ഓശാന ഞായറിനു തലേദിവസമാണ് കൊഴുക്കട്ട ശനിയാഴ്ച. അതിനോടു അനുബന്ധിച്ച് വൈകുന്നേരം തേങ്ങയും ശർക്കരയും നിറച്ച കൊഴുക്കട്ട തയാറാക്കും. റെസിപ്പി ഇതാ..
കൊഴുക്കട്ട
1. അരിപ്പൊടി – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
തിളച്ച വെള്ളം – ഒന്നരക്കപ്പ്
ഫില്ലിങ്ങിന്
2. മട്ട അരി – രണ്ടു ചെറിയ സ്പൂൺ
ചുക്കുപൊടി – അര ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂൺ
ഏലയ്ക്ക – ഒന്ന്
3. ശർക്കര – 100 ഗ്രാം
വെള്ളം – കാൽ ഗ്ലാസ്
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
5. നെയ്യ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കുള്ള മാവു തയാറാക്കി വയ്ക്കുക.
∙ ഫില്ലിങ് തയാറാക്കാൻ രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിച്ചു വയ്ക്കണം.
∙ ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ച ശേഷം തേങ്ങ ചുരണ്ടിയതും വറുത്തു പൊടിച്ച പൊടികളും ചേർത്തിളക്കുക. നെയ്യും ചേർത്തു നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.
∙ മാവു കുഴച്ചത് ഒരു ഉരുളയെടുത്ത് അതിനുള്ളിൽ തയാറാക്കിയ തേങ്ങ ബോൾ വച്ചുരുട്ടി പൊതിഞ്ഞ് ആവിയിൽ 15–20 മിനിറ്റ് വേവിക്കുക.