അമ്മ എന്ന ടാഗ്ലൈന്റെ ഭാരം; മോം ഗിൽറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു നേരിടാൻ പഠിക്കാം Common Triggers of Mom Guilt: From Food Choices to Career Conflicts
‘എനിക്ക് ഒന്നും സാധിക്കുന്നില്ലല്ലോ, മോശം അമ്മയായതു കൊണ്ടാകും അങ്ങനെ...’ നിരന്തരമുള്ള ഈ തോന്നലിനെയാണു ‘മോം ഗിൽറ്റ്’ എന്നു വിളിക്കുന്നത്.
‘എനിക്ക് ഒന്നും സാധിക്കുന്നില്ലല്ലോ, മോശം അമ്മയായതു കൊണ്ടാകും അങ്ങനെ...’ നിരന്തരമുള്ള ഈ തോന്നലിനെയാണു ‘മോം ഗിൽറ്റ്’ എന്നു വിളിക്കുന്നത്.
‘എനിക്ക് ഒന്നും സാധിക്കുന്നില്ലല്ലോ, മോശം അമ്മയായതു കൊണ്ടാകും അങ്ങനെ...’ നിരന്തരമുള്ള ഈ തോന്നലിനെയാണു ‘മോം ഗിൽറ്റ്’ എന്നു വിളിക്കുന്നത്.
അമ്മ എന്ന ‘ടാഗ്‌ലൈൻ’ വലിയ ഉത്തരവാദിത്തങ്ങളുടെ ഭാരമാണെന്നാണു വയ്പ്. അമ്മ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെയുള്ള പല നിബന്ധനകളും സമൂഹവും കുടുംബവും കൽപിച്ചുവച്ചിട്ടുണ്ട്. ഈ ‘കൽപന’കളുടെ അടിസ്ഥാനത്തിൽ സ്വയം മാർക്കിട്ട്, ‘എനിക്ക് അതൊന്നും സാധിക്കുന്നില്ലല്ലോ, മോശം അമ്മയായതു കൊണ്ടാകും അങ്ങനെ...’ എന്നു മിക്കവർക്കും തോന്നിയിട്ടുണ്ടാകും. നിരന്തരമുള്ള ഈ തോന്നലിനെയാണു ‘മോം ഗിൽറ്റ്’ എന്നു വിളിക്കുന്നത്.
മകൻ ജനിച്ച ശേഷം തിരികെയെത്തിയ ടെന്നീസ് താരം സാനിയ മിർസ ഒരു അഭിമുഖത്തിൽ പറഞ്ഞത്, കരിയറും അമ്മ റോളും തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ മത്സരങ്ങളിൽ ശ്രദ്ധിക്കാനാകാത്ത ഘട്ടം പോലുമുണ്ടായി എന്നാണ്.
ഐശ്വര്യ റായ് മുതൽ ദീപിക പദുക്കോൺ വരെയുള്ള താരങ്ങളും ഇന്ദ്ര നൂയി അടക്കമുള്ള ബിസിനസ് അമ്മമാരും മോം ഗിൽറ്റ് അനുഭവിച്ചിട്ടുണ്ടെന്നു തുറന്നു പറയുന്നു. കരിയർ വേണോ, കുട്ടി മതിയോ എന്ന ചോദ്യം അവരെല്ലാം അഭിമുഖീകരിച്ചിട്ടുണ്ട് എന്നർഥം.
അമ്മയുടെ ശാരീരിക– മാനസിക ആരോഗ്യത്തെ തന്നെ താറുമാറാക്കുന്ന മോം ഗിൽറ്റിനെ തിരിച്ചറിയുന്നതു പ്രധാനമാണ്. ഫാമിലി ലൈഫ് ആൻഡ് പേരന്റിങ് കോച്ചായ അമൃത കെ. ഫ്രാൻസിസ് പറയുന്ന ടിപ്സ് അറിയാം.
ഗിൽറ്റ് വരുന്നതെങ്ങനെ?
