‘നെഞ്ചുവേദനയുമായി വരുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെട്ടു’; ഇല്ലെങ്കില്‍ കട്ടിലിലും നിലത്തും സ്ട്രെച്ചറിലും കഴിയേണ്ട അവസ്ഥ! രോഗികൾ അതീവ ദുരിതത്തിൽ
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന രോഗികൾ അതീവ ദുരിതത്തിൽ. കട്ടിലിലും നിലത്തും ചിലപ്പോൾ സ്ട്രെച്ചറിലുമായി കഴിയേണ്ട അവസ്ഥയിലാണവർ. ഈ വിഭാഗത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 40 കിടക്കകളേയുള്ളൂ... നിലത്തും വരാന്തയിലുമായി ഇരട്ടി രോഗികളുണ്ടാകും.
പല വാർഡുകളിലായാണു കിടക്കകൾ. 1 മുതൽ 4 വരെ വാർഡുകളിൽ ജനറൽ മെഡിസിൻ, റുമറ്റോളജി, ഹെമറ്റോളജി ഉൾപ്പെടെ വിവിധ വിഭാഗത്തിലെ രോഗികൾക്കൊപ്പം ഹൃദ്രോഗികളും കിടക്കണം. ഓട്ടോഡ്രൈവർ, കൊല്ലം സ്വദേശി കെ.വേണുവിനെ കിടത്തിയിരുന്നതു രണ്ടാം വാർഡിലായിരുന്നു. വ്യത്യസ്ത രോഗമുള്ളവർ ഇടകലർന്നു കിടക്കുന്നതു വലിയ വെല്ലുവിളിയാണെന്നു ഡോക്ടർമാരും പറയുന്നു.
ഹൃദ്രോഗികളുടെ ആരോഗ്യനില എപ്പോൾ വേണമെങ്കിലും വഷളാകാം. ഡോക്ടർമാരുടെ അടിയന്തര ശ്രദ്ധ വേണം. പക്ഷേ, രോഗിയുടെ നില വഷളായാൽ ഓടിയെത്തുന്ന ഡോക്ടർക്കു വേണ്ടവിധം പരിശോധിക്കാൻ കഴിയാത്തത്ര തിരക്കാണ്. ഹൃദ്രോഗികൾ നിലത്തു നിന്നു സ്വയം എഴുന്നേൽക്കാനോ നടന്നു ശുചിമുറിയിൽ പോകാനോ പാടില്ലെന്നു ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ‘നിലത്തു കിടക്കുന്ന രോഗിയോട് വീൽചെയറിൽ ശുചിമുറിയിൽ പോകണമെന്നു നിർദേശിച്ചാൽ അയാൾ എന്നെ പരിഹസിക്കില്ലേ?’– ഒരു ഡോക്ടർ ചോദിച്ചു.
കാർഡിയോളജി വിഭാഗത്തിൽ 31 ഐസിയു കിടക്കകളാണുള്ളത്. ഇതിനു പുറമേ രോഗാവസ്ഥ മെച്ചപ്പെടുന്നവരെ കിടത്തുന്ന സ്റ്റെപ് ഡൗൺ ഐസിയുവിൽ 7 കിടക്കകളും. ദിവസം 500 ൽ ഏറെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് ഈ പരിമിത സൗകര്യം.
‘നെഞ്ചുവേദനയുമായി കാഷ്വൽറ്റിയിൽ എത്തുന്നവർക്കു ഹൃദയാഘാതം ഉണ്ടെങ്കിൽ രക്ഷപ്പെട്ടു’ എന്നാണു ജീവനക്കാർ പറയുന്നത്. അത്തരം രോഗികളെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിക്കും. വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടും. കാഷ്വൽറ്റിയിൽ എത്തുമ്പോഴും രോഗം കലശലാണെങ്കിലും കടുത്ത നെഞ്ചുവേദന ഇല്ലാത്തവരെ മെഡിക്കൽ വാർഡിൽ പ്രവേശിപ്പിക്കും. പിറ്റേന്നാകും കാർഡിയോളജി ഡോക്ടർ എത്തുക. കുറെയേറെ പരിശോധനകൾ കഴിഞ്ഞു കാർഡിയോളജി വിഭാഗം ഏറ്റെടുക്കുമ്പോൾ 3 ദിവസമെങ്കിലും കഴിയും.
ഐസിയുവിൽ ആയാലും എക്കോ കാർഡിയോഗ്രാം എടുക്കണമെങ്കിലും കാത്തുകിടക്കണം. ഒപിയിലും തുടർ ചികിത്സയിലുമുള്ള രോഗികൾ എക്കോ എടുക്കാൻ ബുക്ക് ചെയ്തിരിക്കും. അതിനിടെയാണ് ഐസിയുവിൽ ഉള്ളവരെ പരിഗണിക്കേണ്ടത്.