Wednesday 17 April 2024 04:44 PM IST : By Deepthi Philips

കൊതിയൂറും മത്തി വരട്ട് കുക്കറിൽ, തയാറാക്കാം ഈസിയായി!

cooker mathiii

മത്സ്യവിഭവങ്ങള്‍ക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതില്‍ മത്തിക്കുള്ള സ്ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ഇതില്‍ തന്നെ വിവിധ വിഭവങ്ങള്‍ തയാറാക്കുന്നത് നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി മത്തി അല്‍പം കുരുമുളകിട്ട് വരട്ട് തയാറാക്കിയാലോ. കൊതിയൂറും മത്തി വരട്ട് കുക്കറിൽ വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ

1.മത്തി/ ചാള - 750 ഗ്രാം

2.വെളുത്തുള്ളി - 12

3.ഇഞ്ചി - ഒന്നര ഇഞ്ച് നീളത്തിൽ ഒരു കഷണം

4.ചെറിയ ഉള്ളി - 2 എണ്ണം

5.പച്ചമുളക് - മൂന്നെണ്ണം

6.കറിവേപ്പില - കുറച്ചധികം

7.ഉപ്പ് - ആവശ്യത്തിന്

8.മുളകുപൊടി - 2 ടീസ്പൂൺ

9.കുരുമുളകുപൊടി - ഒരു ടേബിൾ സ്പൂൺ

10.മഞ്ഞൾപ്പൊടി - മുക്കാൽ ടീസ്പൂൺ

11.പെരുംജീരകം - മുക്കാൽ ടീസ്പൂൺ

12.നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ

13.വെളിച്ചെണ്ണ - 5 ടേബിൾ സ്പൂൺ

14.ഇഞ്ചി ചതച്ചത് - അര ടീസ്പൂൺ

15.വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ

16.ചെറിയ ഉള്ളി ചതച്ചത് - കാൽ കപ്പ്

17.വെള്ളം - ഒരു ടേബിൾ സ്പൂൺ

18.വാളൻപുളി - ചെറിയ നെല്ലിക്ക വലിപ്പത്തിൽ

തയാറാക്കുന്ന വിധം

•വാളൻപുളി രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ അലിയാൻ ആയിട്ട് ഇടുക.

∙മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് വെളുത്തുള്ളിയും, ഇഞ്ചിയും, ചെറിയ ഉള്ളിയും, ഒരു പച്ചമുളകും, ഒരു തണ്ട് കറിവേപ്പിലയും, മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, കുരുമുളക് പൊടിയും, പെരുംജീരകവും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും, ഒരു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

•നന്നായി കഴുകി വൃത്തിയാക്കിയ മത്തിയിലേക്ക് ഇത് നന്നായി തേച്ചു പിടിപ്പിക്കാം ശേഷം ഇത് 30 മിനിറ്റ് മാറ്റിവയ്ക്കുക.

•ഇനി കുക്കർ എടുത്ത് അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം നമ്മൾ നേരത്തെ ചതച്ചുവച്ച ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, ഇഞ്ചിയും, മൂന്ന് പച്ചമുളകും കൂടിയിട്ട് നന്നായി വഴറ്റി എടുക്കുക. ഇത് നന്നായി വഴന്നുകഴിഞ്ഞാൽ കറിവേപ്പില അതിൻറെ മുകളിൽ ആയിട്ട് നിരത്തി വയ്ക്കാം. തണ്ടോടുകൂടി വേണം നിരത്തി വയ്ക്കാൻ ആയിട്ട് ശേഷം നേരത്തെ മാരിനേറ്റ് ചെയ്തു വെച്ച മത്തിയും കൂടെ ഇതിൻറെ മുകളിൽ നിരത്തിവെച്ച് പുളി വെള്ളം കൂടി ഒഴിച്ച് കുക്കർ അടച്ച് ഒരു വിസിൽ വരുന്നവരെ ചെറിയ തീയിൽ വേവിക്കുക.

∙ഒരു വിസിൽ വന്നു കഴിഞ്ഞാൽ മത്തി റെഡിയായി ചൂടോടെ തന്നെ ഇത് വിളമ്പാം. ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഇത് ബെസ്റ്റ് കോമ്പിനേഷനാണ്.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam