‘എന്ത് സഹായം വേണമെങ്കിലും ചെയ്യാം’; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് വിജയ്, മാപ്പ് ചോദിച്ചു!
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സൂപ്പര്‍താരം വിജയ്. ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ മാമല്ലപുരത്തെ സ്വകാര്യ റിസോര്‍ട്ടിലെത്തിയാണ് വിജയ് നേരില്‍ കണ്ടത്. കരൂരില്‍ നിന്ന് പോകേണ്ടി വന്നതിലും താരം മാപ്പ് ചോദിച്ചതായി ആളുകള്‍ പറയുന്നു.
'എന്തുസഹായം വേണമെങ്കിലും ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നും സഹോദരനെപ്പോലെ കണ്ട് എന്ത് വേണമെങ്കിലും ചോദിക്കാമെന്നും താരം പറഞ്ഞതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ആളുകള്‍ വെളിപ്പെടുത്തി. ജോലിയോ, കരൂരില്‍ നിന്ന് പുതിയ സ്ഥലത്തേക്ക് മാറി താമസിക്കുന്നതിനാണെങ്കിലോ എന്തുതരത്തിലുള്ള സഹായവും ചെയ്യാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വകാര്യ റിസോര്‍ട്ടിലെ 46 മുറികളാണ് കരൂരില്‍ നിന്നുള്ള 37 കുടുംബങ്ങള്‍ക്കായി വിജയ്യുടെ വരവിന് മുന്‍പായി ബുക്ക് ചെയ്തത്. 37 കുടുംബങ്ങളെയും ഞായറാഴ്ച തന്നെ റിസോര്‍ട്ടിലെത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കുടുംബാംഗങ്ങളുമായി താരം കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ആറര വരെ ആളുകളുടെ സങ്കടങ്ങള്‍ കേട്ടും ആശ്വസിപ്പിച്ചും സമയം ചെലവഴിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറ്റവരെ നഷ്ടമായ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം താരം നേരത്തെ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. അതേസമയം, കരൂരിലെ കുടുംബങ്ങളെ താരം സന്ദര്‍ശിച്ചത് തീര്‍ത്തും രഹസ്യമായാണ് സൂക്ഷിച്ചത്. സ്വകാര്യ സന്ദര്‍ശനമാണെന്നും പരസ്യപ്പെടുത്തരുതെന്നും താരം നിര്‍ദേശം നല്‍കിയിരുന്നതായും സൂചനകളുണ്ട്. സെപ്റ്റംബര്‍ 27ന് കരൂരിലിലെ വേലുസംയപുരത്തുണ്ടായ ദുരന്തത്തില്‍ ആറ് കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.