- മോം ഗിൽറ്റിനു രണ്ടു ഘട്ടമുണ്ട്, ആക്‌ഷനും ഇനാക്‌ഷനും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിച്ചേനെ, അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നിങ്ങനെ ഉള്ള രണ്ടുതരം ചിന്തകളാണ് ഇവ. കുട്ടിക്കു വയറിന് അസുഖം വന്നെന്നു കരുതുക. പുറത്തുനിന്നു വാങ്ങിയ ഭക്ഷണമാണ് അതിനു കാരണമെന്നു സംശയമുണ്ടെന്നുമിരിക്കട്ടെ. ഞാൻ ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്നു എങ്കിൽ കുട്ടിക്ക് ഈ പ്രയാസം വരില്ലായിരുന്നു എന്നോർത്ത് അമ്മയ്ക്കു കുറ്റബോധം വരാം. ഇതിന്റെ പേരിൽ ഭർത്താവോ ബന്ധുക്കളോ കുറ്റപ്പെടുത്തുന്ന സാഹചര്യവും കൂടി ഉണ്ടായാലോ?
- ജോലിക്കായി കൂടുതൽ സമയം പുറത്തു ചെലവഴിക്കുന്നു എന്നു കരുതുക. കുട്ടിയുടെ കൂടെ ഇരിക്കാനാകുന്നില്ല എന്ന വിഷമം കുറ്റബോധത്തിലേക്കു നയിക്കാം.
- കുട്ടിയെ വളർത്തുക ഉത്തരവാദിത്തമുള്ള ജോലിയാണ്. അതിനിടെ ഇടയ്ക്കൊക്കെ പിടിവിട്ടുപോകുക സാധാരണമാണ്. ഇതിൽ ദേഷ്യപ്പെടുകയോ വിഷമിക്കുകയോ ചെയ്ത ശേഷം ‘ഞാനൊരു മോശം അമ്മയായതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചുപോയത്...’ എന്ന ആലോചനയും പേരന്റിങ്ങിൽ തോറ്റുപോകുന്നു എന്ന വിചാരവും അപകടമാണ്.
- പ്രസവത്തിൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നു കരുതുക. ഗർഭകാലത്ത് അമ്മ ശ്രദ്ധിക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന മട്ടിൽ ചുറ്റുമുള്ളവർ പറയുകയോ, അമ്മയ്ക്കു സ്വയം തോന്നുകയോ ചെയ്യുന്നതും കുറ്റബോധത്തിലേക്കു നയിക്കാം.
- കുട്ടിയെ നോക്കേണ്ടത് അമ്മയുടെ മാത്രം കടമയാണ് എന്നാണ് പലരുടേയും ധാരണ. ഇതിനൊപ്പം കുട്ടിക്കു വേണ്ടി എല്ലാം പെർഫെക്ടായി ചെയ്യണമെന്ന നിർബന്ധം, അതിനു സാധിച്ചോ എന്ന സെൽഫ് ക്രിട്ടിസിസം തുടങ്ങിയവയൊക്കെ അമ്മയെ സമ്മർദത്തിലാക്കാം.
- കുട്ടിക്കു വേണ്ടി സ്വയം ത്യജിച്ചു ജീവിക്കുന്ന അമ്മമാരുണ്ട് (ഇന്റൻസീവ് മദറിങ്). കുട്ടിയുടെ കാര്യത്തിലോ വീട്ടിലെ ‘കടമ’കളുടെ കാര്യത്തിലോ ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ അതാലോചിച്ച് ഇവരുടെ സമ്മർദം കൂടും. കുട്ടികളുടെ കാര്യങ്ങളിൽ ഭർത്താവ് സഹായിക്കുന്നു എന്നു കരുതുക. എനിക്കു ചെയ്യാനാകാത്തതു കൊണ്ടാണ് അതു വേണ്ടിവരുന്നത് എന്ന ചിന്തയാകും പിന്നെ.
- കുട്ടിയുടെ ഭക്ഷണം, പഠനം, ഉറക്കം എന്നിങ്ങനെ എല്ലാ കാര്യങ്ങളും അമ്മയുടെ മാത്രം ഉത്തരവാദിത്തം ആണെന്ന ചിന്ത സമൂഹത്തിനുണ്ട്. എന്നാൽ ഈ തലമുറയിലെ എല്ലാ അമ്മമാർക്കും മാതൃത്വം അത്ര സംതൃപ്തമായ മാനസികാവസ്ഥ നൽകണമെന്നു നിർബന്ധമില്ല. ജോലി ചെയ്ത് ആകെ മടുത്തുപോകുന്ന അവസ്ഥയും സഹായിക്കാൻ ആരുമില്ലെന്ന ചിന്തയും ഒക്കെ അവർക്കു സ്വാഭാവികമായി ഉണ്ടാകാം.