Thursday 23 May 2019 12:23 PM IST : By സ്വന്തം ലേഖകൻ

കിടിലൻ ടേസ്റ്റുമായി ഇളനീർ ഫലൂദ (വിഡിയോ)

coconut-falooda

ഇളനീർ ഫലൂദ തയാറാക്കാൻ ആദ്യമേ ചില ചേരുവകൾ റെഡിയാക്കി വയ്ക്കാം. ഇളം കരിക്കിൽ നിന്നുള്ള കരിക്കിൻ വെള്ളം ഒരു ഗ്ലാസിൽ എടുത്തു വയ്ക്കണം. ഇനി ഉള്ളിലുള്ള ഇളനീർ കാമ്പ് വടിച്ചെടുത്ത് മിക്സിയിലാക്കി ഒന്നു കറക്കിയെടുത്തത് മറ്റൊരു പാത്രത്തിലാക്കി വയ്ക്കാം. 

ബേസില്‍ സീഡ്സ് 10 മിനിറ്റ് മുൻപേ വെള്ളത്തിലിട്ടു കുതിർക്കാൻ വയ്ക്കണം.ഞാലിപ്പൂവൻ പഴം തൊലി നീക്കി, ഉടച്ചെടുത്തതും എടുത്തു വയ്ക്കുക. ഇവ കൂടാതെ കണ്ടൻസ്ഡ് മിൽക്, നിലക്കടല, വെള്ള അവൽ എന്നിവയും എടുത്തു വയ്ക്കണം. ഇനി നമുക്ക് ഇളനീർ ഫലൂദ തയാറാക്കാം. 

ഒരു നീളൻ ഗ്ലാസിൽ രണ്ടു വലിയ സ്പൂൺ ഇളനീർ കാമ്പ് ഉടച്ചുവച്ചത് ഇടുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ഒഴിക്കുക. ഇനി ഈ ഗ്ലാസിന്റെ പകുതി വരെ കരിക്കിൻ വെള്ളമൊഴിക്കാം. ഇതിനു മുകളിൽ കുതിർത്തു വച്ച ബേസിൽ സീഡ്സ് ഒരു വലിയ സ്പൂൺ ചേർക്കുക.

ഞാലിപ്പൂവൻ പഴം ഉടച്ചത് ഒരു വലിയ സ്പൂൺ ഇതിലേക്കു ചേർക്കാം. ഇത് ഫ്രിജിൽ തണുപ്പിക്കാനായി വയ്ക്കാം. തണുത്ത ശേഷം  ഓരോ വലിയ സ്പൂൺ നിലക്കടലയും വെള്ള അവലും മുകളിൽ ചേർത്തു വിളമ്പാം. ചേരുവകൾ ഓരോരുത്തരുടെയും രുചിയനുസരിച്ച് ക്രമീകരിക്കാം.