അമ്മയെ തള്ളിയിട്ട് മാല പൊട്ടിച്ചോടി കള്ളൻ; അരക്കിലോമീറ്ററോളം പിറകെ ഓടി മോഷ്ടാവിനെ പിടികൂടി 14 വയസ്സുകാരി! സ്കൂളിൽ താരമായി ദിവ്യ
അമ്മയെ തള്ളിയിട്ട് മാല പൊട്ടിച്ചോടിയ കള്ളനെ അരക്കിലോമീറ്ററോളം പിന്തുടര്‍ന്നു ഓടി കയ്യോടെ പിടികൂടി 14 വയസ്സുകാരി. അസാമാന്യ മനോധൈര്യത്തിലൂടെയും നിശ്ചയ ദാർഢ്യത്തിലൂടെയും ‘സ്റ്റാറായി’ മാറിയിരിക്കുകയാണ് വികാസ്പുരി കേരളാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദിവ്യ. ന്യൂഡൽഹി നവാദ മെട്രോ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെ;
നവാദ മെട്രോ സ്റ്റേഷനു സമീപത്തെ സ്റ്റഡി സെന്ററിൽനിന്ന് പതിവ് ട്യൂഷൻ കഴിഞ്ഞ് ദിവ്യ ഇറങ്ങുമ്പോൾ രാത്രി ഏഴര കഴിഞ്ഞിരുന്നു. സെന്ററിനു മുന്നിൽ എന്നത്തെയും പോലെ അമ്മ സതി കാത്തുനിൽപ്പുണ്ട്. ഇ-റിക്ഷയിൽ കയറി രണ്ടുപേരും ഓംവിഹാർ ഫേസ് 5ലെ വീടിനു സമീപമെത്തുമ്പോൾ 8 കഴിഞ്ഞു.
വീട്ടിലേക്കു നടക്കുന്നതിനിടെ എതിരെ നടന്നുവന്നയാൾ പെട്ടെന്ന് അമ്മയെ തള്ളിത്താഴെയിട്ട് കഴുത്തിൽനിന്ന് മാല പൊട്ടിച്ച് ഓടുന്നു. ഒരുനിമിഷം പോലും ചിന്തിച്ച് നിൽക്കാതെ ദിവ്യ അയാൾക്ക് പിന്നാലെ പാഞ്ഞു. തിരക്കേറിയ ഗലികളിലൂടെ വാഹനങ്ങൾക്കിടിയിലൂടെ അര കിലോമീറ്റർ പാഞ്ഞ ദിവ്യ മോഷ്ടാവിനെ കയ്യോടെ പിടികൂടിയ ശേഷമാണ് ഓട്ടം അവസാനിപ്പിച്ചത്.
കരോൾബാഗ് രാമകൃഷ്ണ മിഷൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ഉത്തംനഗർ ഓംവിഹാർ ഫേസ് അഞ്ചിലെ താമസക്കാരിയുമായ സതി സുനിലും മകളുമാണ് മോഷണശ്രമത്തിനു ഇരയായത്. ഒരു പവന്റെ മാലയും ലോക്കറ്റുമാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്. മാല നഷ്ടപെടുമെന്ന ഭയത്തെക്കാൾ മകളെ മോഷ്ടാവ് ആക്രമിക്കുമോയെന്ന ഭയമായിരുന്നു തന്നെ ആ സമയം അലട്ടിയതെന്നും സതി പറയുന്നു.
ദിവ്യ മോഷ്ടാവിനെ പിടികൂടിയ ശേഷം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയെങ്കിലും തുടർന്ന് നിയമനടപടികൾക്കു താൽപര്യമില്ലെന്ന് അറിയിച്ചതോടെ മാല തിരികെ ലഭിച്ചതായി സതി പറഞ്ഞു. എന്നാൽ ലോക്കറ്റ് എവിടെയോ നഷ്ടപ്പെട്ടു. തന്റെ 30 വർഷത്തെ ഡൽഹി ജീവിതത്തിൽ ആദ്യമായാണ് മോഷണശ്രമത്തിനു ഇരയാകുന്നതെന്ന് സതി പറഞ്ഞു.
5 വർഷത്തിലേറെയായുള്ള കരാട്ടെ പഠനമാണ് പ്രതിരോധത്തിനുള്ള ആത്മബലം നൽകിയെന്നാണ് ദിവ്യയുടെ അഭിപ്രായം. മോഷ്ടാവിന് പിന്നാലെ ഓടാനുള്ള ഊർജത്തിന് കാരണവും കരാട്ടെ പഠനം തന്നെ. നവാദയിലെ പാഞ്ചജന്യം ഭാരതത്തിന്റെ കൾചറൽ സെന്ററിലെ ഷീലു ജോസഫിന്റെ ശിക്ഷയാണ് ദിവ്യ. സംഗീതം, ഭരതനാട്യം എന്നിവയും ദിവ്യ അഭ്യസിക്കുന്നുണ്ട്. ദിവ്യയുടെ സഹോദരി ദേവിക സുനിൽ വൃന്ദാവൻ രാമകൃഷ്ണ മിഷൻ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിയാണ്. കുടുംബം ആലപ്പുഴ മുട്ടാർ സ്വദേശികളാണ്.