Thursday 03 August 2023 12:58 PM IST : By സ്വന്തം ലേഖകൻ

അപാര രുചിയിൽ പോർ‌ക്ക് പിരളൻ, അതും പ്രഷർ കുക്കറിൽ!

pork

പോർക്ക് പിരളൻ

1.കൊഴുപ്പോടു കൂടിയ പോർക്കിറച്ചി ഉലർത്തിറച്ചിക്കു നുറുക്കുന്നതു പോലെ ചെറിയ കഷണങ്ങളാക്കിയത് – ഒരു കിലോ

2.ചുവന്നുള്ളി – ഒരു കപ്പ്

വെളുത്തുള്ളി – 12

പച്ചമുളക് – ആറ്

ഇഞ്ചി, നീളത്തിലരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

കടുക് – രണ്ടു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

3.വെള്ളം – രണ്ടു കപ്പ്

4.വലിയ നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി കുറുകെ പിഴിഞ്ഞെടുത്തത് – കാൽ കപ്പ്

6.മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഉരുക്കിയ നെയ്യ് – ഒരു ചെറിയ സ്പൂൺ

ഉണക്ക മല്ലി – നാലു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

7.പച്ചമുളക് – 10 (അരി കളഞ്ഞു രണ്ടായി മുറിക്കണം)

ചെറിയ ഇനം വെളുത്തുള്ളിയല്ലി – 12, തൊലി കളഞ്ഞത്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവകൾ ചതച്ചു വയ്ക്കുക.

∙രണ്ടു കപ്പു വെള്ളം പ്രഷർ കുക്കറിൽ വെട്ടിത്തിളയ്ക്കുമ്പോൾ ചതച്ചമസാല, ഇറച്ചി, പുളിവെള്ളം, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് ഇറച്ചിക്കു മയം വരുന്നതുവരെ ചെറുതീയിൽ വേവിക്കുക.

∙പ്രഷർ കുക്കറിന്റെ മൂടി തുറന്ന് ഇറച്ചി ചീനച്ചട്ടിയിലേക്കു പകർന്നു, നെയ്യ് തെളിയുന്നതു വരെ, വെള്ളം വറ്റിക്കുക.

∙ഇറച്ചിയുടെ കൊഴുപ്പിൽ തന്നെ കിടന്നു മൊരിയുന്നതു കൊണ്ട് അതിനു കറുപ്പു നിറം വരും.

∙ഒരു ചെറിയ സ്പൂൺ നെയ്യിൽ ആറാമത്തെ ചേരുവകൾ മൂപ്പനുസരിച്ച് ഓരോന്നായി മൂപ്പിച്ചു പൊടിക്കുക.

∙പച്ചമുളകിന്റെ അരി കളഞ്ഞ് ഓരോന്നും ഈരണ്ടാക്കിയതും വെളുത്തുള്ളിയല്ലിയും അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു നിറം പോകാതെ വാട്ടണം.

∙അവസാനം മൊരിഞ്ഞ പോർക്കിറച്ചിയിൽ പൊടിച്ച മസാലയും പച്ചമുളകും വെളുത്തുള്ളി തയാറാക്കിയതും തൂവി ചേരുവകൾ രണ്ടു മിനിറ്റു മൊരിയുമ്പോൾ വാങ്ങി ചൂടോടെ ഉപയോഗിക്കുക.