തെരുവുനായ കടിച്ചെടുത്ത ചെവിയുടെ ഭാഗം തുന്നിചേർത്തു, അണുബാധയെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ; തീരാവേദനയില്‍ മൂന്നു വയസുകാരി
എറണാകുളം പറവൂരിൽ മൂന്നു വയസ്സുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. അറ്റുപോയ ചെവി തുന്നി ചേർത്തെങ്കിലും അണുബാധയേറ്റതിനാൽ ശസ്ത്രക്രിയയിലൂടെ ആ ഭാഗം എടുത്തുമാറ്റി. നീണ്ടൂർ മേക്കാട് വീട്ടിൽ മിറാഷിന്റെ മകൾ നിഖാരികയ്ക്കാണ് കടുത്ത യാതനകള്‍ അനുഭവിക്കേണ്ടിവന്നത്. തുടർ ചികിത്സകൾ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നായ കടിച്ചെടുത്ത ചെവിയുടെ ഭാഗം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർക്ക് കഴിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചെവി തുന്നി ചേർത്തതുമാണ്. പക്ഷേ, അതിനുശേഷം അണുബാധയായി. ഇതോടെ തുന്നിച്ചേർത്ത ഭാഗം എടുത്തു മാറ്റുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്ന് ഡോക്ടർമാർ. ഒടുവിൽ, വീണ്ടും ശസ്ത്രക്രിയ. അണുബാധയുള്ള ഭാഗം എടുത്തു മാറ്റി.
ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞും കുടുംബവും പറവൂർ നീണ്ടൂരിലെ വീട്ടിൽ ഇന്നലെ മടങ്ങിയെത്തി. പ്ലാസ്റ്റിക് സർജറി അടക്കമുള്ള തുടർ ചികിത്സ കുഞ്ഞിന് ഇനി വേണം. സാധാരണ കുടുംബമായതിനാൽ, ചികിത്സാ ചെലവിന് സർക്കാർ സഹായമാണ് ആശ്രയം. ആക്രമണ ദിവസം തന്നെ ചത്ത തെരുവ്നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.