Monday 30 March 2020 04:27 PM IST : By സ്വന്തം ലേഖകൻ

കുടുംബാംഗങ്ങൾക്കു വിളമ്പാം, സ്വാദും ആരോഗ്യവും നിറഞ്ഞ വിഭവങ്ങൾ! എളുപ്പത്തിൽ തയാറാക്കാനുള്ള കുറിപ്പുകൾ

f

എല്ലാവരും വീട്ടിൽ ഇരിക്കുന്ന സമയം. സ്വാദും ആരോഗ്യവും നിറഞ്ഞ വിഭവങ്ങൾ ഈ സമയം കുടുംബാംഗങ്ങൾക്കു വിളമ്പാം. എന്നാൽ ചേരുവകളിലും വിഭവങ്ങളിലും മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
ഇതാ എളുപ്പത്തിൽ, തയാറാക്കാവുന്ന ചില വിഭവങ്ങൾ.

ബനാന പാൻകേക്ക്

f1

1. നന്നായി പഴുത്ത ചെറുപഴം – മൂന്ന്
2. ഗോതമ്പുപൊടി – രണ്ടു വലിയ സ്പൂൺ
മുട്ട – ഒന്ന്

പാകം ചെയ്യുന്ന വിധം

∙ ചെറുപഴം നന്നായി ഉടച്ചു ഗോതമ്പുപൊടിയും മുട്ടയും ചേർത്തു മിക്സിയിൽ അടിക്കണം.
∙ നോൺസ്റ്റിക് പാൻ ചൂടാക്കി ഓരോ തവി മാവു വീതം കോരിയൊഴിച്ചു രണ്ടു മിനിറ്റ് ചെറുതീയിൽ വയ്ക്കുക. മുകളിൽ ചെറിയ കുമിളകൾ വരുന്നതാണു കണക്ക്.
∙ അരിക് വെന്തു വരുമ്പോൾ മറിച്ചിട്ട് രണ്ടു മിനിറ്റ് കൂടി വേവിച്ചു ബ്രൗൺ നിറമാകുമ്പോൾ‌ വാങ്ങി തേനിനൊപ്പം വിളമ്പാം.

ഓറഞ്ച് ജ്യൂസ് സ്മൂതി

f4

1.നന്നായി തണുപ്പിച്ച കട്ടത്തൈര് – ഒരു കപ്പ്
തണുപ്പിച്ച പാൽ – മുക്കാൽ കപ്പ്
ഓറഞ്ച് ജ്യൂസ് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ എല്ലാ ചേരുവകളും മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിച്ചു വിളമ്പാം.

ലൈം റൈസ്

f5

1. എണ്ണ – ഒരു വലിയ സ്പൂൺ
2. കടലപ്പരിപ്പ് – രണ്ടു ചെറിയ സ്പൂൺ
3. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
കറിവേപ്പില – ഒരു തണ്ട്
4. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
5. ബസ്മതി അരി വേവിച്ചത് – രണ്ടു കപ്പ്
6. ഉപ്പ്, നാരങ്ങാനീര് – പാകത്തിന്
7. കശുവണ്ടിപ്പരിപ്പു വറുത്തത്, മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി കടലപ്പരിപ്പു ചേർത്തു ചെറുതീയിൽ വഴറ്റുക.
∙ ഇളം ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു താളിക്കണം.
∙ ഇതിലേക്കു മഞ്ഞൾപ്പൊടി ചേർത്തിളക്കിയ ശേഷം ബസ്മതി അരി വേവിച്ചതും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങി മെല്ലേ യോജിപ്പിക്കുക.
∙ പാകത്തിനുപ്പും നാരങ്ങാനീരും ചേർത്തിളക്കുക. കശുവണ്ടിപ്പരിപ്പു വറുത്തതും മല്ലിയിലയും വിതറി അലങ്കരിച്ചു ചൂടോടെ വിളമ്പാം.
∙ തലേന്നു ബാക്കി വന്ന ചോറു കൊണ്ട് ഇങ്ങനെ തയാറാക്കാം.

പനീർ ഖാട്ടി റോൾ

f3

1. എണ്ണ – ഒരു വലിയ സ്പൂൺ
2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
3. ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
4. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
5. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
6. പനീർ – 250 ഗ്രാം, കൈ കൊണ്ടു പൊടിച്ചത്
7. ജീരകംപൊടി, ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ വീതം
ഉപ്പ്, മല്ലിയില – പാകത്തിന്
8. ചപ്പാത്തി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി പച്ചമണം മാറുമ്പോൾ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു മുളകുപൊടി ചേർത്തു വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റുക. നന്നായി വഴന്ന ശേഷം പനീർ കൈ കൊണ്ടു പൊടിച്ചതും ചേർക്കണം.
∙ ഇതിലേക്ക് ജീരകംപൊടിയും ഗരംമസാലപ്പൊടിയും പാകത്തിനുപ്പും മല്ലിയിലയും ചേർത്തു കുടഞ്ഞു യോജിപ്പിക്കുക. പനീർ കുഴഞ്ഞു പോകരുത്.
∙ ഈ ഫില്ലിങ് അൽ‌പം വീതം ഓരോ ചപ്പാത്തിയിലും വച്ചു മുറുകെ ചുരുട്ടി വിളമ്പാം.

മത്തങ്ങ സൂപ്പ്

f6

1. എണ്ണ – അര ചെറിയ സ്പൂൺ
2.വെളുത്തുള്ളി – രണ്ട് അല്ലി
ജീരകം – കാൽ ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്
3. കാപ്സിക്കം – ഒന്ന്, ഇടത്തരം
മത്തങ്ങ കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്
4. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി വെളുത്തുള്ളി, ജീരകം, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക.
∙ ഇതിലേക്കു കാപ്സിക്കവും മത്തങ്ങയും ചേർത്തിളക്കി കുക്കറിലാക്കി വേവിക്കുക.
∙ വെന്ത ശേഷം ഇതിൽ നിന്നു പച്ചമുളകു മാറ്റി, ബാക്കി ചേരുവകൾ മിക്സിയിൽ‌ അരച്ചെടുക്കണം. അരിച്ച് ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തിളക്കുക.
∙ പാകത്തിനുപ്പും ചേർത്താൽ സൂപ്പ് റെഡി.

പീനട്ട് കുക്കീസ്

f2

1. പീനട്ട് ബട്ടർ – ഒരു കപ്പ്

പഞ്ചസാര – ഒരു കപ്പ്
മുട്ട – ഒന്ന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി മയം വരും വരെ അടിക്കുക.
∙ ചെറിയ ഉരുളകളാക്കി ഓരോന്നും കൈയിൽ വച്ച് ഒന്നു പരത്തിയ ശേഷം ബേക്കിങ് ഷീറ്റിൽ നിരത്തണം.
∙ ഇതു 180° Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ബേക്ക് ചെയ്യുക. വായു കടക്കാത്ത കുപ്പികളിലാക്കി വച്ചാൽ കേടാകാതെ ഇരിക്കാം.