Saturday 23 November 2019 10:35 AM IST

ഒഴിവാക്കാൻ പറ്റൂല്ല, കൊടും ടേസ്റ്റാണ്! 24 കാരറ്റ് രുചിത്തിളക്കമുള്ള തങ്കശ്ശേരിയിൽ നിന്ന്...

Tency Jacob

Sub Editor

thangassery1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പണ്ടു പണ്ട് ബ്രിട്ടിഷുകാരുടെ കോട്ടയിൽ നിന്നു കടലിനടിയിലേക്ക് ഒരു രഹസ്യവഴി ഉണ്ടായിരുന്നു. വെള്ളത്തിനടിയിലൂടെ നീന്തി ചെന്നെത്തുന്നത് ഒരു ഗുഹയിലേക്കാണ്. അവിടെ പൊന്ന് വിള‍ഞ്ഞിരുന്നുവത്രേ. അങ്ങനെ തങ്കം വിളഞ്ഞ സ്ഥലമായതോണ്ടാണ് തങ്കശ്ശേരി എന്നു പേരു വന്നത്.’’ കടൽത്തീരത്ത് മീൻവലയുടെ ഉടക്കു തീർക്കുന്ന പണിക്കിടയിലാണ് കഥ പറച്ചിൽ. ‘‘തങ്കശ്ശേരിക്കാരാരെങ്കിലും അവിടെ പോയിട്ടുണ്ടോ?’’ എന്ന ചോദ്യത്തിനു നിഗൂഢത നിറ‍ഞ്ഞ ചിരിയായിരുന്നു അവരുടെ ഉത്തരം. വെറുതെ കഥ പറഞ്ഞ് പറ്റിക്കുന്നതാകുമോ?

 കൊല്ലം പട്ടണത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ കഴിഞ്ഞാൽ വലിയൊരു കോട്ടവാതിൽ കാണാം. തങ്കശ്ശേരി എ ന്ന പഴയ ബ്രിട്ടിഷ് രാജ്യത്തിലേക്കുള്ള വാതിലാണത്. ഓളം തട്ടിത്തട്ടി നമ്മുടെ ഹൃദയത്തോളം അടിച്ചു കയറുന്ന രുചിയുടെ കടലിലേക്കുള്ള പ്രവേശനകവാടം കൂടിയാണത്.

പോർച്ചുഗീസുകാരുടെ ഭരണകാലത്ത് ആംഗ്ലോ ഇന്ത്യൻസിന്റെ നാടായിമാറി തങ്കശ്ശേരി. ഒട്ടുമിക്കവരും വിദേശങ്ങളിലേക്കു കുടിയേറി നൂറിൽ താഴെ ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഇ വിടെയുള്ളത്. അവരുടെ രുചി കൂടി ഇഴപിരിഞ്ഞതാണ് തങ്കശ്ശേരി രുചി. ആരുണ്ട് ആ രുചികൾ ഓർത്തെടുക്കാൻ എന്ന അന്വേഷണത്തിനുത്തരമായി കിട്ടിയ പേരാണ് ഈഡിത്ത് ഫെർണാണ്ടസ്. സ്റ്റേറ്റ് ബാങ്ക് റോഡിലെ ‘വിനൽ’ എന്ന വീട്ടിലെത്തുമ്പോൾ ഈഡിത്ത് ആന്റി കാത്തിരിക്കുകയാണ്, ഓർമകളുടെ കടൽ കടക്കാൻ.

കുസീദ് എന്നാൽ...

_REE3386

‘‘പണ്ട് ബ്രെഡും സൂപ്പും അപ്പവും സ്റ്റ്യൂവുമൊക്കെയായിരുന്നു പ്രാതലിന്. ബീ ഫോ മട്ടണോ കഴുകി വൃത്തിയാക്കിയതും കറുവാപട്ട, ഗ്രാമ്പൂ, കുരുമുളക്, ഇ ഞ്ചി, ചുവന്നുള്ളി എന്നിവ ചതച്ചതും ചേർത്ത് ധാരാളം വെള്ളമൊഴിച്ച് വേവിക്കും. വെന്തു കഴിയുമ്പോൾ ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മൊരിയിച്ച് താളിച്ചൊഴിക്കും. ഇതാണ് സൂപ്പ്. ഇതിൽ അപ്പത്തിന്റെ മാവ് ഒരു സ്പൂൺ ചേർത്ത് തിളപ്പിച്ചു കുറുക്കിയെടുത്താൽ സ്റ്റ്യൂവായി.’’ മിക്കതും എളുപ്പത്തിലുള്ള വിഭവങ്ങളാണ്.

