കണ്ണൻ സ്വാമിയുടെ സ്പെഷല്‍ അടപ്രഥമൻ; തൃശൂരിന്റെ തനത് രുചിയില്‍
സാംസ്കാരിക നഗരമായ തൃശൂർ സദ്യ എന്നാൽ ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് കണ്ണൻ സ്വാമി. മുത്തശ്ശൻ വെളപ്പായ കൃഷ്ണ അയ്യരുടെ വഴി പിന്തുടർന്നാണ് കണ്ണൻ സ്വാമി കൃഷ്ണ കേറ്ററേഴ്സ് തുടങ്ങുന്നത്. പാരമ്പര്യരുചിയോടൊപ്പം പുതുപുത്തന്‍ വിഭവങ്ങളും
കോർത്തിണക്കിയാണ് കണ്ണൻ സ്വാമി രുചി വിളമ്പുന്നത്. വനിതയ്ക്കു വേണ്ടി കണ്ണൻ സ്വാമി തയാറാക്കിയത് അടപ്രഥമനാണ്.
അടപ്രഥമൻ
1. ഉണക്കലരി – അരക്കിലോ
2. വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ
വെള്ളം – പാകത്തിന്
3. ശർക്കര – ഒന്നരക്കിലോ
4. തേങ്ങ – നാല്
5. നെയ്യ് – 200 ഗ്രാം
6. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ഉണക്കലരി കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു കുതി ർത്ത ശേഷം വെള്ളം ഊറ്റി, നന്നായി പൊടിക്കണം. ഇതിൽ വെളിച്ചെണ്ണയും പാകത്തിനു വെള്ളവും ചേർത്തു കുഴയ്ക്കണം. കൈയിൽ കോരിയെടുക്കാവുന്ന പാകത്തിനു കലക്കിയെടുക്കണം.
∙ വാഴയിലക്കീറുകൾ വാട്ടിയതി ൽ കലക്കി വച്ചിരിക്കുന്ന മാവ് കൈയിൽ കോരിയെടുത്ത് കനംകുറച്ച് ഒഴിക്കുക. മാവ് അണിയുക എന്നാണിതിനു പറയുന്നത്. ഓരോ ഇലയും ചുരുട്ടി, മൂന്നോ നാലോ ഇലകൾ ഒരുമിച്ചു െകട്ടി തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇടണം. നന്നായി തിളപ്പിച്ച് അട വേവിച്ചെടുക്കുക. ഏകദേശം 30–40 മിനിറ്റ് എടുക്കും
∙ ചൂടാറിയ ശേഷം ഇലക്കെട്ടുകൾ തണുത്ത വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഇലയുെട കെട്ടഴിച്ച് അട എടുത്തു വെള്ളത്തിലിടുക. ഇതു നെറ്റിലൂടെ അമർത്തിയെടുക്കുകയോ ഇഷ്ടമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കുകയോ ചെയ്യാം. രണ്ടു മൂന്നു തവണ കഴുകി അരിപ്പയിലാക്കി വയ്ക്കണം. കടയിൽ നിന്ന് അട വാങ്ങുകയുമാവാം.
∙ ശർക്കര ഉരുക്കി അരിച്ചു വയ്ക്കണം.
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കണം. രണ്ടാംപാൽ രണ്ടര ലീറ്റർ ഉണ്ടാവണം.
∙ ഉരുളിയിൽ ശർക്കരയും അടയും ചേർത്തു നന്നായി വരട്ടി ബോൾ പോലെയാക്കണം. ഇതിലേക്കു നെയ്യും ചേർത്തു കൊടുക്കണം.
∙ രണ്ടാംപാൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു തിളപ്പിക്കണം.
∙ നന്നായി തിളച്ചു കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക.
∙ ഇതിലേക്ക് ഒന്നാംപാൽ ചേർത്തിളക്കി ഏലയ്ക്കാപ്പൊടിയും വിതറി ചൂടോടെ വിളമ്പാം.