Friday 20 March 2020 12:26 PM IST : By രമ്യ നായർ

ആറു മാസം വരെ കേടാകില്ല; രുചികരമായ നാടൻ കണ്ണിമാങ്ങ അച്ചാർ എളുപ്പത്തിൽ!

mango-pickle443566

കണ്ണിമാങ്ങ അച്ചാർ ഇങ്ങനെ തയാറാക്കിയാൽ ആറു മാസം വരെ കേടുവരില്ല.

ചേരുവകൾ

കണ്ണിമാങ്ങ – ¾ കിലോ

ഉലുവ പൊടിച്ചത് – 1 ടീസ്പൂൺ

കടുക് ചതച്ചത് – 1 ½ ടീസ്പൂൺ

കല്ലുപ്പ് – ആവശ്യത്തിന്

തിളപ്പിച്ചാറിയ വെള്ളം – ആവശ്യത്തിന്

മുളകു പൊടി – 10 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം കണ്ണിമാങ്ങ നന്നായി കഴുകി തുടച്ചെടുക്കുക. അതിനു ശേഷം കണ്ണിമാങ്ങയുടെ കുറച്ച് ഞെട്ട് കണ്ണിമാങ്ങയിൽ നിൽക്കുന്നവിധം അതിന്റെ ബാക്കിയുള്ള ഞെട്ട് കളയുക. കുറച്ച് കറ അതിൽ വേണം. ഇനി ഒരു കൽഭരണി എടുത്ത് കല്ലുപ്പ് കുറേശ്ശെ ഇട്ടു കൊടുക്കുക. ഒരു ലെയർ മാങ്ങ ഇട്ട് കൊടുക്കുക അതിനു ശേഷം മുളക് പൊടി മിക്സ് ചെയ്തത് (മുളക് പൊടി തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് മിക്സിയില്‍ അടിച്ചെടുത്തത്) പകുതിയോളം ഒഴിച്ചു കൊടുക്കുക. വീണ്ടും ബാക്കിയുള്ള മാങ്ങ അതിനു മേലെയായി ഇട്ടു കൊടുക്കുക. അതിന് നേർക്കെ തിളപ്പിച്ച് ആറിയ വെള്ളം ഒഴിക്കുക. 

ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി (ഉലുവ വറുത്തു പൊടിച്ചത്) ചേർക്കുക. അതിന്റെ കൂടെ ഒന്നര സ്പൂൺ കടുക് ചതച്ചത് (കടുക് അരഞ്ഞു പോകാതെ ശ്രദ്ധിക്കുക) ചേർക്കുക. അതിനുശേഷം നല്ലെണ്ണയിൽ മുക്കിയ ഒരു കഷണം വെള്ള കോട്ടൺ തുണി ഇതിനു മുകളിലായി മടക്കി ഇട്ട ശേഷം ഭരണിയുടെ വാ ഒരു കോട്ടൺ തുണി (വെള്ളത്തുണി) ഉപയോഗിച്ച് മൂടി കെട്ടി വയ്ക്കുക. ഇങ്ങനെ ആറു മാസം വരെ വയ്ക്കുക. അതിനു ശേഷം ഉപയോഗിക്കാം.

Tags:
  • Pachakam