‘മകൾ പുതിയ സ്കൂളിലേക്ക്, അന്തസ് ഉയര്‍ത്തിപ്പിടിച്ചുതന്നെ, ഇനി ഒരു കുട്ടിയും പേടിക്കില്ല’; ഹിജാബ് വിവാദം, കുറിച്ച് പിതാവ്
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ ഹിജാബ് വിവാദത്തിലെ വിദ്യാർഥിനി പുതിയ സ്‌കൂളിൽ ചേർന്നു. ‘അന്തസ് ഉയർത്തിപ്പിടിച്ച് തന്നെ മകൾ പുതിയ വിദ്യാലയത്തില്‍ പ്രവേശിച്ച’തായി പിതാവ് പ്രതികരിച്ചു. സെന്റ് റീത്താസ് സ്‌കൂളും വിദ്യാർഥിയും തമ്മിലുള്ള പോരാട്ടം ഹൈക്കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് സ്‌കൂൾ മാറ്റം.
‘മകൾ ഇന്ന് പുതിയ സ്കൂളിലേയ്ക്ക്. അവരുടെ അന്തസ് ഉയർത്തിപ്പിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുളള കലാലയത്തിലേയ്ക്ക്.’- മകൾ സ്കൂൾ മാറിയത് അറിയിച്ചുകൊണ്ട് പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സെന്റ് റീത്താസ് സ്‌കൂളിൽ ഈ വർഷം പ്രവേശനം നേടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഹിജാബ് ധരിച്ച് എത്തണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. തർക്കത്തെത്തുടർന്ന് സ്‌കൂൾ അടച്ചിടേണ്ടി വന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി. സ്‌കൂളിനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പരസ്യമായി രംഗത്തുവന്നതോടെ സ്ഥിതി വഷളായി.
സമവായ നീക്കങ്ങൾ പാളിയതോടെ സ്‌കൂൾ മാറുമെന്ന് വിദ്യാർഥിയുടെ പിതാവ് നിലപാട് എടുത്തു. ഇതോടെ ഹൈക്കോടതി ഹർജികൾ തീർപ്പാക്കുകയായിരുന്നു.