‘മന്ത്രവാദി കൊടുത്തുവിട്ട ഭസ്മവും തകിടും കെട്ടാന്‍ തയാറാകാതെ റെജില’; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ച് ഭര്‍ത്താവ്, അറസ്റ്റ്
മന്ത്രവാദത്തിന് തയാറാകാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയുർ വഞ്ചിപ്പേട്ടി സ്വദേശിനി റെജില ഗഫൂറിനാണ് മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ രാവിലെ ഒന്‍പത് മണിക്കായിരുന്നു അതിക്രമം നടന്നത്. ഭർത്താവ് സജീറീനെതിരെ ചടമംഗലം പൊലീസ് കേസെടുത്തു.
സംഭവം ഇങ്ങനെ;
റെജിലയുടെ ദേഹത്ത് സാത്താൻ കൂടി എന്ന് പറഞ്ഞു അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്രവാദി ഭസ്മവും തകിടും കൊടുത്തു വിട്ടു. റെജിലയോട് മുടിയഴിച്ചിട്ട് കുനിഞ്ഞിരിക്കാൻ പറഞ്ഞെങ്കിലും കൂടോത്രം തനിക്ക് വേണ്ടെന്നായിരുന്നു അവര്‍ ഭർത്താവിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ സജീർ അടുപ്പിൽ നിന്ന് മീൻകറിയെടുത്ത് റെജീലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
റെജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി. യുവതിയെ ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റെജിലയുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പൊലീസ് ഭർത്താവ് സജീറീനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.