സുഹൃത്തിനെ കാണാനായി യാത്ര, കാര് തോട്ടിലേക്ക് വീണതു ആരും കണ്ടില്ല; ഡ്രൈവിങ്ങിനിടെ അമല് ഉറങ്ങിപ്പോയെന്ന് നിഗമനം
കോട്ടയം വൈക്കം തോട്ടുവക്കത്തിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഡോ.അമൽ സൂരജ് (33) മരിച്ചത് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനാൽ ആണെന്ന് പ്രാഥമിക നിഗമനം. ഒറ്റപ്പാലം കണിയാംപുറം സ്വദേശിയായ അമൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.
രാത്രിയാണ് കാർ തോട്ടുവക്കം കനാലിലേക്കു മറിഞ്ഞത്. റോഡിനു വശത്തായുള്ള മരക്കുറ്റികൾ ഇടിച്ചുതെറിപ്പിച്ചാണ് കാർ കനാലിലേക്ക് വീണത്. ഈ സമയം ഇതാരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തോടിന്റെ ഒരു ഭാഗത്ത് വീടുകളുണ്ടെങ്കിലും റോഡിൽനിന്ന് അൽപം മാറിയാണ്. തോടിനു മറുവശത്ത് വീടുകളില്ല. പുലർച്ചെ നടക്കാൻ പോയവരാണ് കാർ കനാലിൽ കിടക്കുന്നത് ആദ്യം കാണുന്നത്. അവർ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് അറിയിച്ചു.
പിന്നീട് വൈക്കം ഫയർഫോഴ്സ് എത്തി അമലിനെ കാറിൽ നിന്നു പുറത്തെടുത്തെങ്കിലും മരിച്ചു. കരിയാറും വേമ്പനാട്ട് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കനാലാണിത്. ദിവസങ്ങൾക്കു മുൻപാണ് കനാൽ ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയത്. വൈക്കം ഫയർഫോഴ്സും പൊലീസും ചേർന്ന് കാർ കനാലിൽ നിന്നും ഉയർത്തി. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊല്ലം അസീസിയ മെഡിക്കൽ കോളജിലാണ് സൂരജ് പിജി ചെയ്തത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ രോഗികളെ ചികിത്സിക്കുന്നുണ്ട്. രണ്ടു ദിവസം മുൻപാണ് പാലക്കാട്ടെ വീട്ടിൽ പോയി വന്നത്. എറണാകുളത്തേക്ക് പോകുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.