മീൻ വിഭവങ്ങളുടെ പറുദീസയാണ് തങ്കശ്ശേരി. മുളകരച്ചും കുരുമുളകു ചേർത്തും പച്ചമുളകരിഞ്ഞിട്ടും പല രീതിയിൽ മീൻകറി വയ്ക്കും. ബാക്കി വരുന്ന മുള്ളു പോലും വെറു തെകളയില്ല. അതുകൊണ്ട് ഉഗ്രൻ സൂപ്പുണ്ടാക്കും അവർ. ‘‘മീൻ സൂപ്പിനെ കുസീദ് എന്നാണ് പറയുന്നത്.’’ ഈഡിത്ത് ആന്റി ചേരുവകൾ കൂട്ടേണ്ടതെങ്ങനെയെന്നു പ റഞ്ഞു.

‘‘നെയ്മീൻ കിട്ടിയാൽ കറിവച്ച് ബാക്കി വരുന്ന മുള്ളും വാലുമെടുത്താണ് മീ ൻ സൂപ്പുണ്ടാക്കുക. ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയെല്ലാം  ചതച്ചിട്ട് വെളിച്ചെണ്ണയിൽ വ ഴറ്റും. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിക്കും. നല്ല മണം മൂക്കിലേക്കടിച്ചു കയറുമ്പോൾ മീൻമുള്ളു ചേർത്തു തിളപ്പിക്കാം. കറിവേപ്പില താളിച്ചൊഴിച്ച് സ്വാദിനു വേണ്ടി അൽപം വിനാഗിരി ചേർത്താൽ മീൻ സൂപ്പ് റെഡി.

 സൂപ്പിനു  കോംബിനേഷനായി ഒരു പാവം വെണ്ടയ്ക്ക കറിയുമുണ്ട്. വെണ്ടയ്ക്കയുടെ തലയും വാലും  കളഞ്ഞ് ആവിയി ൽ വേവിച്ചെടുക്കും. സവാളയും പച്ചമുളകും  അരിഞ്ഞതും  കറിവേപ്പിലയും  കൂടി  വഴറ്റിയതിൽ മുളകുപൊടിയിട്ടു മൂത്തു വരുമ്പോൾ വെണ്ടയ്ക്ക ചേർത്ത് മൊരിയിച്ചെടുക്കും.’’

മാരേജിനുണ്ടാക്കുന്ന മാട്രിമോണി    

‘‘പണ്ടൊക്കെ വിരുന്നുകൾക്ക് കോക്കനട്ട് റൈസും ബോൾ കറിയും പിക്കിളും പപ്പടവുമാണ് പതിവ്. ബീഫ് മിൻസ് ചെയ്തുണ്ടാക്കുന്ന കോഫ്ത കറി തന്നെയാണ് ബോൾ കറി. സ്റ്റാർട്ടറായി ഡെവിൾ ഫ്രൈ ഉണ്ടാവും.’’

ഡെവിൾ ഫ്രൈയോ...? കണ്ണു രണ്ടും ബൾബായതു കണ്ട് ഈഡിത്ത് ആന്റി നനുക്കെ ചിരിച്ചു.

