Saturday 13 January 2024 03:15 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾ ഇഷ്ടത്തോടെ ചോദിച്ചു വാങ്ങും; സ്വാദും പോഷകവും ഒത്തുചേരുന്ന ചിക്കൻ ബ്രെഡ് റോൾ

chicken-breadroll4

കുട്ടികൾക്കു നൽകാവുന്ന നല്ലൊരു നാലുമണിപലഹാരമാണു ചിക്കൻ ബ്രെഡ് റോൾ. ഹെൽത് കോൺഷ്യസ് ആയ മുതിർന്നവർക്ക് ഈ റോൾ എയർ ഫ്രയറിൽ  തയാറാക്കാം. മുട്ടയടിച്ചതിലും റൊട്ടിപ്പൊടിയിലും പൊതിഞ്ഞെടുക്കുന്നത് ഒഴിവാക്കി പാനിൽ വച്ചു ചുട്ടെടുക്കുകയുമാകാം.

ചിക്കൻ ബ്രെഡ് റോൾ

മുട്ട – രണ്ട്, ബ്രെഡ് – രണ്ട് സ്ലൈസ്, വെള്ളം – അരക്കപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ, ചിക്കൻ പുഴുങ്ങി പൊടിച്ചത് – ഒരു കപ്പ്, ഉരുളക്കിഴങ്ങ് – രണ്ട്, പുഴുങ്ങി പൊടിച്ചത്, കാപ്സിക്കം പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ, പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്, ഉപ്പ് – പാകത്തിന്, മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ, കോൺ‌ഫ്ലോർ – രണ്ടു വലിയ സ്പൂൺ, റൊട്ടിപ്പൊടി – ഒരു കപ്പ്, എണ്ണ – വറുക്കാൻ ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം

∙ മുട്ട അടിച്ചു പതപ്പിച്ചു മാറ്റിവയ്ക്കുക.

∙ രണ്ടു സ്ലൈസ് ബ്രെഡ് അരക്കപ്പ് വെള്ളത്തിൽ കുതിർത്തശേഷം വെള്ളം പിഴിഞ്ഞു കളഞ്ഞു മാറ്റിവയ്ക്കാം.

∙ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുതല്‍ നാരങ്ങാനീരു വരെയുള്ള ചേരുവകൾ ഒന്നിച്ചാക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു വെള്ളം കളഞ്ഞു മാറ്റിവച്ചിരിക്കുന്ന ബ്രെഡും കോൺഫ്ലോറും ചേർത്തു യോജിപ്പിക്കുക. 

∙ മിശ്രിതം ചെറിയ ഉരുളകളുണ്ടാക്കി ഓരോന്നും കയ്യിൽ വ ച്ചു പരത്തി റോൾ ആകൃതിയിലാക്കി മുട്ട അടിച്ചതിലും റൊട്ടിപ്പൊടിയിലും മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Pachakam