പ്രസവ സമയത്തോ ആശുപത്രിയിൽ നിന്നു പോകുമ്പോഴോ ശിവപ്രിയയ്ക്കു അണുബാധയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു. ആശുപത്രിയിൽ നിന്ന് പോകുമ്പോൾ പനിയും ഇല്ലായിരുന്നുവെന്ന് ഡോ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഡിസ്ചാര്‍ജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല. കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു. അതേസമയം, ശിവപ്രിയയുടെ പോസ്റ്റുമോർട്ടം ആർഡിഒയുടെ സാന്നിധ്യത്തിൽ നാളെ നടത്തും. മരണകാരണം കണ്ടെത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചു. 

വളരെ മനോവിഷമമുണ്ടാക്കിയ കാര്യമാണ് ശിവപ്രിയയുടെ മരണമെന്ന് ഡോ.ബിന്ദു പറഞ്ഞു. വീട്ടിൽ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റാകുന്നത്. വന്നപ്പോൾ തന്നെ ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നും ഡോ.ബിന്ദു പറഞ്ഞു. പ്രസവം കഴിഞ്ഞ് വാർഡിലേക്ക് മാറ്റി അടുത്ത രണ്ടു ദിവസവും റൗണ്ട്സിന് ഡോക്ടർമാർ ശിവപ്രിയയെ കണ്ടിരുന്നു. അപ്പോൾ എല്ലാം നോർമലായിരുന്നുവെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജ പറഞ്ഞു. പനിയുമുണ്ടായിരുന്നില്ല. അതിനാലാണ് മൂന്നാമത്തെ ദിവസം ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ പോയതിനു ശേഷം പിറ്റേ ദിവസമാണ് പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അവർ പറഞ്ഞു. 

ADVERTISEMENT

എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെയുള്ള ചികിത്സാ പിഴവിനെ തുടർന്ന് അണുബാധയേറ്റാണ് ശിവപ്രിയ (26) മരിച്ചതെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. 

പിന്നീട് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. തുടർന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിൽ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവ് സംഭവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ADVERTISEMENT
SAT Hospital Denies Infection in Shivanpriya's Case:

Shivanpriya's death has sparked concerns about possible medical negligence. The hospital authorities deny any infection occurred during her stay and confirm postmortem will be conducted to know the cause of death.

ADVERTISEMENT