കാർ റോഡിന്റെ വിള്ളലിൽ വീണു, തലകീഴായി റോഡിലേക്കു തൂങ്ങി; മദ്യലഹരിയിലായിരുന്ന ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്തു!
ചാല ബൈപാസ് ജംക്‌ഷനു സമീപം നിർമാണം നടക്കുന്ന ദേശീയപാതയിലൂടെ മദ്യലഹരിയിലുള്ളയാൾ ഓടിച്ച കാർ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട് ഉയർത്തിയ റോഡിനും ഇടയിലൂടെയുള്ള വിള്ളലിൽ വീണു. അടിപ്പാതയിലെ റോഡിലേക്കു തൂങ്ങിക്കിടന്ന കാറിൽനിന്ന് ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്തു. കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മദ്യലഹരിയിൽ കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെ (29) എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് 5.30ന് ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലാണു സംഭവം. തലശ്ശേരി ഭാഗത്തുനിന്നു വന്ന കാർ ചാല ബൈപാസ് ജംക്‌ഷന് സമീപമെത്തിയപ്പോൾ, കണ്ണൂർ ഭാഗത്തേക്ക് മണ്ണിട്ടുയർത്തി നിർമാണപ്രവൃത്തി നടക്കുന്ന ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. വേഗത്തിൽവന്ന കാർ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട ഭാഗത്തിനുമിടയിലുള്ള വിള്ളലിലേക്കു വീഴുകയായിരുന്നു.
സമീപത്തെ ക്ഷേത്രത്തിൽനിന്ന് ഉയരമുള്ള ഏണിയെത്തിച്ച് നാട്ടുകാരാണ് ഡ്രൈവറെ കാറിൽനിന്ന് പുറത്തെത്തിച്ചത്. അടിപ്പാതയുടെ സ്ലാബിനരികിൽ നിർത്തിയ ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ വീഴാതിരിക്കാൻ നാട്ടുകാരും ഒപ്പം നിന്നു. പിന്നീട് സാവധാനത്തിൽ താഴത്തേക്കിറക്കുകയായിരുന്നു.