_REE3351

‘‘ബീഫ് വലിയ കഷണങ്ങളായി മുറിച്ച് കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചതച്ചതും വറ്റൽ മുളക് നീളത്തിൽ കീറി അരി കളഞ്ഞതും ഉപ്പും ചേർത്ത് വേവിക്കും. വെന്തു കഴിയുമ്പോൾ ഇറച്ചിക്കഷണങ്ങൾ പിച്ചിപിച്ചിയെടുക്കും. ഇറച്ചി വെന്ത മസാല മിക്സിയിലാക്കി നന്നായി അടിച്ചു വയ്ക്കും. ഒരു കപ്പ് ചുവന്നുള്ളി അരിഞ്ഞതും വറ്റൽമുളക്  ചതച്ചതും കറിവേപ്പിലയും കൂടി നന്നായി മൊരിയിച്ചതിലേക്ക് ഇറച്ചിയും അടിച്ചെടുത്ത മസാലയും വിനാഗിരിയും ഒരു ചെറിയ സ്പൂൺ പ ഞ്ചസാരയും ചേർത്ത് പറ്റിച്ച് ഡ്രൈ ആക്കിയെടുത്താൽ ഡെവി ൾ ഫ്രൈ ആയി. കറുത്ത് പൊടിപൊടിയായിരിക്കുന്നതു കൊ ണ്ടാകാം ഈ പേര് വന്നത്.’’

‘‘എന്നാലിനി ചിരിപ്പിക്കുന്ന പലഹാരം പറയാം. കല്യാണങ്ങൾക്കു നിർബന്ധമായും  ഉണ്ടാക്കിയിരുന്ന മാട്രിമോണിയെന്നൊരു പലഹാരമുണ്ട്. ഒരു കിലോ കശുവണ്ടിപരിപ്പ് പൊടിക്കുക. ഒന്നരക്കിലോ പഞ്ചസാര പാനിയാക്കിയതിലേക്ക് പൊടിയും  ഒരു നുള്ള് പിങ്ക് കളറും  ബദാം എസ്സൻസും ചേർത്ത് കുറുക്കിയെടുക്കുക. അതിനുശേഷം വെണ്ണ പുരട്ടിയ പാത്രത്തിൽ പരത്തി തണുക്കുമ്പോൾ ഡയമണ്ട് ഷേപ്പിൽ മുറിച്ചെടുക്കുക. ഇതു കല്യാണവീട്ടിൽ ചെല്ലുമ്പോൾ വിളമ്പിയിരുന്ന മധുരമാണ്. അതുപോലെ റോസ് കുക്കീസും കുൽകുൽസുമുണ്ടാകും. പേരുകേട്ട് അമ്പരക്കേണ്ട. അച്ചപ്പത്തിനെയും ചീപ്പപ്പത്തിനെയുമാണ് ഈ വിദേശ പേരിട്ട് വിളിക്കുന്നത്.’’ ഈഡിത്ത് ആന്റി ചിരിയുെട ഓളത്തിലായി.

ഇൻഡസ്ട്രീസ് ഡിപാർട്മെന്റിൽ നിന്ന് റിട്ടയർ ചെയ്തയാളാണ് ഈഡിത്ത് ആന്റി. ‘‘ജോലി കിട്ടിയപ്പോൾ ഫ്രോക്ക് ഒ ക്കെയിട്ടാണ് ആദ്യം പോയിരുന്നത്. എല്ലാവരും കളിയാക്കിയപ്പോഴാണ് സാരിയിലേക്കു മാറിയത്. ’’

രുചിയുടെ രാജാവ്

വിശപ്പിന്റെ തിരയിളക്കം അടങ്ങിയത് ചന്ദ്രൻപിള്ളയുടെ ഊ ണുകടയിലെത്തിയപ്പോഴായിരുന്നു. തങ്കശ്ശേരിയിൽ നിന്നു മൂന്നു കിലോമീറ്റർ പോയാൽ തിരുമുല്ലവാരമായി. കേരളത്തിലെ മനോഹരമായ കടൽത്തീരം കൂടിയാണ് ഇത്. ബീച്ചിനടുത്ത പറമ്പിൽ നിരനിരയായി കിടക്കുന്ന കാറുകളാണ് ചന്ദ്രൻപിള്ളച്ചേട്ടന്റെ കടയുടെ ലക്ഷണം. നിരത്തിയിട്ട അഞ്ചാറു ബഞ്ചും ഡസ്കുകളുമായി ആർഭാടമില്ലാത്തൊരു കുഞ്ഞു ഹോട്ടൽ.

