ ബാബുവും ബന്ധുക്കളും നൽകിയ പരാതി ഇപ്പോഴും പൊലീസ് തുറന്നിട്ടില്ല. സംഭവത്തിൽ ആരോപണ വിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കും പ്രശാന്തനുമെതിരെ ഗൂഢാലോചന ആരോപിച്ചാണു പരാതി നൽകിയത്.
ജന്മ നാടായ പത്തനംതിട്ടയിലേക്ക് എഡിഎമ്മായി സ്ഥലംമാറ്റം ലഭിച്ച് യാത്രയയപ്പ് വേദിയിലാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചത്. തുടർന്നാണ്, നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം പി.പി.ദിവ്യ ഒളിവിൽ പോവുകയും ചെയ്തു. പെട്രോൾ പമ്പ് ലൈസൻസ് അപേക്ഷകനായി വന്ന പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സ്, ആരുടെയെങ്കിലും ബിനാമിയാണോ തുടങ്ങിയ സംശയങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല