Wednesday 05 September 2018 05:20 PM IST : By സ്വന്തം ലേഖകൻ

മലബാർ സ്റ്റൈൽ അയല മുളകിട്ട കറി; ചപ്പാത്തിയുടെയും പൊറോട്ടയുടെയും കൂടെ അസ്സൽ ടേസ്റ്റ്!

ayala-mulakittathu-chrry67

അയല മുളകിട്ട കറി പല സ്ഥലത്തും പലതരത്തിലാണ് ഉണ്ടാകാറുള്ളത്. ഈ മലബാർ സ്റ്റൈൽ അയല കറിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. ഇത്തവണ ഒരു ടിപ്പിക്കൽ മലബാർ സ്റ്റൈൽ അയല കറിയാണ് പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

അയല  - 250 ഗ്രാം
തക്കാളി  – 1
ചെറിയുള്ളി  – 2
പച്ചമുളക്  -1
വെളുത്തുള്ളി  – 6 ഇതൾ
ഇഞ്ചി  – 1 ടി സ്പൂൺ
മഞ്ഞൾ പൊടി  – 1 ടി സ്പൂൺ
മുളക് പൊടി  – 2 ½ ടി സ്പൂൺ
ആവശ്യത്തിന് ഉപ്പ്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
പുളി പുഴിഞ്ഞ വെള്ളം  – ½ കപ്പ്

തയാറാക്കുന്ന വിധം

ആദ്യമായി അയല വെട്ടി കഴുകി ഒരു മൺചട്ടിയിൽ എടുക്കുക. ഉപ്പും, മഞ്ഞൾ പൊടിയും, മുളക് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് മിക്സ് ചെയ്തു ഒരു പത്തു മിനിറ്റ് മാറ്റിവയ്ക്കുക. ഇനി അരിഞ്ഞു വച്ച തക്കാളി, പച്ചമുളക്, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ അയലയിൽ ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ½ കപ്പ് വെള്ളം ഒഴിച്ച് ചട്ടി അടച്ചു വച്ച് പാചകം ചെയ്യുക. അയല വെന്തു വന്നാൽ കുറച്ചു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ച് സ്റ്റോവ് ഓഫ് ചെയ്യുക. ഈ മുളകിട്ട അയല കറി ചപ്പാത്തിയുടെയും പൊറോട്ടയുടെ കൂടെയും കഴിക്കുമ്പോളുള്ള രുചി പറഞ്ഞറിയിക്കാൻ പറ്റില്ല.

മലബാർ സ്റ്റൈൽ അയലക്കറി ഉണ്ടാക്കുന്ന വിഡിയോ ചുവടെ;

റെസിപ്പി: മിനു അഷീജ്