കുറച്ചു കാത്തുനിന്നാണ് ഇരിക്കാൻ ഇടം കിട്ടിയത്. മുന്നിലിരുന്ന വെള്ളയും വെള്ളയുമിട്ട രണ്ടുപേരുടെ മുന്നിൽ വലിയൊരു പാത്രത്തിൽ, ചുവന്ന നിറത്തിൽ, കൂറ്റനൊരു തലക്കറിയിരിക്കുന്നതു കണ്ട് ഞെട്ടിപ്പോയി. തൊട്ടുകൂട്ടാൻ ഇലയിൽ ഇത്തിരി കപ്പയുണ്ട്. മലയാളിയുടെ ആചാരമെന്നപോലെ മീൻതലയെ ആദ്യം ഫോൺ ക്യാമറയ്ക്കുള്ളിലാക്കി. പിന്നെ, രണ്ടറ്റത്തു നിന്നായി കീഴടക്കാൻ തുടങ്ങി. അതൊരു സ്വാദു കിനിയുന്ന കാഴ്ചയായിരുന്നു.

ഞണ്ട്, ചെമ്മീൻ, കൊഞ്ച്, കണവ, മീൻ വറുത്തത്, വച്ചത് ചന്ദ്രൻചേട്ടന്റെ കടയിൽ കിട്ടാത്ത കടൽ വിഭവങ്ങളില്ല. 365 ദിവസവും ഈ വിഭവങ്ങളെല്ലാം വിളമ്പും ചന്ദ്രൻചേട്ടൻ. തിരക്കായതുകൊണ്ട് ചന്ദ്രൻചേട്ടന്റെ ഭാര്യ അമ്മിണിചേച്ചിയാണ് വിശേഷം പറഞ്ഞത്.

‘‘ പൊലർച്ചെ പോയി നീണ്ടകര ശക്തികുളങ്ങരേന്ന് എടുത്തോണ്ട് വരുന്നതാണ് ഇതെല്ലാം. അരപ്പിന്റെയെല്ലാം കൂട്ട് ചേട്ടനേ അറിയത്തുള്ളൂ. നന്നാക്കലും ബാക്കിയെല്ലാ പണിയും ഞാനും പണിക്കാരും ചെയ്യുമെങ്കിലും ചേരുവ കൂട്ടാൻ സമയമാകുമ്പോൾ ചേട്ടൻ വരും. കയ്യളവാണ്, നമുക്കത് പിടികിട്ടില്ല. ആ രുചി തേടിയാണ് ഇക്കണ്ട മനുഷ്യരൊക്കെ വന്നു കൂടുന്നത്. അഞ്ചു മക്കളെ പഠിപ്പിച്ചതും കല്യാണം കഴിപ്പിച്ചതും ഈ ഹോട്ടല് കൊണ്ടാണ്.’’

_REE3437

ക്ലാത്തി മൂപ്പിച്ചതിന്റെ കൂടെ ചീനി

നേരം വെയിൽ ചായുന്നതേയുള്ളൂ. ലൈറ്റ്ഹൗസ് തലയെടുപ്പോടെ എത്തിനോക്കുന്നുണ്ട്. കയറിക്കയറി ആകാശത്തുമ്പത്ത് എത്തി നോക്കുമ്പോൾ കടലിൽ ബോട്ടുകൾ പല വർണ കടലാസു തോണികളെ പോലെ നിരന്നു കിടക്കുന്നു. കടലി ലേക്ക് നീണ്ടു പോകുന്ന പാത വല്ലാതെ മോഹിപ്പിച്ചു. ആർത്തിരമ്പുന്ന കടലിനു നടുവിലെ കടൽപാലത്തിലൂടെ ഏകയായി നടന്നു പോവുക. ഇരമ്പിയാർക്കുന്ന തിരമാലകൾക്കിടയിൽ ഒരു വേള നിശ്ശബ്ദയാവുക. ശാന്തമായി പിൻമടങ്ങുക.

ലൈറ്റ് ഹൗസിനടുത്തു തന്നെയാണ് ബ്രിട്ടിഷുകാരുടെ   കോട്ടയും അവരെ സംസ്കരിച്ചിരിക്കുന്ന മയവാടിയും. ഹാർബറിനു മുന്നിലെത്തിയപ്പോൾ ഒച്ചയും കൂക്കുവിളിയും േകട്ടു. മീൻ ബോട്ട് വന്നതിന്റെയാണ്. ‘‘മീനിന് മീനിന്റെ വെല പറയ്, അല്ലാതെ പരിപ്പിന്റെ വെല പറയല്ലേ’’ നിരത്തിലിരുന്ന് മീൻ വിൽക്കുന്ന ചേച്ചിയാണ്.

