Saturday 16 March 2024 11:09 AM IST

ഇഫ്താര്‍ വിരുന്നിന് പുതുരുചി പകരാന്‍ ക്രീമി ചിക്കന്‍ ഹാഫ് മൂണ്‍ പൈ; കിടിലന്‍ റെസിപ്പി

Silpa B. Raj

Halfmoon-pie തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: റീഷ ഷിജിന്‍, സ്ലൈസ് ഓഫ് മലബാർ, കലൂര്‍, കൊച്ചി.

ക്രീമി ചിക്കന്‍ ഹാഫ് മൂണ്‍ പൈ

ഫില്ലിങ്ങിന്

1. എണ്ണ – രണ്ടു വലിയ സ്പൂണ്‍

വെണ്ണ – രണ്ടു വലിയ സ്പൂണ്‍

2. സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

വറ്റല്‍മുളക് ചതച്ചത് – ഒരു ചെറിയ സ്പൂണ്‍

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍

കാരറ്റ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

3. മൈദ – രണ്ടു വലിയ സ്പൂണ്‍

4. ചിക്കന്‍ സ്റ്റോക്ക് – കാല്‍ കപ്പ്

പാല്‍ – കാല്‍ കപ്പ്

5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

സ്പ്രിങ് അണിയന്‍ പൊടിയായി അരിഞ്ഞത് – അല്‍പം

മല്ലിയില പൊടിയായി അരിഞ്ഞത് – അല്‍പം

ചിക്കന്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തു വേവിച്ചു ചെറിയ കഷണങ്ങളാക്കിയത് – 300 ഗ്രാം  

മാവിന്

6. വെള്ളം – ഒന്നരക്കപ്പ്

ഉപ്പ് – അര ചെറിയ സ്പൂണ്‍

പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍

വെണ്ണ – ഒരു വലിയ സ്പൂണ്‍                  

7. മൈദ – ഒന്നരക്കപ്പ്

8. മുട്ട – രണ്ട്

ഉപ്പ് – പാകത്തിന്

പാല്‍ – രണ്ടു വലിയ സ്പൂണ്‍

കുരുമുളകുപൊടി – പാകത്തിന്

9. റൊട്ടിപ്പൊടി – പാകത്തിന്

10. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്   

പാകം ചെയ്യുന്ന വിധം

∙ ഒരു സോസ്പാനില്‍ എണ്ണയും വെണ്ണയും ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.

∙ സവാള ഗോള്‍ഡന്‍ ബ്രൗണ്‍നിറമാകുമ്പോള്‍ രണ്ടു വലിയ സ്പൂണ്‍ മൈദ ചേര്‍ത്തു ചെറുതീയില്‍ വച്ചു നന്നായിളക്കുക.

∙ ഇതിലേക്ക് ചിക്കന്‍ സ്റ്റോക്കും പാലും ചേര്‍ത്ത് ക്രീം പരുവത്തിലാക്കണം.

∙ അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കി വാങ്ങാം.           

∙ മാവു തയാറാക്കാന്‍ ആറാമത്തെ ചേരുവ തിളപ്പിക്കുക. തീ കുറച്ചു വച്ച ശേഷം മൈദ ചേര്‍ത്തു നന്നായി ഇളക്കി വാങ്ങി വയ്ക്കണം.

∙ ഒരു പരന്ന പ്രതലത്തിലേക്കു ചൂടുള്ള മാവു വച്ച് നന്നായി കുഴച്ചു മയപ്പെടുത്തി ഒരു ഉരുളയാക്കണം.

∙ ഇത് പൊടി തൂവിയ തട്ടില്‍ വച്ച് ഇടത്തരം കനത്തില്‍ പരത്തുക. കട്ടി കൂടാനോ കുറയാനോ പാടില്ല.

∙ ഇത് വട്ടത്തിലുള്ള കട്ടര്‍ കൊണ്ടു മുറിച്ച് വട്ടങ്ങളാക്കി മാറ്റി വയ്ക്കുക.

∙ മുറിച്ച ശേഷം ബാക്കി വന്ന മാവും ഇതേ പോലെ കുഴച്ചു പരത്തിയെടുക്കണം.

∙ ഓരോ വട്ടത്തിന്റെയും നടുവില്‍ തയാറാക്കിയ ഫില്ലിങ് വച്ച് മടച്ചുക. അര്‍ധചന്ദ്രന്റെ ആകൃതിയില്‍ വരും. 

∙ ഇതിന്റെ രണ്ടരികുളും വെള്ളം തൊട്ട് ഒട്ടിച്ച ശേഷം എട്ടാമത്തെ ചേരുവ അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ‍ നിറത്തില്‍ വറുത്തു കോരാം.          

Tags:
  • Pachakam