കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ Sexual Harassment on KSRTC Bus
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം. സഹയാത്രികന്‍ ഒപ്പമിരുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം.
പെണ്‍കുട്ടി ഇരുന്ന അതേ സീറ്റിലാണ് യാത്രക്കാരനും ഇരുന്നത്. ബാഗ് മറച്ചുവച്ച് ഇയാൾ ശരീരത്തില്‍ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.
ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നു പെണ്‍കുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. അതേ സമയം ബസിലെ മറ്റു യാത്രക്കാരുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണം ഉണ്ടാകാത്തതിൽ വിമർശനവും ഉയരുന്നുണ്ട്. തുടര്‍ന്ന് കണ്ടക്ടര്‍ എത്തി ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ ഇറക്കിവിട്ടു.
പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാലാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കാട്ടാക്കട പൊലീസില്‍ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം – വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.