‘കൂണുകള്‍ക്കു പകരം മണ്ണിൽ നിന്ന് പുറത്തേക്കു നീണ്ട് മുടിയിഴകള്‍, സമീപം രക്തം പുരണ്ട കത്തി’: തോട്ടത്തില്‍ കര്‍ഷകര്‍ കണ്ട നടുക്കുന്ന കാഴ്ച!
മഴയില്‍ മുളച്ചു പൊന്തിയ കൂണുകള്‍ ശേഖരിക്കാനാണ് ഒക്ടോബര്‍ 31ന് അതിരാവിലെ ഗോപിചെട്ടിപാളയം പട്ടണത്തിനടുത്തുള്ള തോട്ടത്തിലേക്ക് കര്‍ഷകര്‍ എത്തിയത്. എന്നാല്‍ അവിടെ കണ്ട കാഴ്ച അവരെ നടുക്കി; രക്തം പുരണ്ട കത്തിയും മണ്ണിൽ നിന്ന് പുറത്തേക്ക് നീണ്ടുകിടന്ന മുടിയിഴകളും. പേടിച്ചുപോയ നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. മൂന്നടി താഴ്ചയില്‍ മണ്ണുമാന്തിയപ്പോള്‍ കണ്ടത് മുപ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം.
അന്വേഷണത്തില്‍ ഗോപിചെട്ടിപാളയത്തിനടുത്ത് ബ്യൂട്ടീഷ്യനായി ജോലി ചെയ്തുവന്ന അപ്പക്കുടൽ സ്വദേശി ആർ. സോണിയ (37)യുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ജോലിക്കുപോയ സോണിയയെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സോണിയയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കഴുത്തിലും മുറിവുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മുഖത്തും താടിയെല്ലിലും ഒന്നിലധികം മുറിവുകളുമുണ്ടായിരുന്നു. പിന്നാലെ പൊലീസ് കൊലപാതകിക്കായി അന്വേഷണം ശക്തമാക്കി.
സോണിയയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും മൃതദേഹം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയും ബികോം ബിരുദധാരിയുമായ മോഹൻ കുമാറിനെ (27) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് അരുംകൊല പുറംലോകമറിഞ്ഞത്. ഒപ്പം മോഹന്‍കുമാറും സോണിയയും തമ്മിലുള്ള ബന്ധവും.
രണ്ടു വര്‍ഷം മുന്‍പാണ് സോണിയയുടെ ഭര്‍ത്താവ് മരിക്കുന്നത്. ശേഷം രണ്ടുമക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു സോണിയയുടെ താമസം. ഗോപിചെട്ടിപാളയത്തിനടുത്തുള്ള വസ്ത്രനിർമാണശാലയിൽ ജോലി ചെയ്യുമ്പോഴാണ് സോണിയയും മോഹൻ കുമാറും ആദ്യമായി കണ്ടുമുട്ടിയത്. ക്രമേണ, അവർ തമ്മിലുള്ള ബന്ധം വളര്‍ന്നു. ഇരുവരും മോഹൻ കുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ പതിവായി കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍ അടുത്തിടെ മോഹന്‍കുമാറിനോട് തന്നെ വിവാഹം കഴിക്കണമെന്ന് സോണിയ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കുറ്റകൃത്യം നടന്ന ദിവസം കൃഷിയിടത്തിലെത്തിയ മോഹൻ കുമാർ ഒരു കുഴിയെടുത്തിരുന്നു. ശേഷം രാത്രി 8 മണിയോടെ സോണിയയെ വിളിച്ചുവരുത്തി. ഒരുമിച്ച് സമയം ചെലവഴിച്ച ശേഷം സോണിയയെ കല്ലുകൊണ്ട് ആക്രമിച്ച പ്രതി ചെറിയ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഭവാനി കനാലിന് സമീപം എടുത്ത കുഴിയില്‍ കുഴിച്ചിട്ടു. സോണിയയുടെ ഫോണും വസ്ത്രങ്ങളും ഉപേക്ഷിക്കുകയും ചെയ്തു.
പൊലീസ് ചോദ്യം ചെയ്യലില്‍ മോഹന്‍ കുമാര്‍ കുറ്റം സമ്മതിച്ചു. കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മോഹന്‍കുമാറിപ്പോള്‍ റിമാന്‍ഡിലാണ്.