‘‘ക്ലാത്തി മൂപ്പിച്ചത് കഴിച്ചിട്ടുണ്ടോ?’’ ആലോചിക്കാൻ സമയം കിട്ടുന്നതിനു മുൻപേ ഹാർബറിനു മുന്നിലെ വീട്ടിലെ അ നു ജസ്റ്റിൻ ഉറപ്പിച്ചു പറഞ്ഞു.‘‘ഉണ്ടാവില്ല, ഇതു ഞങ്ങൾക്കു മാത്രം കിട്ടുന്ന മീനാണ്. അച്ചാച്ചൻ കടലിപ്പോയി വന്നപ്പോ കൊണ്ടുവന്നതാണ്. വല്ലപ്പോഴുമേ കിട്ടൂ. തൊലിയൊക്കെ പൊളിച്ച് കഴുകി വൃത്തിയാക്കുമ്പോൾ നെയ്യെടുത്ത് മാറ്റി വയ്ക്കും. അതിലാണ് ക്ലാത്തി പൊള്ളിക്കുക. ചട്ടുകം കൊണ്ട് ചട്ടിയിലിട്ടുതന്നെ കൊത്തിക്കൊത്തിയെടുക്കും. മുളകും ഉപ്പും ചേർത്ത്  മൂപ്പിച്ചെടുക്കും.ചോറിനും ചീനിക്കും നല്ലതാണ്.

എപ്പോഴും കിട്ടാത്ത വേറൊരു വിഭവം കാളനാക്ക് വറുത്തത്താണ്. അതുമൊരു തങ്കശ്ശേരി സ്പെഷ‌ലാണ്. കാളനാക്ക്   വൃത്തിയാക്കി എണ്ണയിൽ വറുത്തെടുക്കും. ഉള്ളിയും പച്ചമുളകും കുരുമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റിയതിലേക്ക് നാക്കു ചേർത്തു വരട്ടിയെടുക്കും. കടലിപ്പോയി അധ്വാനിക്കുന്നോർക്ക് ശക്തി കിട്ടാൻ കൊടുക്കുന്ന കറിയാണിത്.’’ എന്റമ്മോ! എന്തൊരു ഹൊറർ കറിയെന്ന് മറ്റു നാട്ടുകാർ പറയുമെങ്കിലും തങ്കശ്ശേരിക്ക് ഇത് നാട്ടുതനിമയുടെ രുചിയാണ്.

തങ്കശ്ശേരിക്കാർക്ക് മാനം നോക്കിയാലറിയാം, വലയിൽ കുരുങ്ങുന്ന മീനേതാണെന്ന്.‘ഏറ്റവും ടേസ്റ്റുള്ള മീനേതാണ്?’ ‘‘ഐസിടാതെ പച്ചയ്ക്കു കിട്ടുന്നതുകൊണ്ട് എല്ലാ മീനും ടേസ്റ്റാണ്.’’ അനുവിനു സംശയമേതുമില്ല. അല്ലെങ്കിലും രുചിയുടെ അടിത്തട്ടോളം ചെന്നെത്തിയവർ ഏതു രുചികളെയാണ് തള്ളിക്കളയുക...

രുചി മാത്രമല്ല, ഓർമകളുമാണ്...

_REE3413

ക്രിസ്മസ് കാലമായാൽ മുന്തിരി വൈനുണ്ടാക്കും. അടുത്തുള്ളവർക്കും അതിഥികൾക്കും ഓരോ കുപ്പി വൈ    നും കേക്കും കോക്കനട്ട് ബർഫിയും ക്രിസ്മസ് സന്തോഷമായി സമ്മാനിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. പാതിരാകുർബാന കഴിഞ്ഞ് എല്ലാവരും ഒരു ഹാളിൽ ഒരുമിച്ചു കൂടും. പിന്നെ, പാട്ട്, ഡാൻസ്, ഭക്ഷണം. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നേരം വെളുക്കും. ഇപ്പോഴും തങ്കശ്ശേരിക്കു പുറത്തുള്ളവർ ക്രിസ്മസിന് വീട്ടിലെത്താൻ ശ്രമിക്കാറുണ്ട്.

