‘സോനുവിനെ ചവിട്ടി താഴെയിട്ടതു കണ്ടു തടയാൻ ശ്രമിച്ചപ്പോഴാണ് എന്നെയും തള്ളിയിടാൻ ശ്രമിച്ചത്. ചവിട്ടുപടിയിൽ പിടിച്ചുനിൽക്കാനായതുകൊണ്ടും മറ്റു യാത്രക്കാർ ഇടപെട്ടതുകൊണ്ടുമാണ് താഴെ വീഴാതിരുന്നത്.’– അനുഭവം വിവരിക്കുമ്പോൾ അർച്ചനയുടെ കണ്ണുകളിൽ ഭയം വിട്ടുമാറിയിരുന്നില്ല. വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നു തള്ളിയിട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയായിരുന്നു അർച്ചന. സോനുവിനെ തള്ളിയിടുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് അർച്ചനയെയും ആക്രമിച്ചത്.

എറണാകുളത്ത് ഭർത്താവിന്റെ വീട്ടിൽപോയി മടങ്ങുകയായിരുന്നു സോനു. സോനുവും അർച്ചനയും ഇന്നലെ ആലുവയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒരുമിച്ചാണ് യാത്ര തുടങ്ങിയത്. ട്രെയിനിന്റെ പുറകിലുള്ള ജനറൽ കോച്ചിലാണ് സംഭവം. കാര്യമായ പ്രകോപനമില്ലാതെയാണ് പ്രതി ആക്രമിച്ചതെന്ന് അർച്ചന പറയുന്നു. 

ADVERTISEMENT

സോനുവിനെ തള്ളിയിട്ടപ്പോൾ ബഹളം വച്ചതിനാണ് തന്നെയും തള്ളിയിടാൻ ശ്രമിച്ചതെന്നും ചവിട്ടുപടിയിൽ പിടിച്ചുനിന്ന തന്നെ, യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ ശേഷം രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അർച്ചന പറഞ്ഞു. അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോനുവിന്റെ സിടി സ്കാൻ പരിശോധന നടത്തി. ആന്തരിക രക്തസ്രാവമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ സംബന്ധിച്ച വീണ്ടും ആശങ്ക ഉയർത്തുന്നതാണ് ഇന്നലെ വർക്കലയിൽ ഉണ്ടായ ആക്രമണം. ഷൊർണൂരിൽ യാത്രക്കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിനു സമാനമായ ആക്രമണമാണ് ഇന്നലെയും ഉണ്ടായത്. ഷൊർ‌ണുർ സംഭവത്തിനു ശേഷം ട്രെയിനുകളിൽ സുരക്ഷ വർധിപ്പിച്ചുവെന്ന പ്രഖ്യാപനം വെറുതെയാണെന്നു തെളിയിക്കുന്നതാണ് വർക്കല സംഭവം.

ADVERTISEMENT

മദ്യപർക്കും ലഹരി ഉപയോഗിക്കുന്നവർക്കുമെല്ലാം ഒരു പരിശോധനയുമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമായി ട്രെയിനുകൾ മാറി. പേരിനു പോലും ഇത്തരക്കാരെ പരിശോധിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. ട്രെയിനുകളിൽ ഓട്ടമാറ്റിക് വാതിലുകൾ വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ വന്ദേഭാരതിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.

Varkala Train Attack: A Survivor's Account:

Train attack in Varkala raises safety concerns. The incident mirrors the Shornur case, highlighting the need for enhanced security measures on trains.

ADVERTISEMENT