'പപ്പിയെ വാങ്ങിയാൽ നാടുവിട്ടു പോകാനിരുന്നയാളാ'; കമലയുടെ ക്യൂട്ട് വിഡിയോ പങ്കുവച്ച് അശ്വതി ശ്രീകാന്ത് Kamala's adorable interaction with a puppy
വീട്ടിൽ ഒരു കുസൃതിക്കുടുക്ക ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയുകയേയില്ല. കുഞ്ഞുമക്കളുടെ കുറുമ്പും കൊച്ചുവർത്താനങ്ങളും അത്രയേറെ ഹൃദയത്തിൽ സ്പർശിക്കാറുണ്ട്. വീട്ടിലെ രണ്ട് കുസൃതിക്കുടുക്കളുടെ വിശേഷങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. ഇളയമകൾ കമലയുടെ ഒരു കുഞ്ഞി തമാശയാണ് അശ്വതി ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത് പപ്പിയെ വാങ്ങിയാൽ നാടുവിട്ടു പോകുമെന്ന് പറഞ്ഞ കമല പപ്പിക്കൊപ്പം കളിക്കുകയും കൊഞ്ചിക്കുകയും ചിരിക്കുകയും ചെയ്യുന്ന വിഡിയോ ആണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്.
' പപ്പിയെ വാങ്ങിയാൽ നാട് വിട്ട് പോകും എന്ന് പറഞ്ഞ കമലയാണ്' എന്ന അടിക്കുറിപ്പിനൊപ്പമാണ് മനോഹരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പപ്പിയെ കമല കെട്ടിപ്പിടിക്കുന്നതും പപ്പിക്കൊപ്പം കളിക്കുന്നതും പപ്പിക്ക് ഉമ്മ കൊടുക്കുന്നതും എല്ലാം ക്യൂട്ട് നിമിഷങ്ങളായി വിഡിയോയിൽ കാണാം.
മനസു നിറയ്ക്കുന്ന കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഇങ്ങനെ ആണേൽ ചേച്ചിയോടും പപ്പയോടും കടക്ക് പുറത്ത് എന്ന് പറയുവോ', 'അത് അങ്ങനെയാ ഇനി അവൻ ഇല്ലാതെ പറ്റാതാവും', 'പപ്പി നാട് വിടാണ്ട് നോക്കിയ മതി', 'കമലയെ പറ്റി ഇനി ഇങ്ങനെ പറഞ്ഞാൽ അമ്മയെ അവൾ നാട് കടത്തും' എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.
എന്തായാലും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ വൈറലായിട്ടുണ്ട്.