‘‘മമ്മിയുണ്ടാക്കുന്ന കുക്കുംബർ സാലഡ് വെറൈറ്റിയാണ്.’’ മരുമകൾ റീനി  അമ്മയ്ക്ക് ഫുൾ മാർക്കു കൊടുത്തു. വെള്ളരിക്ക വട്ടത്തിൽ നേരിയ സ്ലൈസുകളാക്കി മുറിച്ചെടുക്കും. തൊലി നീക്കിയ ശേഷം ചുരുളുകൾ പോ ലെ മുറിയാതെ ചീകിയെടുക്കും. അതിൽ സവാള അരിഞ്ഞതും പച്ചമുളകും ചേർത്ത് തിരുമ്മി വയ്ക്കും. വിളമ്പുന്നതിനു മുൻപ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കും.

മീൻ കറി ആഘോഷമാണ്

_REE3449

ഹാർബറിനു മുന്നിലെ ജോബി ഹോട്ടലിൽ വച്ചാണ് ഷേർലി ചേച്ചിയെ കണ്ടുമുട്ടിയത്. ‘‘ഇവിടെ പാചകം ചെയ്യുന്നത് ഞാനാണ്. ഞാൻ വയ്ക്കുന്ന എരു കറി തൊട്ടു നാക്കേൽ വച്ചാൽ പിന്നെ, വേറെയെവിടത്തെ മീൻകറിയും പിടിക്കില്ലെന്ന് ഇവിടെ കഴിക്കാൻ വരുന്ന ഹാർബറിലെ പണിക്കാര് പറയാറുണ്ട്. നിങ്ങളൊന്നു കൂട്ടിനോക്കിയേ...’’

ചീനി പുഴുങ്ങിയതും കൂട്ടി കഴിച്ചപ്പോൾ സർട്ടിഫിക്കറ്റ് ഏഴെണ്ണം കൊടുത്താലും പോരെന്നു തോന്നി, അത്രയ്ക്കു രുചി. ചോദിക്കാതെ തന്നെ ഷേർലി റെസിപ്പി പറഞ്ഞു തുടങ്ങി.‘‘മുളകുപൊടി, മഞ്ഞൾപ്പൊടി, തക്കാളി എന്നിവ മിക്സിയിൽ അടിച്ചെടുക്കും. കൊച്ചുള്ളി, ഇ‍ഞ്ചി, പച്ചമുളക് എണ്ണയിൽ വഴറ്റി, അരച്ച മസാലയിട്ടു മൂപ്പിച്ച് ഒരു തക്കാളിയും വടക്കൻ പുളിയും വെള്ളവും ചേർത്ത് തിളച്ചു വരുമ്പോൾ മീൻ മുറിക്കാതെ പെറുക്കിയിടും. വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ കറിവേപ്പിലയിട്ട് ഇറക്കി വയ്ക്കും.

തേങ്ങ അരച്ചു വയ്ക്കുന്ന ഒറ്റക്കറിക്കും രുചിയാണ്. തേങ്ങയും മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും  കൊച്ചുള്ളിയും മിക്സിയിലരയ്ക്കും. കടുകു പൊട്ടിച്ച് ത ക്കാളി വഴന്നു വരുമ്പോൾ അരപ്പു ചേർത്ത് മൂപ്പിക്കും. പുളിവെള്ളവുമൊഴിച്ച് തിളയ്ക്കുമ്പോൾ മീൻ ഇട്ടു വേവിക്കും. മസാല മിക്സിയിലടിച്ചു വച്ചാൽ കറി കുറുകിയിരിക്കും.

മീൻ കറിയില്ലാത്ത ഒരു ദെവസമില്ല. എത്ര ആഘോഷമാണേലും സ്വൽപം മീൻ കറി വേണം. അല്ലേൽ ഞങ്ങൾ തങ്കശ്ശേരിക്കാർക്ക് ചോറെറങ്ങില്ല.’’

Tags:
  • Pachakam